പുലികളുറങ്ങുന്ന നാട്ടിലെ പുണ്യാളന്‍റെ മുറ്റത്ത്

By James KottarappallyFirst Published Sep 6, 2019, 12:04 PM IST
Highlights

കടലില്‍ ഇരുകൂട്ടരും ശത്രുക്കളാണ്. എന്നാല്‍, ഈ ദീപിലെത്തുമ്പോള്‍ അവരെല്ലാം പുനിതര്‍ അന്തോണിയാരുടെ വിശ്വാസികള്‍ മാത്രമാണ്. രാജ്യാതിര്‍ത്തികളും ശത്രുതയുമൊന്നും ഇവിടില്ല. ജെയിംസ് കൊട്ടാരപ്പള്ളി എഴുതുന്നു

ഒരുമാസത്തോളമുള്ള നിരന്തരമായ പരിശ്രമത്തിനൊടുവിലാണ് ആ ദ്വീപ് സന്ദര്‍ശിക്കാനുള്ള അനുവാദം ലഭിച്ചത്. ഒരു ചതുരശ്രകിലോമീറ്റര്‍ മാത്രം വിസ്തീര്‍ണമുള്ള, ശുദ്ധജലമില്ലാത്ത, പാഴ്‌ചെടികള്‍ വളര്‍ന്ന് കാടുപിടിച്ച ആ ദ്വീപിലെ ദേവാലയത്തില്‍, തിരുന്നാളിനോടനുബന്ധിച്ച് വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രം ആളുകള്‍ക്ക് പ്രവേശിക്കാം. ഇന്ത്യക്കാര്‍ക്കും ശ്രീലങ്കക്കാര്‍ക്കും മാത്രമേ അവിടം സന്ദര്‍ശിക്കാനാവൂ. പാസ്‌പോര്‍ട്ടോ, വിസയോ ഒന്നുംവേണ്ട. രണ്ടു പകലും ഒരു രാത്രിയും അവിടെ തങ്ങി തിരുന്നാളില്‍ പങ്കെടുക്കാം. ഈ ദിവസങ്ങള്‍ക്കായി ഇരുരാജ്യങ്ങളിലും കാത്തിരിക്കുന്നവര്‍ ഏറെയാണ്. അവര്‍ക്ക് ഈ ദിവസങ്ങള്‍ വിശ്വാസത്തിന്റേത് മാത്രമല്ല, ബന്ധങ്ങളുടെയും സൗഹൃദത്തിന്റെയും ദിനങ്ങള്‍കൂടിയാണ്. അങ്ങിനെ അനുഭവങ്ങള്‍ സമ്മാനിക്കുന്ന ദ്വീപിലേക്കായിരുന്നു ആ യാത്ര.

രാമേശ്വരത്തിനു സമീപം ഇന്ത്യയ്ക്കും ശ്രീലങ്കയ്ക്കും ഇടയില്‍ പാക് കടലിടുക്കിലെ ഒരു ചെറുദ്വീപാണ് ഇത്; കച്ചത്തീവ്. ശ്രീലങ്കന്‍ അധീനതയിലുള്ള ഈ ദ്വീപില്‍ സെന്റ് ആന്റണിയുടെ മധ്യസ്ഥയില്‍ ഒരു പള്ളിയുണ്ട്. 100 വര്‍ഷങ്ങള്‍ക്ക് മുമ്പാണ് ഈ ദേവാലം സ്ഥാപിച്ചത്. ഓരോവര്‍ഷവും ഈ ദേവാലയത്തില്‍ നടക്കുന്ന തിരുന്നാള്‍ ദിനങ്ങളില്‍ മാത്രമാണ് വിശ്വാസികള്‍ക്ക് ഇവിടെ പ്രവേശനം. ബാക്കി ദിനങ്ങളില്‍ ആളൊഴിഞ്ഞ കാടുപിടിച്ച ഒരു തുരുത്തായി മാത്രം ഈ ദ്വീപ് ഒതുങ്ങും. ക്രൈസ്തവരുടെ ഈസ്റ്ററിനോട് അനുബന്ധിച്ചുള്ള വലിയനോമ്പിന്റെ രണ്ടാം ഞായറാഴ്ചയാണ് ഇവിടത്തെ തിരുന്നാള്‍.  

