
യാത്രകൾ ഇപ്പോൾ വെറുമൊരു കാഴ്ചകാണൽ മാത്രമല്ല, പുതിയ മനുഷ്യരെ കണ്ടെത്താനും സൗഹൃദങ്ങൾ പങ്കിടാനുമുള്ള വേദിയായി മാറിക്കഴിഞ്ഞു. പ്രത്യേകിച്ച് ഇന്നത്തെ ജെൻ സി, മില്ലേനിയൽസ് തലമുറകൾക്കിടയിൽ. പണ്ട് പ്രായമായവർ തീർത്ഥാടനത്തിനും മറ്റും ഗ്രൂപ്പുകളായി പോയിരുന്ന ശൈലി ഇന്ന് അടിമുടി മാറിയിരിക്കുകയാണ്. അപരിചിതരായ ആളുകൾക്കൊപ്പം ചേർന്ന് വിദേശരാജ്യങ്ങൾ ചുറ്റിക്കാണുന്ന 'കമ്മ്യൂണിറ്റി ട്രാവൽ' എന്ന പുത്തൻ രീതിക്ക് ഇപ്പോൾ വൻ സ്വീകാര്യതയാണ് ലഭിക്കുന്നത്. ഇതിൽ യുവാക്കളുടെ ഏറ്റവും പ്രിയപ്പെട്ട ഡെസ്റ്റിനേഷനായി മാറിയിരിക്കുകയാണ് വിയറ്റ്‌നാം.
ഒറ്റയ്ക്ക് യാത്ര ചെയ്യാൻ താല്പര്യമുള്ള, എന്നാൽ പൂർണ്ണമായും ഒറ്റപ്പെട്ടുപോകാൻ ആഗ്രഹിക്കാത്തവരുമാണ് ഈ ട്രെൻഡിന്റെ പിന്നിൽ. ഒരേ തരം താല്പര്യങ്ങളുള്ള അപരിചിതർ ഒരു ഗ്രൂപ്പായി ചേർന്ന് യാത്ര ചെയ്യുന്നു. വിയറ്റ്‌നാം പോലുള്ള രാജ്യങ്ങളിൽ ഇത്തരം ഗ്രൂപ്പ് ടൂറുകൾ വഴി യാത്ര ചെയ്യുമ്പോൾ സുരക്ഷിതത്വത്തോടൊപ്പം തന്നെ പുതിയ സുഹൃത്തുക്കളെ ലഭിക്കുമെന്നതും യുവാക്കളെ ആകർഷിക്കുന്നുവെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. റിപ്പോർട്ട് പ്രകാരം, നോയിഡയിൽ നിന്നും ഡൽഹിയിൽ നിന്നുമുള്ള നിരവധി യുവതി-യുവാക്കൾ ഇത്തരം 'വാണ്ടർഓൺ' ഗ്രൂപ്പുകളുടെ ഭാഗമായി വിയറ്റ്‌നാമിലേക്ക് പറക്കുന്നുണ്ട്.
പല കാരണങ്ങൾ കൊണ്ടാണ് യുവാക്കൾ ഈ പുതിയ രീതിയിലേക്ക് മാറുന്നത്:
ഇന്ത്യൻ വിനോദസഞ്ചാരികൾക്ക് വിസ നടപടികൾ ലളിതമായതും കുറഞ്ഞ ചിലവിൽ മികച്ച അനുഭവങ്ങൾ ലഭിക്കുന്നതുമാണ് വിയറ്റ്‌നാമിനെ പ്രിയപ്പെട്ടതാക്കുന്നത്. ഹാനോയ്, ഡാ നാങ് , ഹോ ചി മിൻ സിറ്റി തുടങ്ങിയ സ്ഥലങ്ങളിലെ കൾച്ചറൽ വൈബും വിയറ്റ്‌നാമീസ് ഭക്ഷണരീതികളും ഇൻസ്റ്റാഗ്രാമബിളായ കാഴ്ചകളും യുവാക്കളെ വല്ലാതെ ആകർഷിക്കുന്നുണ്ട്.
പഴയകാലത്തെ ബോറിംഗ് ടൂർ പാക്കേജുകൾക്ക് പകരം, സാഹസികതയും പ്രാദേശിക സംസ്കാരവും കോർത്തിണക്കിയുള്ള ഇത്തരം കമ്മ്യൂണിറ്റി ട്രിപ്പുകൾ 2026-ലെ ഏറ്റവും വലിയ ട്രാവൽ ട്രെൻഡായി മാറുമെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ചുരുക്കത്തിൽ, അപരിചിതരായി യാത്ര തുടങ്ങുകയും സുഹൃത്തുക്കളായി മടങ്ങിയെത്തുകയും ചെയ്യുന്ന ഈ രീതി യാത്രകളുടെ പുതിയ മുഖമാണ്.