കഞ്ചാവ് കൃഷിക്കാരെ തേടി ഒരു യാത്ര

By James KottarappallyFirst Published Oct 29, 2019, 3:09 PM IST
Highlights

കഞ്ചാവ് ചെടികള്‍ക്കിടയില്‍നിന്നും നീലതണ്ടോടുകൂടിയ ചെടി ചൂണ്ടിക്കാട്ടി അയാള്‍ പറഞ്ഞു. ഇവനാണത്രേ വീര്യം കൂടുതല്‍. ജെയിംസ് കൊട്ടാരപ്പള്ളി എഴുതുന്നു

2006 ഓഗസ്റ്റില്‍ ആദ്യജോലി കിട്ടിയതിന്റെ ആവേശത്തോടെയാണ് മാതൃഭൂമി ദിനപത്രത്തിന്റെ പാലക്കാട്ട് യൂണിറ്റില്‍ എത്തുന്നത്. ജോലിയുടെ ചിട്ടവട്ടങ്ങളും രീതികളുമൊക്കെ മനസിലാക്കിവരുന്നതേയുള്ളൂ. പരിശീലനത്തിന്റെ ഭാഗമായി വൈകുന്നേരം ബ്യൂറോയില്‍ ഇരിക്കുമ്പോഴാണ് ബ്യൂറോ ചീഫ് എത്തുന്നത്.
''നിങ്ങളില്‍ ആരാണ് കഞ്ചാവ് വേട്ടയ്ക്ക് പോകാന്‍ തയാറുള്ളത്?''
ബ്യൂറോചീഫ് ചോദിച്ചു.
സീനിയര്‍ റിപ്പോര്‍ട്ടര്‍മാര്‍ ആ ചോദ്യം കേട്ടഭാവം നടിക്കാതെ ജോലികളില്‍ മുഴുകി.
''ആരും പോകാന്‍ തയാറല്ലേ?''
ബ്യൂറോചീഫ് ചോദ്യം ആവര്‍ത്തിച്ചു.
''സാര്‍, ഞാന്‍ റെഡിയാണ്.''
അദ്ദേഹം എന്നെയൊന്ന് നോക്കി. ജോലിയില്‍ പ്രവേശിച്ചിട്ട് നാലു ദിവസമേയായുള്ളൂ. പത്രപ്രവര്‍ത്തനപഠനം കഴിഞ്ഞുള്ള ആദ്യ ജോലിയാണ്. അതിന്റെ ആവേശമാണ്. ബ്യൂറോചീഫ് അല്‍പനേരം ഒന്ന് ചിന്തിച്ചു. എന്നിട്ട് പറഞ്ഞു.
''ശരി, സീനിയേഴ്‌സ് ആരും തയാറല്ലെങ്കില്‍ നീ തന്നെ പോ. ഫോട്ടോഗ്രാഫറേയും കൂട്ടണം.''
ഒപ്പം, ഫോട്ടോഗ്രാഫര്‍ ഉല്ലാസും വരാന്‍ തയാറായി. ഉല്ലാസും തുടക്കക്കാരനാണ്. കക്ഷിക്ക് എന്നേക്കാള്‍ നാലഞ്ചുമാസത്തെ സീനിയോരിറ്റിയുണ്ട്.
''സാര്‍, എന്നാണ് പോകേണ്ടത്?''
''നാളെ ഏഴ് മണിക്ക് മുക്കാലി ഫോറസ്റ്റ് ഓഫീസില്‍ എത്തണം. അന്ന് കാട്ടില്‍ കയറിയാല്‍ പിന്നെ അഞ്ചാറ് ദിവസം കഴിഞ്ഞേ മടങ്ങിവരാന്‍ പറ്റൂ.''