2015 മാര്‍ച്ചിലായിരുന്നു ഈ ദ്വീപിലേക്കുള്ള സഞ്ചാരം. ചെന്നൈയിലും രാമനാഥപുരത്തും രാമേശ്വരത്തുമൊക്കെയുള്ള നിരവധി സുഹൃത്തുകളുടെയും അപരിചിതരുടെയും പരിശ്രമത്തിന്റെയും സഹായത്തിന്റെയും ഫലമായിരുന്നു ആ യാത്ര. രാമേശ്വരത്തെ ബോട്ട് ജെട്ടിയില്‍ രാവിലെ മുതല്‍ ലൈഫ് ജാക്കറ്റും ധരിച്ച് നൂറുകണക്കിനുപേര്‍ക്കൊപ്പമുള്ള കാത്തിരിപ്പിനുശേഷം ഉച്ചയോടെയാണ് സുരക്ഷ, കസ്റ്റംസ്, ഇമിഗ്രേഷന്‍ പരിശോധനകള്‍ പൂര്‍ത്തിയായി ബോട്ടില്‍ കയറിയത്. രാമേശ്വരത്തെ മത്സ്യബന്ധനബോട്ടുകളിലാണ് കച്ചത്തീവിലേക്കുള്ള വിശ്വാസികളുടെ യാത്ര. അടിത്തട്ട് തെളിഞ്ഞ കടലിലൂടെ മത്സ്യക്കൂട്ടങ്ങളുടെ അകമ്പടിയോടെയായിരുന്നു സഞ്ചാരം. ബോട്ടിലെ തൊഴിലാളികളുമായി ചങ്ങാത്തം കൂടിയതിനാല്‍ അവര്‍ കടലിനെക്കുറിച്ചുള്ള വിശേഷങ്ങള്‍ പങ്കുവച്ചു. ഓരോ മത്സ്യക്കൂട്ടത്തെക്കുറിച്ചും കടലിനടയിലെ വ്യത്യസ്തയിനം പാറകളെക്കുറിച്ചുമൊക്കെ അവര്‍ പറഞ്ഞുതന്നു. കൈകൊണ്ട് ശക്തിയായി ഒന്നമര്‍ത്തിയാല്‍പോലും പൊടിയുന്ന പാറകളുണ്ടത്രേ. 'മുറുക്ക്പാറ'യെന്നാണ് അവയുടെ പേര്.

യാത്രയ്ക്കിടെ നേവിയുടെയും കോസ്റ്റ് ഗാര്‍ഡിന്റെയുമൊക്കെ വിവിധ ചെക്ക് പോയിന്റുകളുമുണ്ട്. ഓരോ ബോട്ടിലെയും ആളുകളുടെ എണ്ണമെടുക്കലും ബോട്ടുകളിലുള്ള പരിശോധനയുമൊക്കെയാണ് ഇവര്‍ ചെയ്യുന്നത്. ഇങ്ങനെ മണിക്കൂറുകളോളം കടലിലും കാത്തിരിക്കേണ്ടിവന്നു. ഇന്ത്യന്‍ അതിര്‍ത്തി കഴിഞ്ഞപ്പോള്‍ ശ്രീലങ്കന്‍ നേവിയുടെ ചെക്കിംഗ്. ഇതെല്ലാം പൂര്‍ത്തിയായി കച്ചത്തീവില്‍ എത്തുമ്പോള്‍ സൂര്യന്‍ അസ്മിച്ചു തുടങ്ങിയിരുന്നു.

