രാജകുമാരന്മാരുടെ ദ്വീപില്‍

By Web TeamFirst Published Oct 29, 2019, 3:25 PM IST
Highlights

മർമറ കടലിൽ ഒൻപത് ചെറുദ്വീപുകളുടെ സമൂഹമാണ് പ്രിൻസസ് അയലന്റ്. റോമൻ കാലഘട്ടത്തിൽ ആളുകളെ നാടുകടത്താൻ ഉപയോഗിച്ചിരുന്ന ദ്വീപുകൾ. മുജീബുല്ല കെ വി എഴുതുന്നു

ഇസ്‍താബൂളിൽനിന്നും പ്രിൻസസ് ദ്വീപുകളിലേക്ക് മർമറ കടലിലൂടെയുള്ള ബോട്ട് യാത്ര തുർക്കി സന്ദർശകർ ഒഴിവാക്കിക്കൂടാത്തതാണ്. അത്രയ്ക്ക് മനോഹരമാണ് രാജകുമാരന്മാരുടെ ദ്വീപും (Princes' island), കപ്പലോളം വരുന്ന വലിയ സർക്കാർ ബോട്ടുകളിൽ ദ്വീപുകളിലേക്കുള്ള കടൽയാത്രയും.

'യെമ്മിനൂനു"വിൽനിന്നാണ് ഞങ്ങൾ ബോട്ട് കയറിയത്. ട്രാമിലും ട്രെയിനിലും ബസിലുമൊക്കെ ഒരുപോലെ ഉപയോഗിക്കാവുന്ന Istanbul Kart കാർഡ് കയ്യിലുണ്ടെങ്കിൽ തുച്ഛമായ ചാർജ്ജേയുള്ളൂ, ബോട്ടിന്.

മർമറ കടലിൽ ഒൻപത് ചെറുദ്വീപുകളുടെ സമൂഹമാണ് പ്രിൻസസ് അയലന്റ്. റോമൻ കാലഘട്ടത്തിൽ ആളുകളെ നാടുകടത്താൻ ഉപയോഗിച്ചിരുന്ന ഈ ദ്വീപുകൾ, സഞ്ചാരികൾക്കും നഗരത്തിരക്കുകളിൽനിന്നും താൽക്കാലികാശ്വാസം തേടുന്ന ഇസ്താംബൂൾ നിവാസികൾക്കും ഒരു ദിവസം മുഴുവൻ സ്വസ്ഥമായി ചിലവഴിക്കാവുന്ന മനോഹരമായ ടൂറിസ്റ്റ് കേന്ദ്രമാണിന്ന്. 1929-ൽ സ്റ്റാലിന്റെ അധികാരാരോഹണത്തോടെ പഴയ സോവിയറ്റ് യൂണിയനിൽനിന്ന് രാജ്യഭ്രഷ്‌ടനാക്കപ്പെട്ട ലിയോൺ ട്രോട്സ്കി കുറേക്കാലം ഇവിടെ താമസിച്ചിരുന്നത്രെ. തുർക്കി അദ്ദേഹത്തിന് അഭയം നൽകുകയായിരുന്നു.

പ്രിൻസസ് ദ്വീപുകൾ ഒമ്പതെണ്ണമുണ്ടെങ്കിലും ഇവയിൽ നാലെണ്ണത്തിലേ ആൾപാർപ്പുള്ളൂ. ജനവാസമുള്ള നാലു ദ്വീപുകളിൽ ഏറ്റവും പ്രധാനപ്പെട്ട ദ്വീപാണ് Büyükada അഥവാ വലിയ ദ്വീപ്. കടലിലൂടെ 21.5 കിലോമീറ്റർ ദൂരം ബോട്ടിൽ പിന്നിടാൻ ഒന്നര മണിക്കൂർ വേണം. എങ്കിലും ആദ്യം ബോസ്‍ഫറസ് കടലിടുക്കിലൂടെയും പിന്നീട് മർമറ കടലിലൂടെയുമുള്ള ഈ യാത്ര അവിസ്മരണീയമായ ഒരനുഭവമായിരിക്കും.

തിരയിളക്കങ്ങളില്ലാത്ത ആഴക്കടലാണ് ബോസ്‍ഫറസ്. തലങ്ങും വിലങ്ങും സഞ്ചാരികളാൽ നിറഞ്ഞ യാനങ്ങൾ നിറഞ്ഞിരിക്കുന്നു. ചിലപ്പോൾ ഇടയ്ക്ക് ഡോള്ഫിനുകളുടെ അഭ്യാസവും. ഇരു കരകളിലും മനോഹര കാഴ്ചകളുമായി ഒരു ഭാഗത്ത് യൂറോപ്പും മറുഭാഗത്ത് ഏഷ്യൻ കരകളുമുള്ള ബോസ്ഫറസ് കടലിടുക്കിലൂടെ 'മർമറ'യോടടുക്കുന്നതോടെ ബോട്ടുകളുടെ 'ബഹളം' കുറഞ്ഞുവരുന്നു.

