നിലംതൊടാതെ പറക്കാം, രാജ്യത്തെ തന്നെ വമ്പൻ കേരളത്തിലെ ഈ ആകാശപ്പാത! അരികിൽ പുതിയൊരു റോഡിനും നീക്കം!

Published : Sep 10, 2024, 11:21 AM IST
നിലംതൊടാതെ പറക്കാം, രാജ്യത്തെ തന്നെ വമ്പൻ കേരളത്തിലെ ഈ ആകാശപ്പാത! അരികിൽ പുതിയൊരു റോഡിനും നീക്കം!

Synopsis

ഇപ്പോഴിതാ നിർമ്മാണം പുരോഗമിക്കുന്ന അരൂർ- തുറവൂർ എലിവേറ്റഡ് ഹൈവേയുടെ സർവീസ് റോഡിനായുള്ള ഭൂമി ഏറ്റെടുക്കൽ സർവേ തുടങ്ങി എന്നാണ് പുതിയ റിപ്പോര്‍ട്ടുകൾ.

ദേശീയപാത 66ന്‍റെ നിർമ്മാണം സംസ്ഥാനത്ത് പുരോഗമിക്കുകയാണ്. ബൈപ്പാസുകളും ആകാശപ്പാതകളുമൊക്കെയായി സംസ്ഥാനത്തെ റോഡ് ഗതാഗതത്തിന്‍റെ മുഖച്ഛായ മാറ്റിക്കൊണ്ടാണ് പുതിയ റോഡ് ഒരുങ്ങുന്നത്.  പുതിയ ദേശീയ പാതയുടെ ഭാഗമായി അരൂര്‍ – തുറവൂര്‍ ഭാഗത്ത് ഉയരപ്പാത നിര്‍മ്മാണം പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. രാജ്യത്തെ തന്നെ വമ്പൻ ആകാശപ്പാതകളിൽ ഒന്നാണിത്. 

ഇപ്പോഴിതാ നിർമ്മാണം പുരോഗമിക്കുന്ന അരൂർ- തുറവൂർ എലിവേറ്റഡ് ഹൈവേയുടെ സർവീസ് റോഡിനായുള്ള ഭൂമി ഏറ്റെടുക്കൽ സർവേ തുടങ്ങി എന്നാണ് പുതിയ റിപ്പോര്‍ട്ടുകൾ. ലാൻഡ് അക്വിസിഷൻ വിഭാഗം ഡെപ്യൂട്ടി കളക്ടറുടെ മേൽനോട്ടത്തിൽ തഹസീൽദാർമാരുടെ നേതൃത്വത്തിലാണ് സർവേ ആരംഭിച്ചത്. അരൂരിനും തുറവൂരിനും മദ്ധ്യേ കുത്തിയതോട്, കോടന്തുരുത്ത്, അരൂർ, എഴുപുന്ന വില്ലേജുകളിലാണ് സർവേ. നിലവിലെ സർവീസ് റോഡിൽ,​ ആവശ്യമായ വീതിയില്ലാത്ത ഇടങ്ങളിലാണ് ഒന്നരമാസം മുമ്പ് ദേശീയപാത അതോറിറ്റി സ്ഥാപിച്ച അതിരടയാളകല്ലുകൾ അടിസ്ഥാനമാക്കി സ്ഥലം ഏറ്റെടുക്കൽ നടപടികൾ ആരംഭിച്ചത്. നാലു വില്ലേജുകളിലായി എൺപതോളം സർവേ നമ്പരുകളിൽപ്പെട്ട ഭൂമിയാണ് അധികമായി ഏറ്റെടുക്കേണ്ടത്. ഇങ്ങനെ അഞ്ച് മുതൽ പത്ത് സ്ക്വയർ ഫീറ്റ് വരെ ഏറ്റെടുക്കേണ്ടിവരും. ഇത് ഏകദേശം രണ്ടരമുതൽ മൂന്നേക്കറോളം ഉണ്ടാവും. വീടുകളും വാണിജ്യസ്ഥാപനങ്ങളും താരതമ്യേന കുറവായതിനാൽ സർവേയും ഭൂമി ഏറ്റെടുക്കൽ നടപടികളും വേഗത്തിൽ പൂർത്തിയാക്കാൻ കഴിയുമെന്നാണ് പ്രതീക്ഷ. സർവേ പൂർത്തിയായാലുടൻ ഭൂമി ഏറ്റെടുക്കലിനുള്ള 3-ഡി വിജ്ഞാപനമിറക്കും. തുടർന്ന്,​ വില നിശ്ചയിച്ച് സ്ഥല ഉടമകൾക്ക് വിതരണം ചെയ്യുന്നതോടെ നടപടികൾ പൂർത്തിയാകും എന്നാണ് റിപ്പോര്‍ട്ടുകൾ.