പവിഴപുറ്റുകള്‍ നുറുക്കിക്കൂട്ടിയിട്ടപോലെ ചെറുകല്ലുകള്‍ നിറഞ്ഞ തീരത്തൂകൂടി ദ്വീപിലേക്ക് നടന്നു. ദ്വീപിന്റെ മറുവശത്താണ് അന്തോണിയാര്‍ ആലയം. സെന്റ് ആന്റണി മലയാളികള്‍ക്ക് അന്തോണീസ് പുണ്യാളനാണെങ്കില്‍ തമിഴക്ക് പുനിതര്‍ അന്തോണിയാറാണ്. വഴിയില്‍ ശ്രീലങ്കന്‍ കച്ചവടക്കാര്‍ താത്കാലിമായി കെട്ടിയുയര്‍ത്തിയ കടകള്‍ കാണാം. ശ്രീലങ്കന്‍ മുധരപലഹാരങ്ങളും ഭക്ഷണവും ഇവിടെ ലഭിക്കും. ഒപ്പം ലങ്കന്‍ വെളിച്ചെണ്ണയും തേയിലയും വിവിധതരം ക്യാന്‍ഡ് ഫിഷ് ഉത്പന്നങ്ങളും വില്‍ക്കുന്നവരെയും കാണാം. ഇന്ത്യന്‍രൂപ ശ്രീലങ്കന്‍ പണമാക്കി മാറ്റിയെടുക്കാന്‍ ബാങ്ക് ഓഫ് സിലോണിന്റെ കൗണ്ടറുമുണ്ട്. ഇരുരാജ്യങ്ങളിലെയും ഉദ്യോഗസ്ഥര്‍ക്ക് മാത്രമാണ് ടെന്റ് സൗകര്യം. വിശ്വാസികള്‍ നിലത്തുവേണം കിടന്നുറങ്ങാന്‍. കൂടാതെ, ഈ ദിനങ്ങളില്‍ താത്കാലികമായി ഇന്ത്യന്‍കോണ്‍സുലേറ്റ് ഓഫീസും ഇവിടെ തുറക്കും. വിശ്വാസികള്‍ക്കാവശ്യമായ സൗകര്യങ്ങള്‍ ഒരുക്കുന്നതിന്റെ ചുമതല ശ്രീലങ്കന്‍ അധികൃതര്‍ക്കാണ്. ഭക്ഷണവും വെള്ളവുമൊക്കെ അവര്‍ സൗജന്യമായി വിശ്വാസികള്‍ക്ക് നല്‍കുന്നു.

വിശ്വാസികളാല്‍ തിങ്ങിനിറഞ്ഞിരിക്കുകയാണ് ദേവാലയ പരിസരം. കടല്‍തീരത്തോട് ചെര്‍ന്ന് ഓടിട്ട, ആഢംബരങ്ങളൊന്നുമില്ലാത്ത ലളിതമായ നിര്‍മിതിയാണ് ദേവാലയം. ശ്രീലങ്കയില്‍നിന്നും ഇന്ത്യയില്‍നിന്നുമുള്ള വൈദികര്‍ക്കാണ് ദേവാലയശുശ്രൂക്ഷയുടെ ചുമതലകള്‍. കുറ്റിക്കാടുകള്‍ തെളിച്ച് തുണികള്‍ കെട്ടി മറച്ച് താത്കാലിക താമസസ്ഥലം ചിലര്‍ ഒരുക്കിയിരിക്കുന്നു. എങ്കിലും കൂടുതല്‍പേരും തുണികള്‍ വിരിച്ച് കടത്തീരത്താണ് വിശ്രമം. യാത്രയുടെ ക്ഷീണമകറ്റാന്‍ ചിലരാകട്ടെ കടലില്‍ കുളിക്കുന്നുണ്ട്. ശക്തമായ തിരകളില്ലാത്തതിനാല്‍, ഒരു തടാകത്തിലെന്നപോലെ ആസ്വാദ്യകരമാണ് ഈ തീരത്തെ കുളി.


കുടുംബസമേതം വരുന്നവരാണ് വിശ്വാസികളില്‍ ഏറെയും. രണ്ട് ദിവസം തങ്ങാനുള്ള സജ്ജീകരണങ്ങളുമായാണ് അവര്‍ എത്തുന്നത്. കിടക്കവിരികളും ഭക്ഷണവും വെള്ളവുമുള്‍പ്പെടെയായിട്ടാണ് ഇവര്‍ വരുന്നത്. കാരണം, ഇവരില്‍ പലര്‍ക്കും തങ്ങളുടെ ശ്രീലങ്കയിലുള്ള ബന്ധുക്കളെ കാണാനും അവരോടൊപ്പം സമയം ചിലവഴിക്കാനും കിട്ടുന്ന അവസരമാണിവിടം. ആദ്യമെത്തുന്നവര്‍ അയല്‍രാജ്യത്തെ തങ്ങളുടെ സുഹൃത്തുക്കള്‍ക്കും ബന്ധുക്കള്‍ക്കുമായി സ്ഥലം ഒരുക്കിക്കാത്തിരിക്കും. പിന്നെ അവരെല്ലാം ഒരുമിച്ചായിരിക്കും ദ്വീപില്‍നിന്നും മടങ്ങുന്നതുവരെയും.