ആ മറുപടി ശരിക്കും ഞെട്ടിച്ചു. യാത്രയ്ക്ക് എന്തൊക്കെ സാധനങ്ങള്‍ വേണമെന്നോ. എങ്ങിനെ ഒരുങ്ങണമെന്നോ അറിയാതെ കുഴങ്ങി നില്‍ക്കുമ്പോഴാണ് സീനിയര്‍ റിപ്പോര്‍ട്ടര്‍മാര്‍ ഉപദേശങ്ങളുമായി അടുത്തെത്തുന്നത്. കാട്ടില്‍ കുളയട്ടകള്‍ കാണും. ശരീരത്തില്‍ കട്ടിച്ചാല്‍ പറിച്ചു കളയരുത്. മൂക്കിപ്പൊടി അവയ്ക്കുമേല്‍ തൂവിയാല്‍ മതി. അവ വിട്ട് പോയ്‌ക്കോളും. ചന്ദ്രികസോപ്പും ഡെറ്റോളും കരുതണം. കാട്ടില്‍ക്കൂടിയുള്ള യാത്ര തുടങ്ങുന്നതിന് മുമ്പ് ഡെറ്റോളോ, ചന്ദ്രികസോപ്പോ കാലിലും ഷൂവിലുമൊക്കെ പുരട്ടുന്നത് നല്ലത്. കുളയട്ടകള്‍ കടിക്കില്ല. ഇങ്ങനെ പ്രായോഗിക നിര്‍ദേശങ്ങളുമായി അവര്‍ ഞങ്ങളെ യാത്രയ്‌ക്കൊരുക്കി.

പിറ്റേന്ന് പുലര്‍ച്ചെതന്നെ യാത്ര പുറപ്പെട്ടു. പാലക്കാട്ടുനിന്നും മണ്ണാര്‍ക്കാട് കൂടി അട്ടപ്പാടി റൂട്ടില്‍ മുക്കാലിയിലേക്ക്. മണ്ണാര്‍ക്കാടുനിന്നും അട്ടപ്പാടി റൂട്ടില്‍ കയറിയപ്പോള്‍ അകമ്പടിയായി കോടമഞ്ഞ് കൂട്ടിനെത്തി. മനോഹരമായ സൈലന്റ്‌വാലി വനപാതയുടെ സൗന്ദര്യം ആസ്വദിച്ചുകൊണ്ട് മുക്കാലിയിലേക്ക്.
മുക്കാലി ഫോറസ്റ്റ് ഓഫീസില്‍ എത്തുമ്പോള്‍ ഫോറസ്റ്റു ഡിപ്പാര്‍ട്ട്‌മെന്റിനെക്കൂടാതെ ഞങ്ങള്‍ക്കൊപ്പം യാത്രയ്‌ക്കൊരുങ്ങി പോലീസ്, എക്‌സൈസ് വിഭാഗങ്ങളിലുള്ളവരും കാത്തിരിപ്പുണ്ടായിരുന്നു. അവര്‍ക്കൊപ്പം ജീപ്പില്‍ അഗളിയിലൂടെ പുതൂരിലേക്ക്. അവിടെനിന്നാണ് കാട്ടിലേക്ക് പ്രവേശിക്കുന്നത്. 

ഫോറസ്റ്റ്, പോലീസ്, എക്‌സ്സൈസ് വകുപ്പിലെ ഉദ്യോഗസ്ഥരും ഞങ്ങളും ഉള്‍പ്പെടെ ഇരുപതോളം പേരായിരുന്നു സംഘത്തിലുണ്ടായിരുന്നത്. അഞ്ച് ദിവസത്തേക്കുള്ള ഭക്ഷണസാധനങ്ങളും കൈയില്‍ കരുതിയിരുന്നു. ഒപ്പം സ്ലീപ്പിംഗ് ബാഗുകളും. ഉച്ചയോടെ കാട്ടിനുള്ളിലേക്കുള്ള യാത്ര തുടങ്ങി. ആദിവാസി ഗ്രാമങ്ങളിലൂടെ സൈലന്റ്‌വാലി വനത്തിലേക്ക് ഞങ്ങള്‍ നടന്നു. കാട്ടിലേക്കുള്ള നടവഴികള്‍ മാഞ്ഞു. ആര്‍ത്ത് പടര്‍ന്ന് പിടിച്ചിരിക്കുന്ന വള്ളിപ്പടര്‍പ്പുകള്‍ വെട്ടിമാറ്റി യാത്ര തുടര്‍ന്നു. കാട്ടരുവികളില്‍നിന്നു വെള്ളം കുടിച്ചും കൂറ്റന്‍ മരത്തണലുകളില്‍ വിശ്രമിച്ചും കാട്ടിനുള്ളിലേക്ക് മുന്നേറി. സൈലന്റ്‌വാലി കൈവെള്ളപോലെ അറിയാവുന്ന ഫോറസ്റ്റ് വാച്ചര്‍മാരായിരുന്നു വഴികാട്ടികളായി മുന്നില്‍ നടന്നുനീങ്ങിയിരുന്നത്.