പിന്നെപ്പിന്നെ ഇടതുഭാഗത്ത് ഏഷ്യൻ തീരവും, വലതുഭാഗത്ത് പ്രവിശാലമായ കടലും. ഏഷ്യൻ ഭാഗത്തുള്ള കാദിക്കോയ് തുടങ്ങിയ ബോട്ട് ജെട്ടികളിൽ നിർത്തിയാണ് യാത്ര. ഇസ്‍താബൂളിലെ ഏഷ്യൻ നഗരങ്ങളുടെ വളരെ അടുത്തുകൂടെയാണ് യാത്ര. ഇസ്‍താബൂളിലെ ഹൈദർപാഷ റെയിൽവേ സ്റ്റേഷൻ അടുത്തുനിന്നുള്ള കടൽക്കാഴ്ച്ചയായി കാണാം.

മർമറയിലൂടെ കുറച്ചു ദൂരം പിന്നിടുന്നതോടെ പ്രിൻസസ് ദ്വീപുകൾ ഓരോന്നായി പ്രത്യക്ഷപ്പെട്ടു തുടങ്ങുന്നു. കടൽ കാക്കകൾ ബോട്ടിനെ വട്ടമിട്ടു തുടങ്ങും. യാത്രക്കാർ ഭക്ഷണ കഷണങ്ങൾ എറിഞ്ഞു കൊടുക്കുന്നതോടെ കാക്കകളുടെ പ്രളയമായി പിന്നെ. തലയ്ക്ക് തൊട്ടുമുകളിൽത്തന്നെ കാക്കകൾ.

കടലിൽനിന്നും ജനവാസമുള്ള ഓരോ ദ്വീപുകളുടെയും കാഴ്ച സവിശേഷം തന്നെ. സമീപസ്ഥമാകുംതോറും കാഴ്ചയുടെ വ്യക്തതയ്‌ക്കൊപ്പം അവയുടെ ഭംഗിയും കൂടിക്കൂടിവരും. ഓരോ ദ്വീപിലൂം ആളെ ഇറക്കിയും കയറ്റിയും ആണ് അവസാന ദ്വീപായ Büyükadaയിൽ എത്തിച്ചേരുക.

'വലിയ ദ്വീപി'ൽ നമ്മൾ പുറത്തിറങ്ങുന്നതുതന്നെ സാമാന്യം നല്ല ആൾത്തിരക്കിലേക്കാണ്. ബോട്ട്ജെട്ടിയുടെ ഇരുവശവും നിറയെ നിരനിരയായി കഫേകളും റസ്റ്റോറൻറുകളും നിരന്ന് നിറഞ്ഞിരിക്കുന്നു. മീൻ വിഭവങ്ങളാണ് മുഖ്യം. ഇഷ്ടമുള്ള മീൻ തിരഞ്ഞെടുത്താൽ, പാകംചെയ്തു തരും.

അഞ്ചര കിലോ മീറ്റർ വിസ്തൃതിയുള്ള ദ്വീപ് ചെറിയൊരു കുന്നാണ്. ബോട്ടിൽനിന്നിറങ്ങി, കുറച്ചു മുന്നോട്ട് നീങ്ങിയാൽ, കുതിരവണ്ടിയിൽ കയറാൻ ആളുകളുടെ ക്യൂ. കുതിരവണ്ടി സവാരിയാണിവിടത്തെ മുഖ്യ ആകർഷണങ്ങളിലൊന്ന്. കുടുംബസമേതം യാത്രചെയ്യാവുന്ന കുതിരവണ്ടികളുമുണ്ട്. കുന്നുകയറി മുകളിലൊന്ന് കറങ്ങി, വീണ്ടും തീരത്തേക്ക്. കുന്നിനുമുകളിൽ ചെറിയൊരു വിശ്രമമുണ്ട്. മുക്കാൽ മണിക്കൂറോളം എടുക്കും കുതിരവണ്ടി യാത്ര. കുന്നിലേക്കുള്ള യാത്രയും കുന്നിനുമുകളിൽനിന്നുള്ള കാഴ്ചയും ഹൃദയഹാരിയാണ്.

