അമ്പമ്പോ എന്തൊരു പാട്, 110 ഇഞ്ചിന്റെ പുത്തൻ ടിവി മുകളിലെത്തിക്കണം, അവസാനം ക്രെയിൻ വേണ്ടിവന്നു

Published : Jan 26, 2026, 02:12 PM IST
viral video

Synopsis

ചൈനയിൽ 110 ഇഞ്ച് വലിപ്പമുള്ള കൂറ്റന്‍ ഹുവാവേ ടിവി വീട്ടിലെത്തിക്കാൻ ക്രെയിൻ ഉപയോഗിക്കേണ്ടി വന്നു. ലിഫ്റ്റിലോ പടികളിലോ കയറ്റാൻ കഴിയാത്തതിനാലായിരുന്നു ഇത്. സംഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണിപ്പോള്‍.

വീട്ടിലേക്ക് ഒരു പുതിയ ടിവി വാങ്ങി. അത് കടയിൽ നിന്നും സുരക്ഷിതമായി നമ്മുടെ വീട്ടിലെ സ്വീകരണമുറിയിൽ എത്തിക്കുന്നതിനുള്ള സൗകര്യം ഇന്നുണ്ട്. എന്നാൽ, ഒരു ടിവി വീട്ടിലേക്ക് എത്തിക്കാൻ ഒരു ക്രെയിൻ തന്നെ വേണ്ടിവന്നാലോ, എന്താവും അവസ്ഥ? അതാണ് ഇവിടെയും നടന്നത്. ചൈനയിൽ നിന്നുള്ള അത്തരമൊരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ കൗതുകമുണർത്തുന്നത്.

ഹുവാവേയുടെ 110 ഇഞ്ച് വലിപ്പമുള്ള ടിവിയാണ് ഉടമയ്ക്ക് ഈ പണി കൊടുത്തിരിക്കുന്നത്. വീടിൻ്റെ ലിഫ്റ്റിലൂടെയോ പടികളിലൂടെയോ അകത്തേക്ക് കയറ്റാൻ കഴിയാത്തത്ര വലുപ്പമുള്ളതിനാലാണത്രെ ടിവി വീടിനകത്ത് എത്തിക്കുന്നതിന് വേണ്ടി ക്രെയിൻ ഉപയോഗിക്കേണ്ടി വന്നത്. ഷു സെൻക്വിംഗ് എന്ന യൂസറാണ് എക്സിൽ (ട്വിറ്റർ) ഈ വീഡിയോ പങ്കുവെച്ചത്.

വീഡിയോ അധികം വൈകാതെ തന്നെ ശ്രദ്ധിക്കപ്പെട്ടു. വീഡിയോ വൈറലായതോടെ രസകരമായ കമൻ്റുകളുമായി ആളുകൾ രംഗത്തെത്തുകയും ചെയ്തു. 'ഇതൊരു ടിവി അല്ല, ഇതൊരു വലിയ ഇവൻ്റ് തന്നെയാണ്' എന്നാണ് ടിവി അകത്തെത്തിക്കാനുള്ള തത്രപ്പാടിനെ കുറിച്ച് ഒരാൾ കുറിച്ചത്. 'ടിവി വാങ്ങിയപ്പോൾ ക്രെയിൻ കൂടെ ഫ്രീയായി കിട്ടിയതാണോ' എന്നായിരുന്നു മറ്റൊരാൾ കുറിച്ചത്. 'പിയാനോകൾ ഇങ്ങനെ കയറ്റുന്നത് കണ്ടിട്ടുണ്ട്, പക്ഷെ ഒരു ടിവിക്ക് വേണ്ടി ഇതാദ്യമാണ് ക്രെയിൻ കൊണ്ടുവരുന്നത് കാണുന്നത്' എന്നായിരുന്നു മറ്റൊരാളുടെ പ്രതികരണം. 'ഇനി ഈ വീട് മാറി താമസിക്കേണ്ടി വന്നാൽ ടിവിയുടെ കാര്യം കഷ്ടത്തിലാകും' എന്നായിരുന്നു മറ്റൊരു കമന്റ്.

 

 

അപ്പാർട്ട്മെൻ്റുകളുടെ നിർമ്മാണത്തെക്കുറിച്ചും ചിലർ ആശങ്ക പ്രകടിപ്പിച്ചു. വലിയ വീട്ടുപകരണങ്ങൾ എത്തിക്കാൻ സൗകര്യമില്ലാത്ത രീതിയിലാണോ കെട്ടിടങ്ങൾ പണിയുന്നത് എന്ന ചോദ്യമാണ് പലരും ഉയർത്തിയത്. കൂടാതെ, ടിവിയുടെ വിലയേക്കാൾ കൂടുതലാവുമല്ലോ അത് വീട്ടിലെത്തിക്കാനുള്ള ചെലവ് എന്നും ചിലർ കുറിച്ചു.

PREV
Read more Articles on
click me!

Recommended Stories

'ഇത് അന്യായമാണ്, ശരിക്കും ഇന്ത്യ അങ്ങനെയല്ല'; വിദേശ വ്ലോ​ഗർമാരെ വിമർശിച്ച് കനേഡിയൻ യുവതി
ദൃശ്യം പകർത്തിയത് പുലർച്ചെ രണ്ടരയ്ക്ക്, കയ്യിൽ ​ല​ഗേജുകൾ, വാഹനങ്ങൾ പെരുവഴിയിൽ, കനത്ത മഞ്ഞുവീഴ്ചയിൽ സഞ്ചാരികൾ