വൈകുന്നേരമായപ്പോള്‍ ഫോറസ്റ്റുകാര്‍ ഉപയോഗിക്കുന്ന താത്കാലിക ഷെഡ്‍ഡില്‍ എത്തിച്ചേര്‍ന്നു. വന്യജീവികളെ ഓടിക്കാന്‍ ആഴികൂട്ടി അതിനുചുറ്റുമായിരുന്നു അന്നത്തെ രാത്രിയിലെ ഉറക്കം. ഇത്തരത്തില്‍ സൈലന്റ്‌വാലിയിലെമ്പാടുമുള്ള നിരവധി താത്കാലി ഷെഡ്‍ഡുകളിലായിരുന്നു തുടര്‍ന്നുള്ള രാത്രികള്‍ കഴിച്ചുകൂട്ടിയത്. രാത്രിയില്‍ മാത്രമായിരുന്നു പാചകം. ചോറും പരിപ്പ് കറിയും അച്ചാറുമായിരുന്നു വിഭവങ്ങള്‍. അവലില്‍ ശര്‍ക്കര ചേര്‍ത്തുള്ള അവല്‍ശര്‍ക്കരയായിരുന്നു മറ്റുനേരങ്ങളിലെ ഭക്ഷണം.

പിറ്റേന്നുമുതല്‍ കഞ്ചാവ് കൃഷിയിടങ്ങള്‍ക്കായി തെരച്ചില്‍ തുടങ്ങി. മുന്‍കാലങ്ങളില്‍ കൃഷി ചെയ്‍ത ഇടങ്ങളായിരുന്നു ആദ്യം തിരഞ്ഞത്. എന്നാല്‍, പലപ്പോഴും അവയൊക്കെ ശൂന്യമായിരുന്നു. ധാരാളം വെള്ളവും സൂര്യപ്രകാശവുമൊക്കെ കിട്ടുന്നയിടങ്ങളിലാണ് പ്രധാനമായും കഞ്ചാവ് കൃഷി ചെയ്യുന്നത്. എന്നാല്‍, പുറത്തുനിന്നുള്ളവരുടെ കാഴ്ച മറയ്ക്കുന്ന ഇടങ്ങളുമാവണം ഈ സ്ഥലം. ഇങ്ങനെ പ്രത്യേകമായി തെരഞ്ഞെടുത്ത സ്ഥലങ്ങളിലാണ് കഞ്ചാവ് കൃഷി ചെയ്യുന്നത്. രണ്ടാമത്തെ ദിവസം മുഴുവന്‍ തെരഞ്ഞെങ്കിലും കഞ്ചാവ് കൃഷി കണ്ടെത്താനായില്ല. കൃഷിക്കാര്‍ ഉപേക്ഷിച്ചുപോയ, കൃഷിയിടങ്ങളും താത്കാലിക ഷെഡ്ഢുകളുമൊക്കെ കണ്ടെത്താനായി എന്നതുമാത്രമായിരുന്നു ആശ്വാസം. 

ഓരോ ദിവസവും നടന്നുകയറിക്കൊണ്ടിരിക്കുന്നത് കാട്ടിന്റെ ഹൃദയഭാഗങ്ങളിലേക്കായിരുന്നു. വനത്തിന്റെ ഓരോ ഭാഗത്തുകൂടി നടക്കുമ്പോഴും അവിടെയുള്ള വന്യജീവികളെക്കുറിച്ചും അവയുടെ ആക്രമണമുണ്ടാവാനുള്ള സാധ്യതകളെക്കുറിച്ചുമൊക്കെ ഫോറസ്റ്റ് ഗാര്‍ഡുമാര്‍ മുന്നറിയിപ്പു നല്‍കിയിരുന്നു. അതിനാല്‍, ശ്രദ്ധയോടെയായിരുന്നു നടത്തം. യാത്ര അത്ര സുഖകരമായിരുന്നില്ല. കുത്തനെയുള്ള കയറ്റങ്ങളും മുള്ളുകള്‍ നിറഞ്ഞ വള്ളിപ്പടര്‍പ്പുകളുമൊക്കെ പ്രതിബന്ധങ്ങളായിയുണ്ടായിരുന്നു.