തമിഴ് പുലികള്‍ സജീവമായിരുന്ന കാലങ്ങളില്‍ കച്ചത്തീവിലേക്കുള്ള തീര്‍ഥാടനം അനുവദിച്ചിരുന്നില്ല. ശ്രീലങ്കന്‍ ആഭ്യന്തരയുദ്ധത്തിന്റെ കഷ്ടതകള്‍ അനുഭവിച്ചവരാണ് ഇവിടെയുത്തുന്ന തമിഴ്‌വശംജരില്‍ അധികവും. വൈദികരുടെ പ്രസംഗങ്ങളില്‍പോലും അത്തരം അനുഭവങ്ങളുടെ കഥകളും സ്വാന്തനപ്പെടുത്തലുകളും നിറഞ്ഞിരുന്നു.

രാത്രിയില്‍ കടത്തീരത്ത് നക്ഷത്രങ്ങള്‍ നോക്കി കിടക്കുമ്പോള്‍ കൂട്ടുണ്ടായിരുന്നത് ഇന്ത്യയില്‍നിന്നും ശ്രീലങ്കയില്‍നിന്നുമുള്ള മത്സ്യബന്ധനതൊഴിലാളികളായിരുന്നു. പരിചയമില്ലെങ്കില്‍പ്പോലും അവര്‍ പരസ്പരം വിശേഷങ്ങള്‍ പങ്കുവച്ചു. ബന്ധുക്കളെക്കുറിച്ച് തരക്കി. ഒപ്പം അവരുടെ കടല്‍ക്കഥകളും പങ്കുവച്ചു. രാജ്യാതിര്‍ത്തികള്‍ക്കുള്ളില്‍നിന്ന് മീന്‍പിടിക്കണമെന്നാണ് നിയമമെങ്കിലും പക്ഷേ, അതൊന്നും പാലിക്കാന്‍ തങ്ങള്‍ക്ക് കഴിയാറില്ലെന്നാണ് തമിഴ്‌നാട്ടില്‍നിന്നുള്ളവര്‍ പറയുന്നത്. മത്സ്യങ്ങള്‍ തേടിയാണ് തങ്ങളുടെ യാത്ര. മത്സ്യം എവിടെയുണ്ടോ. അവിടെയെത്തി വലയെറിയും. മത്സ്യങ്ങളെതേടിയുള്ള ഈ യാത്രയില്‍ രാജ്യാതിര്‍ത്തികള്‍ ശ്രദ്ധിക്കാറില്ല. പക്ഷേ, ഈ അശ്രദ്ധയക്ക് പലപ്പോഴും വലിയ വിലതന്നെ കൊടുക്കേണ്ടിവന്നേക്കാം. അതിര്‍ത്തികടന്നാല്‍, ശ്രീലങ്കന്‍ നേവി പലപ്പോഴും ഇവരെ പിടികൂടും. ചിലപ്പോള്‍ അറസ്റ്റു ചെയ്‌തേക്കാം, അല്ലെങ്കില്‍ മര്‍ദ്ദിച്ചശേഷം വിട്ടയച്ചേക്കാം. മറ്റുചിലപ്പോള്‍ വെടിവച്ച് തുരത്തിയേക്കാം. അങ്ങിനെ ജീവന്‍ പണയപ്പെടുത്തിയാണ് ഇവരുടെ ഓരോ മത്സ്യബന്ധനയാത്രയും.