24 മീറ്റര്‍ വീതിയിലാണ് അരൂര്‍ – തുറവൂര്‍ ആകാശപ്പാത. അ​രൂ​ർ മു​ത​ൽ തു​റ​വൂ​ർ വ​രെ 12.75 കി​ലോ​മീ​റ്റ​റി​ൽ 374 തൂ​ണു​ക​ളാ​ണ് നി​ർ​മ്മി​ക്കു​ന്ന​ത്.  ഉയരപ്പാതയ്‌ക്കായി ആകെ വേണ്ടത് 356 തൂണുകളാണ്. നിലവിലെ ദേശീയപാതയ്‌ക്ക് നടുവിലാണ് ഈ ഒറ്റത്തൂണുകൾ തയ്യാറാക്കുന്നത്. ഈ ഭാഗത്ത് ആകെ 30 മീറ്റര്‍ വീതിയിലാണു ദേശീയപാതയ്‌ക്കു ഭൂമിയുള്ളത്. ആകെ 12.75 കിലോമീറ്റര്‍ നീളം ഉണ്ടാകും ഈ സൂപ്പർ റോഡിന്. രാജ്യത്തെ തന്നെ ഒറ്റത്തൂണില്‍ നിര്‍മിക്കുന്ന ഏറ്റവും നീളം കൂടിയ ആറുവരി ഉയരപ്പാതയാണ് ഇവിടെ നിര്‍മിക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകൾ. ഉയരപ്പാതയ്‌ക്കായി ആകെ അര ഏക്കറോളം സ്ഥലം മാത്രമാണ് ഏറ്റെടുക്കേണ്ടി വന്നത്. ആറു വരി ഉയരപ്പാതയ്‌ക്കു പുറമേ ചേര്‍ത്തല ഭാഗത്തു നിന്നെത്തുന്ന വാഹനങ്ങള്‍ക്ക് വെണ്ടുരുത്തി പാലത്തിലേക്ക് ഇറങ്ങാനായി ഒരു റാംപും നിര്‍മിക്കുന്നുണ്ട്. 1,675 കോടി രൂപയുടേതാണ് നിര്‍മാണ കരാര്‍. മഹാരാഷ്ട്രയിലെ അശോക ബിൽഡ്‌കോൺ കമ്പനിക്കാണ് നിർമ്മാണ കരാർ ലഭിച്ചത്. 2021ൽ കേന്ദ്രമന്ത്രി നിതിൻ ഗഡ്‍കരി അരൂർ മുതൽ തുറവൂർ വരെ ആറുവരി എലിവേറ്റഡ് ഹൈവേക്ക് കേന്ദ്രസർക്കാർ പദ്ധതിയിടുന്നതായി വെളിപ്പെടുത്തിയത്. 2022 ഡിസംബറിൽ, നിർമ്മാണ പ്രവർത്തനങ്ങൾ തുടങ്ങി. മൂന്ന് വർഷത്തിനുള്ളിൽ പൂർത്തിയാക്കുമെന്നായിരുന്നു പ്രഖ്യാപനം. 

           

PREV
Read more Articles on
click me!

Recommended Stories

ഹൃദയത്തിൽ നന്മയുള്ളവർ രാജ്യാതിർത്തികൾക്കപ്പുറത്തും നനവ് പടർത്തും; ആഫ്രിക്കയിൽ കിണർ കുഴിച്ചുനൽകുന്ന ഒരു 'മലപ്പൊറത്തുകാരൻ്റെ' കഥ
80,000 കിമി, 26 രാജ്യങ്ങൾ, ലയണൽ മെസ്സിയുടെ ലോകകപ്പ് വിജയം വരെ കണ്ടു; മടക്കയാത്രയിൽ കേരളത്തിന്‍റെ 'സോളോ മോം'