മൂന്നാം ദിവസം യാത്ര തുടങ്ങി കുറച്ചുകഴിഞ്ഞപ്പോള്‍ തന്നെ ഇരുട്ടും ഈര്‍പ്പവും നിറഞ്ഞയിടത്തെത്തി. സൂര്യപ്രകാശം ഒട്ടുമേ പതിക്കാത്ത വനഭാഗം ആദ്യമായാണ് കാണുന്നത്. കഷ്ടിച്ചുമാത്രമേ കാഴ്ചകള്‍ കാണാനാവൂ. ഒപ്പം, ഈര്‍പ്പമുള്ളതിനാല്‍, കുളയട്ടകള്‍ നിലമാകെ നിറഞ്ഞിരുന്നു. ശരീരത്തിലും വസ്ത്രങ്ങളിലുമാകെ ചന്ദ്രികസോപ്പ് പുരട്ടി ആ പ്രദേശം കടക്കാന്‍ ഒരുങ്ങി. കാഴ്ചകണ്ട് നില്‍ക്കുകയോ സാവധാനത്തിലോ നടക്കുകയോ അരുത്. എത്രവേഗമാകുമോ അത്രയും വേഗത്തിലാവണം നടത്തം. ഫോറസ്റ്റ് ഗാര്‍ഡ് മുന്നറിയിപ്പ് നല്‍കി. 

മനസില്‍ ധൈര്യം സംഭരിച്ച് വേഗത്തില്‍ നടന്നു തുടങ്ങി. കുളയട്ടകളുടെ കൂട്ടത്തെ ചവിട്ടി നടക്കുമ്പോള്‍ കാല്‍ വഴുതി വീഴാതിരുന്നത് ഭാഗ്യം കൊണ്ടുമാത്രമായിരുന്നു. സമീപത്തുകൂടിപോകുമ്പോള്‍ മരങ്ങളില്‍പിടിച്ചിരിക്കുന്ന കുളയട്ടകള്‍ നീണ്ട് ശരീരത്തിലേക്ക് എത്തിപ്പിടിക്കാന്‍ ശ്രമിച്ചിരുന്നു. ഇവയുടെ ആക്രമണങ്ങളില്‍നിന്നുമൊക്കെ വെട്ടിച്ചുമാറി വളരെ സാഹസികമായിട്ടായിരുന്നു ആ വനഭാഗം കടന്നുകയറിയത്.

വെളിച്ചത്തിലേക്ക് എത്തിയപ്പോള്‍ ആദ്യം എല്ലാവരും പരിശോധിച്ചത് അട്ടകള്‍ കടിച്ചിട്ടുണ്ടോ എന്നതായിരുന്നു. ചിലരെ അട്ടകള്‍ കടിച്ചപ്പോള്‍ മറ്റു ചിലര്‍ ഭാഗ്യവന്മാരെപോലെ ചിരിച്ചു. ഇത്തരത്തില്‍ നിരവധി അപൂര്‍വതകള്‍ ഒളിപ്പിച്ചുവച്ച ജൈവവൈവിധ്യമാര്‍ന്ന കാടാണ് സൈലന്റ്‌വാലി. വര്‍ഷം മുഴുവനും സീറോ ഡിഗ്രി സെല്‍ഷ്യസ് താപനിലയുള്ള സ്ഥലം സൈലന്റ്‌വാലിയിലുണ്ടെന്ന് ഫോറസ്റ്റ് ഗാര്‍ഡ് ഇതിനിടെ പറഞ്ഞു. യാത്ര തുടര്‍ന്നുകൊണ്ടേയിരുന്നു. അരമണിക്കൂര്‍ നടന്നു കഴിഞ്ഞപ്പോള്‍ വന്മരങ്ങള്‍ ഇല്ലാത്ത തുറസായ സ്ഥലത്ത് എത്തി. മുന്നില്‍, ആള്‍ ഉയരത്തില്‍ പൊങ്ങിനില്‍ക്കുന്ന കഞ്ചാവ് ചെടികള്‍. നീര്‍ച്ചാലുകളല്‍നിന്ന് ചെടികള്‍ക്ക് വെള്ളം കൃത്യമായി എത്തിക്കുന്ന ചെറുപൈപ്പുകള്‍ സ്ഥാപിച്ചും കളകളും കീടങ്ങളുമൊന്നും വരാതെയും കൃത്യമായി സംരക്ഷിച്ചിരിക്കുന്ന ഒരു കഞ്ചാവ് തോട്ടം. വിശാലമായ ആ കഞ്ചാവ് തോട്ടം ഒരറ്റത്തുനിന്നും ഉദ്യോഗസ്ഥര്‍ വെട്ടിനശിപ്പിക്കാന്‍ തുടങ്ങി. ഇതിനിടെ ഉല്ലാസ് ഇവയുടെ ചിത്രങ്ങള്‍ എടുക്കുന്നുണ്ടായിരുന്നു.
ഇങ്ങനെ കഞ്ചാവ് ചെടികള്‍ നശിപ്പിക്കുന്നതിനിടെയാണ് മറ്റുള്ളവയെപോലെ അത്ര ഉയരമില്ലാത്തതും തണ്ട് നീലനിറത്തോടുകൂടിയതുമായ കഞ്ചാവ് ചെടി കണ്ണില്‍പെടുന്നത്. ഈ ചെടി നോക്കിനില്‍ക്കുമ്പോഴാണ് ഫോറസ്റ്റ് ഗാര്‍ഡ് സമീപമെത്തി അതിനെക്കുറിച്ച് വിശദീകരിച്ച് തന്നത്.