റോഡിനിരുവശവും പുഷ്പിച്ചു നിൽക്കുന്ന മരങ്ങളും ബഹുവർണ്ണങ്ങളിലുള്ള വള്ളിച്ചെടികളും പല പല നിറങ്ങളിലുള്ള പൂക്കളും വൃത്തിയും വെടിപ്പുമുള്ള, മരപ്പണികളാൽ മനോഹരമായ വീടുകളും ഒക്കെയായി അതീവ ഹൃദ്യമായ ദൃശ്യാനുഭവമാണീ ദ്വീപ്. പൈൻ മരങ്ങളും ധാരാളം. സൈക്കിൾ ചവിട്ടാൻ അറിയുമെങ്കിൽ താഴെയുള്ള കടകളിൽ നിന്നും കയ്യിലുള്ള എന്തെങ്കിലും ഐഡി കാർഡ് പണയം നൽകി ചെറിയ തുകയ്ക്ക് വാടകയ്ക്കെടുക്കാം. സൈക്കിളിൽ ദ്വീപ് മുഴുവൻ ചുറ്റിക്കറങ്ങാം. കുതിരവണ്ടികളല്ലാതെ മോട്ടോർ വാഹനങ്ങളുടെയൊന്നും ശല്യമില്ലാത്ത റോഡിൽ സൈക്ലിംഗ് കുട്ടികൾ ശരിക്കും ആസ്വദിക്കും. (സൈക്ലിംഗ് മുതിർന്നവർക്കും ആകാം!). മോട്ടോർ വാഹനങ്ങൾക്ക് നിരോധനമുണ്ടിവിടെ. ഇതൊന്നുമില്ലാതെ കാൽനടയായും ദ്വീപ് മുഴുവൻ ചുറ്റിക്കറങ്ങാവുന്നതേയുള്ളൂ.

മീൻ വിഭവങ്ങളും ഐസ്ക്രീമും സവിശേഷമാണിവിടെ. പലയിനം മത്സ്യങ്ങൾ നിരത്തിവച്ചിരിക്കുന്നു. ഇഷ്ടമുള്ളത് തിരഞ്ഞെടുത്താൽ പാകം ചെയ്തു കിട്ടും. മീനുകളുടെ വില മുൻകൂർ പരിശോധിക്കുന്നത് നന്നാവും. ഐസ്ക്രീമും തിന്നാൻ മറക്കണ്ട! തിരികെ പോകാനുദ്ദേശിക്കുന്ന ബോട്ടിന്റെ സമയം നേരത്തെതന്നെ നോക്കിവെക്കുന്നത്, ബോട്ട് മിസ്സാവാതിരിക്കാൻ സഹായിക്കും.

ദിവസം മുഴുവൻ ദ്വീപിൽ ചിലവഴിക്കുന്നുവെങ്കിൽ രാവിലെ പുറപ്പെടുന്നതാവും നല്ലത്. സ്വിമ്മിങ്ങിനും മറ്റും സൗകര്യമുള്ള പ്രൈവറ്റ് ബീച്ചുകളും ദ്വീപിലുണ്ട്. കടൽക്കാറ്റ് തണുപ്പുകാലത്ത് പ്രയാസമുണ്ടാക്കുമെന്നതിനാൽ വേനൽ, വസന്ത കാലങ്ങൾ തന്നെയാണ് സന്ദർശനത്തിന് നല്ലത്.

ഭീമാകാരമായ സർക്കാർ ഫെറി ബോട്ടുകളുടെ യാത്രാ നിരക്ക് വളരെ തുച്ഛമാണ്. പ്രൈവറ്റ് ബോട്ടുകളിൽ കൂടുതൽ തുക മുടക്കി യാത്ര ചെയ്യുന്നതിനേക്കാൾ എന്തുകൊണ്ടും രസകരവും സൗകര്യപ്രദവുമാണ്. മിക്കവാറും ടൂറിസ്റ്റുകളായ യാത്രികരെ പിഴിയാൻ പറ്റിയ മികച്ച അവസരമായിട്ടും, ബോട്ടിനകത്തെ സ്റ്റാളിൽ ചായയും ലഘുപാനീയങ്ങളും സ്നാക്സുമൊക്കെ മിതമായ വിലയ്ക്ക് ലഭിക്കുന്നു. ഭാഗ്യമുണ്ടെങ്കിൽ തിരികെ വരുമ്പോൾ ബോട്ടിൽ തുർക്കി സ്ട്രീറ്റ് ഗായകരുടെ ലൈവ് ഓർക്കസ്ട്രയും അനുഭവിക്കാം.

click me!