മിഠായി വാങ്ങിക്കഴിച്ചു, ഛർദ്ദിയോട് ഛർദ്ദി, 3 ഐവി ഡ്രിപ്പിന് 1 ലക്ഷം രൂപ! സൂക്ഷിക്കണമെന്ന് യുവതി

Published : Nov 20, 2025, 01:20 PM IST
Monica Gupta

Synopsis

'മൂന്ന് ഐവി ഡ്രിപ്പിന് ഒരുലക്ഷം രൂപ' എന്നും പറഞ്ഞാണ് പോസ്റ്റ് മോണിക്ക സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്തിരിക്കുന്നത്. 

രാജസ്ഥാനിൽ നിന്നുള്ള ട്രാവൽ വ്ലോഗറായ മോണിക്ക ഗുപ്ത തനിക്ക് തായ്‍ലാൻഡിലുണ്ടായ ഒരു അനുഭവം പങ്കുവച്ചതാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറിക്കൊണ്ടിരിക്കുന്നത്. തായ്‌ലൻഡിലെ ക്രാബിയിൽ ഫുക്കറ്റിൽ നിന്ന് വാങ്ങിയ മിഠായി കഴിച്ചതിന് പിന്നാലെ ​ഗുരുതരാവസ്ഥയിലായി എന്നും അതിന് പിന്നാലെ വൻ തട്ടിപ്പ് നടന്നു എന്നുമാണ് മോണിക്ക ​ഗുപ്ത പറയുന്നത്. വീഡിയോയിൽ മോണിക്ക പറയുന്നത്, ഉച്ചയ്ക്ക് രണ്ട് മണിക്കാണ് തനിക്ക് വയ്യാതായത് എന്നാണ്. മോണിക്ക മാത്രമല്ല, മിഠായി കഴിച്ച അവളുടെ സുഹൃത്തിനും ഇതേ അവസ്ഥ തന്നെ ആയിരുന്നു.

'ഞങ്ങൾക്ക് വിചിത്രമായ ചില ലക്ഷണങ്ങൾ അനുഭവപ്പെട്ട് തുടങ്ങി. നെഞ്ചിലൊരു ഭാരം അനുഭവപ്പെട്ടു, ശ്വസിക്കാൻ പ്രയാസം തോന്നി. എന്റെ സുഹൃത്ത് 15 മിനിറ്റിനുള്ളിൽ 20 തവണയെങ്കിലും ഛർദ്ദിച്ചു' എന്ന് മോണിക്ക പറയുന്നു. അങ്ങനെ വളരെ പെട്ടെന്ന് തന്നെ അവർ അടുത്തുള്ള ആശുപത്രിയിലേക്ക് വിളിച്ചു. ആശുപത്രിയിൽ എത്തിയപ്പോൾ, ഇരുവർക്കും ഏകദേശം 30 മിനിറ്റ് നേരത്തേക്ക് മയക്കമുണ്ടാക്കുന്ന ഒരു IV ഡ്രിപ്പ് നൽകി. തുടക്കത്തിൽ, ചികിത്സയ്ക്കായി അവർക്ക് 17,500 ബാറ്റ് (ഏകദേശം 48,000 രൂപ) ബിൽ നൽകി. അടുത്ത മൂന്ന് മണിക്കൂറിലധികം അവർ ഉറങ്ങിപ്പോയി. അവർക്ക് വരേണ്ടിയിരുന്ന വിമാനത്തിലും കയറാനായില്ല. ഉറക്കമുണർന്നശേഷം, ആശുപത്രി ബിൽ അടയ്ക്കാൻ ചെന്നപ്പോൾ 36,000 ബാറ്റ് (ഏകദേശം ഒരു ലക്ഷം ഇന്ത്യൻ രൂപ) ആണ് അവരിൽ നിന്നും ഈടാക്കിയത്.

 

 

'മൂന്ന് ഐവി ഡ്രിപ്പിന് ഒരുലക്ഷം രൂപ' എന്നും പറഞ്ഞാണ് പോസ്റ്റ് മോണിക്ക സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്തിരിക്കുന്നത്. ഹോസ്പിറ്റലിൽ അടുത്തുണ്ടായിരുന്ന പല രോ​ഗികളും ഇതേപോലുള്ള മിഠായികൾ കഴിച്ച് വന്നവരാണ്, ഒരേ ലക്ഷണങ്ങളാണ് പലർക്കും ഉണ്ടായിരുന്നത്. അതിനാൽ തന്നെ ആ മിഠായികൾ വിൽക്കുന്നവരും ആശുപത്രികളും ചേർന്ന് നടത്തുന്ന തട്ടിപ്പാണോ ഇതെന്ന് സംശയിക്കുന്നതായിട്ടാണ് മോണിക്ക തന്റെ പോസ്റ്റിൽ പറയുന്നത്. നിരവധിപ്പേരാണ് പോസ്റ്റിന് കമന്റുകൾ നൽകിയിരിക്കുന്നത്. അതിൽ സമാനമായ അനുഭവം ഉണ്ടായിരുന്നതായി പലരും പറഞ്ഞു. എന്നാൽ, അതേസമയം തന്നെ ഇത് യുവതിയുടെ തെറ്റിദ്ധാരണയാണ്, അവിടെ പ്രൈവറ്റ് ആശുപത്രികളിൽ നല്ല സൗകര്യവും നല്ല പണവും ചെലവാകും അതിനാൽ തട്ടിപ്പാണ് എന്ന് പറയരുത് എന്നും ഒരുപാടുപേർ അഭിപ്രായപ്പെട്ടിട്ടുണ്ട്.

PREV
Read more Articles on
click me!

Recommended Stories

തീർന്നില്ല, ഒരുകാര്യം കൂടി പറയാനുണ്ട്; വിവാഹവേദിയിൽ 8-ാമത്തെ പ്രതിജ്ഞയുമായി വരൻ, ആദ്യം അമ്പരപ്പ്, പിന്നെ കൂട്ടച്ചിരി
ഇന്ത്യയിലാണോ ജോലി? ലീവ് പോലും കിട്ടില്ല, ക്ഷേമത്തെക്കുറിച്ചോ ആരോഗ്യത്തെക്കുറിച്ചോ ആരും ശ്രദ്ധിക്കില്ല; പോസ്റ്റുമായി യുവാവ്