''ഇവനാണ് നീലച്ചടയന്‍. അപൂര്‍വമായേ ഇവന്‍ ഉണ്ടാവാറുള്ളൂ. പക്ഷേ, സാധാരണ കഞ്ചാവില്‍നിന്നും ഇവന് വീര്യം കൂടുതലാണ്. അതിനാല്‍, വിപണിയില്‍ വലിയ വിലകിട്ടും.''

കഞ്ചാവ് ചെടികള്‍ നശിപ്പിക്കുന്നതിനിടെ കഞ്ചാവ് കൃഷിക്കാരെക്കുറിച്ച് അദ്ദേഹം പറഞ്ഞു തന്നു. കൃഷി തുടങ്ങിയാല്‍ തീരും വരെ അവര്‍ പുറം ലോകത്തേക്ക് പോകാറില്ല. ദീര്‍ഘനാളത്തേക്കുള്ള ഭക്ഷണസാധനങ്ങളും മറ്റും അവര്‍ കൂടെ കൊണ്ടുപോരും. കൃഷിക്കായി കയറിയാല്‍ വിളവുമായേ അവര്‍ വനത്തില്‍നിന്നും ഇറങ്ങാറുള്ളൂ. ഇതിനിടെ ആനയുടെയും വന്യമൃഗങ്ങളുടെയും ആക്രമണമുണ്ടാവും. ജീവികള്‍ നശിപ്പിക്കാതിരിക്കാന്‍ ഭക്ഷസാധനങ്ങള്‍ അവര്‍ കുഴിച്ചിടും. ഇങ്ങനെ സാഹിസകമായാണ് കഞ്ചാവ് കൃഷി. അതോടൊപ്പം കൃഷിക്കാരുടെ ഇടയിലുള്ള കുടിപ്പകയുടെയും ഒറ്റിന്റെയും ആക്രമണങ്ങളുടെയും കൊലപാതകങ്ങളുടെയും കഥകളും അദ്ദേഹം പറഞ്ഞുതന്നു. എത്രയോ മനുഷ്യജീവനുകള്‍ ഈ മഹാവനത്തില്‍ പൊലിഞ്ഞിട്ടുണ്ടാവും. ഈ വനത്തിലെ കൊക്കകളില്‍, അഗാധഗര്‍ത്തങ്ങളില്‍ എത്രയോ മൃതദേഹാവശിഷ്ടങ്ങള്‍ കാണുമായിരിക്കും. കൊടുംവനത്തിന്റെ ഭീകരതയേക്കാള്‍ ആ കഥകളിലെ ക്രൂരത ഭയപ്പെട്ടുത്തി. 

ഇങ്ങനെ, കഞ്ചാവ് നശിപ്പിക്കുമ്പോള്‍ ഒളിഞ്ഞിരുന്ന് അവരെങ്ങാനും ആക്രമിച്ചാലോ. മനസില്‍ ഭയം ഏറികൊണ്ടിരുന്നു. വൈകുന്നേരത്തോടെ ആ കൃഷിയിടത്തിലെ കഞ്ചാവ് ചെടികള്‍ നശിപ്പിച്ചു തീര്‍ക്കാനായി. ഇരുട്ട് വീണതിനാല്‍, അന്ന് സന്ധ്യക്ക് അവിടെയുള്ള താത്കാലിക ഷെട്ടില്‍ ഉറങ്ങി. പിറ്റേന്ന് രാവിലെ തന്നെ യാത്ര തുടങ്ങി. കൊടുംവനത്തില്‍നിന്നും പുല്‍മേടുകളിലൂടെയായിരുന്നു പിന്നീടുള്ള യാത്ര. ഉയരത്തില്‍ വളരുന്ന പുല്‍ക്കൂട്ടങ്ങള്‍ക്കിടയിലൂടെ ഊളയിട്ടായിരുന്നു നടത്തം. തുടര്‍ന്ന്, വിശാലമായ മലഞ്ചെരിവുകളുടെ അതിരുകളിലൂടെ അഗാതമായ കൊക്കകളില്‍ വീഴാതെ അതിസാഹസികമായിരുന്നു യാത്ര. പുറംലോകം അറിയുന്നതിലും എത്രയോ വൈവിധ്യപൂര്‍ണവും സുന്ദരവുമാണ് സൈലന്റ്‌വാലിയെന്ന് ആ യാത്രയിലൂടെയാണ് മനസിലായത്. തുടര്‍ന്നുള്ള യാത്രയില്‍ കഞ്ചാവ് തോട്ടങ്ങളൊന്നും കണ്ടെത്താനായില്ല. 

