
സാമൂഹിക മാധ്യമങ്ങളിൽ വൈറലായി പുതുച്ചേരിയിൽ നിന്നുള്ള 11 -കാരിയുടെ ഭരതനാട്യം. അത് വൈറലാകാൻ ഒരു കാരണവുമുണ്ട്, വെള്ളത്തിനടിയിലാണ് 11 -കാരി നൃത്തം ചെയ്തത്. താരഗൈ ആരാധന എന്ന ഈ മിടുക്കിയുടെ ഭരതനാട്യമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയായി മാറുന്നത്. വെറുതെ ഒരു വെറൈറ്റിക്കോ അതുവഴി വൈറലാകാനോ ഒന്നും വേണ്ടിയല്ല താരഗൈ വെള്ളത്തിന്‍റെ അടിയിൽ നൃത്തം ചെയ്തത്. മറിച്ച് കടലില്‍ പ്ലാസ്റ്റിക് മാലിന്യം വലിച്ചെറിയുന്നതിനെതിരെ അവബോധം സൃഷ്ടിക്കുന്നതിന്റെ ഭാഗമായിട്ടാണ് അവൾ നൃത്തം ചെയ്യാനായി വെള്ളം തിരഞ്ഞെടുത്തത്.
ഭരതനാട്യത്തിലും സ്‌കൂബാ ഡൈവിങ്ങിലും പരിശീലനം നേടിയതിനാൽ തന്നെ താരഗൈക്ക് ഈ പ്രകടനം അത്ര പ്രയാസകരമായിരുന്നില്ല. ഭരതനാട്യത്തിന്റെ വേഷഭൂഷാദികളണിഞ്ഞാണ് താരഗൈ നൃത്തം അവതരിപ്പിച്ചത്. 20 അടിയോളം താഴ്ചയിലാണ് ഭരതനാട്യം അവതരിപ്പിച്ചിരിക്കുന്നത്. വെള്ളത്തിലെ നൃത്തത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്തിരിക്കുന്നത് ശുഭം ഭരദ്വാജ് എന്ന യൂസറാണ്. 'താരഗൈ ആരാധന - നൃത്തത്തെ സമുദ്രരക്ഷയ്ക്ക് വേണ്ടിയുള്ള ദൗത്യമാക്കി മാറ്റിയിരിക്കുന്ന പെൺകുട്ടി' എന്ന ക്യാപ്ഷനോടെയാണ് വീഡിയോ ശുഭം ഭരദ്വാജ് ഷെയർ ചെയ്തിരിക്കുന്നത്. വളരെ പെട്ടെന്ന് തന്നെ വീഡിയോ വൈറലായി മാറുകയായിരുന്നു.
വെള്ളത്തിലാണെന്ന ഒരു പ്രയാസവും അനുഭവപ്പെടാത്ത തരത്തിലുള്ളതാണ് താരഗൈയുടെ നൃത്തം. വളരെ മനോഹരമായ നൃത്തത്തിനൊപ്പം തന്നെ വളരെ ശക്തമായ ഒരു സന്ദേശം കൂടി അവൾ പങ്കുവയ്ക്കുന്നു. അനേകങ്ങളാണ് വീഡിയോയ്ക്ക് കമന്റുകളുമായി എത്തിയിരിക്കുന്നത്. ഒരേസമയം മിടുക്കിയും ധൈര്യശാലിയുമാണ് അവൾ എന്നാണ് മിക്കവരും കമന്റ് നൽകിയിരിക്കുന്നത്. ഒപ്പം തന്നെ അവൾ നൽകുന്ന പ്ലാസ്റ്റിക്കിനെതിരായ അവബോധത്തെ കുറിച്ചും ആളുകൾ കമന്റ് നൽകി. താരഗൈയെ ഇങ്ങനെ വളർത്തിയ അമ്മയും അച്ഛനും അഭിനന്ദനം അറിയിച്ചുകൊണ്ടാണ് മറ്റ് പലരും കമന്റ് നൽകിയത്.