അസുഖം കാരണം അവധിക്ക് അപേക്ഷിച്ച സ്റ്റാർട്ടപ്പ് ജീവനക്കാരന് കമ്പനി ഉടമയിൽ നിന്നുണ്ടായ അനുഭവമാണ് ഇപ്പോള്‍ സോഷ്യ‍ല്‍ മീഡിയയില്‍ ചര്ർച്ചയാവുന്നത്. ശമ്പളമില്ലാത്ത അവധിയായി കണക്കാക്കാനും അന്നേദിവസം ചോദിക്കുന്ന അവധികൾ അനുവദിക്കരുതെന്നുമാണത്രെ ഉടമ പറഞ്ഞത്. 

ജീവനക്കാരുടെ ആരോ​ഗ്യത്തിനോ, സമാധാനത്തിനോ യാതൊരു പരി​ഗണനയും നൽകാത്ത അനേകം കമ്പനികളും കമ്പനി ഉടമകളും ലോകത്ത് പലയിടത്തുമുണ്ട്. ഇന്ത്യയിൽ അതല്പം കൂടുതലുമാണ്. എന്തായാലും, അതുപോലെ ഒരു പോസ്റ്റാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധിക്കപ്പെടുന്നത്. അസുഖം കാരണം അവധിക്ക് അപേക്ഷിച്ച ജീവനക്കാരനോട് സ്റ്റാർട്ടപ്പ് കമ്പനി സ്ഥാപകൻ കാണിച്ച സമീപനത്തെ കുറിച്ചാണ് ഈ സോഷ്യൽ മീഡിയാ പോസ്റ്റിൽ പറയുന്നത്. നോയിഡയിലെ ഒരു സാസ് സ്റ്റാർട്ടപ്പിൽ ജോലി ചെയ്യുന്ന യുവാവിനാണ് ഈ ദുരനുഭവം ഉണ്ടായത്. തനിക്ക് ലഭിച്ച ഇമെയിലിന്റെ സ്ക്രീൻഷോട്ട് സഹിതമാണ് റെഡിറ്റിലെ 'r/IndianWorkplace' എന്ന ഗ്രൂപ്പിലാണ് ഇയാൾ കുറിപ്പ് പങ്കുവെച്ചത്.

താൻ താമസിക്കുന്ന സ്ഥലത്ത് രാത്രി മുഴുവൻ വൈദ്യുതി ഇല്ലായിരുന്നു. അതിനാൽ ഉറങ്ങിയില്ല, അതിന്റെ ക്ഷീണം കാരണം ജോലിക്ക് പോകാൻ കഴിയാത്ത അവസ്ഥയിലായിരുന്നുവെന്നാണ് യുവാവ് തന്റെ പോസ്റ്റിൽ പറയുന്നത്. തുടർന്ന് രാവിലെ എച്ച്.ആർ വിഭാഗത്തിന് അവധി അപേക്ഷിച്ച് മെയിൽ അയച്ചു. എന്നാൽ, അല്പസമയത്തിനകം കമ്പനി ഉടമയിൽ നിന്ന് എച്ച്.ആറിന് ലഭിച്ച മറുപടി ഇങ്ങനെയായിരുന്നു: 'ഇത് ശമ്പളമില്ലാത്ത അവധിയായി രേഖപ്പെടുത്തിയാൽ മതി. അന്നേ ദിവസം ചോദിക്കുന്ന അവധികൾ അനുവദിക്കരുത്'.

മെയിൽ അയച്ചതിന് പിന്നാലെ ഉടമ തന്നെ ഫോണിൽ വിളിച്ചുവെന്നും യുവാവ് പറയുന്നു. തനിക്ക് അസുഖമാണെന്ന് ആവർത്തിച്ച് പറഞ്ഞിട്ടും, 'നിന്റെ സംസാരം കേട്ടിട്ട് കുഴപ്പമൊന്നും തോന്നുന്നില്ലല്ലോ' എന്നായിരുന്നുവത്രെ ഉടമയുടെ മറുപടി. കഴിഞ്ഞ ആറ് മാസത്തിനിടയിൽ താൻ എടുക്കുന്ന വെറും രണ്ടാമത്തെ അവധി മാത്രമാണിതെന്നും യുവാവ് പറയുന്നു.

നിരവധിപ്പേരാണ് പോസ്റ്റിന് കമന്റുകളുമായി എത്തിയത്. ഇന്ത്യയിലെ തൊഴിലിടങ്ങളിൽ ജീവനക്കാരുടെ ആരോ​ഗ്യത്തിന് യാതൊരു പ്രാധാന്യവും നൽകാത്തതിനെ കുറിച്ചാണ് പ്രധാനമായും ചർച്ചകൾ നടന്നത്. 'ഒരു ജീവനക്കാരന് അസുഖമാണെന്ന് പറഞ്ഞാൽ അത് വിശ്വസിക്കാൻ പോലും തയ്യാറാകാത്ത കമ്പനികൾ വലിയ അപകടം തന്നെ' എന്നാണ് ഒരാൾ കുറിച്ചത്. അതുപോലെ, ആരോ​ഗ്യത്തിന് പ്രാധാന്യം നൽകി ഈ ജോലി വിട്ട് മറ്റൊരു ജോലി കണ്ടെത്താൻ ശ്രമിക്കണമെന്നും പലരും ഉപദേശിച്ചു.