എന്നാല്‍, തമിഴ്‌നാട്ടുകാരില്‍നിന്നും വിത്യസ്തമാണ് ശ്രീലങ്കക്കാരുടെ ഭാഷ്യം. ഇന്ത്യക്കാരെപ്പോലെ കൂറ്റന്‍ബോട്ടുകളില്ലാത്തതിനാല്‍ യന്ത്രങ്ങള്‍ ഘടപ്പിച്ച ചെറുബോട്ടുകളിലാണ് അവരുടെ മീന്‍പിടുത്തം. കടല്‍ത്തീരത്തിന് അഞ്ച് കിലോമീറ്റര്‍ ചുറ്റളവിലായിരിക്കും മത്സ്യബന്ധനം. എന്നാല്‍, ഇന്ത്യന്‍ മത്സ്യത്തൊഴിലാളികള്‍ ഈ ഭാഗത്ത് കടന്നുകയറി മീന്‍ പിടിക്കുകയും ചിലപ്പോള്‍ അവര്‍ കടലില്‍ വിരിച്ച വലകള്‍ നശിപ്പിച്ച് കടന്നു കളയുകയും ചെയ്യുമെന്നുമാണ് ശ്രീലങ്കക്കാര്‍ പറയുന്നത്. അതിനാല്‍തന്നെ കടലില്‍ ഇരുകൂട്ടരും ശത്രുക്കളാണ്. എന്നാല്‍, ഈ ദീപിലെത്തുമ്പോള്‍ അവരെല്ലാം പുനിതര്‍ അന്തോണിയാരുടെ വിശ്വാസികള്‍ മാത്രമാണ്. രാജ്യാതിര്‍ത്തികളും ശത്രുതയുമൊന്നും ഇവിടില്ല.

സംസാരിച്ചിരുന്ന് സമയം പോയതറിഞ്ഞില്ല. അതിനിടെ രണ്ട് മണിക്കൂറോളം ഉറങ്ങിയെന്ന് മാത്രം. പുലര്‍ച്ചെ തന്നെ ദേവാലയകര്‍മങ്ങള്‍ ആരംഭിച്ചിരുന്നു. രാവിലെ 9 മണി കഴിഞ്ഞപ്പോള്‍ തിരുന്നാള്‍ കര്‍മ്മങ്ങളെല്ലാം അവസാനിച്ചു. ഇനി മടക്കയാത്രയാണ്. സ്‌നേഹപൂര്‍വം ആശ്ലേഷിച്ചും വിതുമ്പിയും അവരെല്ലാം വിടചൊല്ലി; അടുത്തവര്‍ഷം വീണ്ടും കാണാമെന്ന വാഗ്ദാനവും ചെയ്ത്.

കച്ചത്തീവിലേക്ക് വന്ന ബോട്ടുകളില്‍വേണം മടക്കയാത്രയും ആദ്യം വന്ന ബോട്ടുകള്‍ ആദ്യം എന്ന ക്രമത്തില്‍ ബോട്ടിന്റെ ഊഴവും കാത്തിരിക്കുന്നവരില്‍ ഏറെയും സമയം ചെലവഴിക്കുന്നത് കടലില്‍ കുളിച്ചാണ്. ഇങ്ങനെ, രണ്ട് ദിവസത്തെ സ്‌നേഹാനുഭവങ്ങളുടെ ലോകത്തുനിന്നും മടങ്ങുമ്പോള്‍ ആ യാത്രയില്‍ ലഭിച്ച സുഹൃത്തുകള്‍ ചോദിച്ചു എന്നാണ് വീണ്ടും കാണാനാവുക? അടുത്തവര്‍ഷവും കച്ചത്തീവില്‍ എത്തുമോ? വീണ്ടും വരുമെന്നും കാണാമെന്നും വാഗ്ദാനം ചെയ്തു മടങ്ങുമ്പോള്‍ കുറച്ച് നല്ല സൗഹൃദങ്ങള്‍ കിട്ടിയ സന്തോഷത്തിലായിരുന്നു. ഇനി കാണാനാവില്ലെങ്കിലും നിങ്ങളുടെ മുഖങ്ങളും സ്‌നേഹവുമൊക്കെ മറക്കില്ലെന്ന് അവയെപ്പോഴും മനസിലുണ്ടാവുമെന്നും മനസില്‍ പറഞ്ഞ് അവരോട് വിടചൊല്ലി.

click me!