അന്ന് വൈകുന്നേരത്തോടെ കാടിനുള്ളിലുള്ള ഒരു ആദിവാസി ഗ്രാമത്തിനു സമീപത്തുള്ള താത്കാലിക ഷെട്ടില്‍ എത്തിച്ചേര്‍ന്നു. 20 കിലോമീറ്ററിലേറെ കാട്ടിനുള്ളിലൂടെ നടന്നാല്‍ മാത്രമേ ഈ ഗ്രാമത്തില്‍ എത്തിച്ചേരനാവൂ. മലഞ്ചെരുവുകളില്‍ റാഗി കൃഷി ചെയ്തും വനവിഭവങ്ങള്‍ ശേഖരിച്ചുമാണ് അവര്‍ ജീവിക്കുന്നത്. ആ ഗ്രാമത്തിലെ മൂപ്പനുമായും അവിടെയുള്ളവരുമായും സംസാരിക്കാന്‍ സാധിച്ചു. ചെറുവീടുകള്‍, എത്രയോ വൃത്തിയോടെയും ഒതുക്കത്തോടെയുമാണ് അവര്‍ സൂക്ഷിക്കുന്നത്. അവരുടെ അതിഥിസ്‌നേഹവും ആദരവ് പിടിച്ചുപറ്റുന്നതാണ്.  

പിറ്റേന്ന് പുലര്‍ച്ചെ തന്നെ മടക്കയാത്രയ്ക്കുള്ള ഒരുക്കം തുടങ്ങി. ഇനി 25 കിലോമീറ്ററുകള്‍ നടന്നാല്‍ മാത്രമേ, മുക്കാലിയിലേക്ക് വാഹനം ലഭിക്കുന്നയിടത്ത് എത്തുകയുള്ളൂ. ഇതിനിടെ പാറക്കൂട്ടങ്ങള്‍ നിറഞ്ഞ കുത്തിയൊലിക്കുന്ന ഒരു പുഴയും മറികടക്കം. കൂടെ കൊണ്ടുവന്ന കയര്‍ ഇരുകരകളിലുമുള്ള മരങ്ങളില്‍ കെട്ടി സാഹസികമായാണ് അപകടം നിറഞ്ഞ ആ പുഴ കടന്നത്. ഒടുവില്‍ മണിക്കൂറുകള്‍ നീണ്ട നടത്തത്തിനുശേഷം റോഡിലെത്തി. ദിവസങ്ങള്‍ക്കുശേഷം അവിടെയുള്ള ഒരു ചെറുകടയില്‍നിന്നും ചായകുടിച്ചാണ് മടങ്ങിവരവ് ആസ്വദിച്ചത്.

മുന്‍പും പിന്നീടും നിരവധി കാടുകള്‍ കയറിയിറങ്ങിയിട്ടുണ്ടെങ്കിലും ഇത്രയും മാസ്മരികമായ അനുഭവങ്ങളൊന്നും ആ വനയാത്രകളില്‍ അനുഭവപ്പെട്ടിട്ടില്ല. ഇനിയും സൈലന്റ്‌വാലിയുടെ നിഗൂഢതകളിലേക്ക് ആഴ്ന്നിറങ്ങണമെന്ന് ആഗ്രഹമുണ്ടെങ്കിലും ഇതുപോലൊരു യാത്ര ഇനി എന്ന് ലഭിക്കുമെന്നറിയില്ല. എങ്കിലും ആ യാത്രയ്ക്കായുള്ള കാത്തിരിപ്പിലാണ് ഇപ്പോഴും.

click me!