
ഹോട്ടൽ മുറികൾക്കൊക്കെ വൻ വാടകയാണ്. സൗകര്യം കൂടുന്തോറും വാടകയും കൂടും. എന്നാൽ, വെറും 1100 രൂപയ്ക്ക് കിട്ടിയ ഒരു ഹോട്ടൽ മുറിയുടെ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധിക്കപ്പെടുന്നത്. ഇന്ത്യയിൽ അല്ല അങ്ങ് ചൈനയിലാണ് ഈ ഹോട്ടൽ മുറി. അനന്ത് എന്ന ട്രാവൽ വ്ലോഗറാണ് ഈ വീഡിയോ സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്തിരിക്കുന്നത്. വീഡിയോയിൽ, അനന്ത് ചൈനയിലെ ഒരു പ്രധാന നഗരമായ ചെങ്ഡുവിലെ ഈ ഹോട്ടൽ റൂം ടൂറാണ് കാണിക്കുന്നത്. ലോഫ്റ്റ് റൂം എന്നാണ് ഇതിനെ യുവാവ് വിശേഷിപ്പിക്കുന്നത്. വലിപ്പത്തിന്റെ കാര്യത്തിൽ ചെങ്ഡുവിനെ അഹമ്മദാബാദുമായിട്ടാണ് അനന്ത് താരതമ്യം ചെയ്യുന്നത്. ഈ താമസ സൗകര്യം നഗരമധ്യത്തിനടുത്താണെന്നും ഒരു ദിവസത്തേക്ക് 1,100 മാത്രമേ ചെലവാകൂ എന്നും അനന്ത് പറയുന്നത് കേൾക്കാം.
'വരൂ, ചൈന എങ്ങനെയാണ് ജീവിക്കുന്നതെന്ന് ഞാൻ കാണിച്ചുതരാം. വെറും 1,100 രൂപയ്ക്ക് ചൈന നിങ്ങൾക്ക് എന്താണ് നൽകുക? ഒന്ന് സൂക്ഷ്മമായി നോക്കൂ' എന്നും അനന്ത് പറയുന്നു. തുടർന്ന് മുറിയിൽ എന്തൊക്കെയുണ്ട് എന്നാണ് കാണിക്കുന്നത്. വാഷിംഗ് മെഷീൻ, റഫ്രിജറേറ്റർ, ഇൻഡക്ഷൻ സ്റ്റൗ, കെറ്റിൽ, ടവലുകൾ, ഒരു കോംപാക്റ്റ് ബാത്ത്‌റൂം എന്നിവയുൾപ്പെടെയുള്ള സൗകര്യങ്ങൾ വീഡിയോയിൽ കാണാം. മുറിയിൽ ഒരു സോഫ, ഒരു വലിയ ടെലിവിഷൻ, ബെഡ്ഡും ചാൻഡിലിയറും ഉള്ള ഡ്യൂപ്ലെക്സ് ശൈലിയിലുള്ള മുകൾ നിലയും ഉണ്ടായിരുന്നു.
ഉറങ്ങുന്ന സ്ഥലത്തിനടുത്തായി നൽകിയിരിക്കുന്ന പ്രൊജക്ടറാണ് സൗകര്യങ്ങളിൽ അനന്തിനെ കൂടുതൽ ആകർഷിച്ചത്. അത് ഡിവൈസുമായി കണക്ട് ചെയ്ത് ഇഷ്ടമുള്ളതെല്ലാം കാണാം എന്നും അനന്ത് പറയുന്നു. ഒപ്പം പണപ്പെരുപ്പവും മറ്റ് പ്രതിസന്ധികളുമുണ്ടാകുമ്പോഴും ടൂറിസം താരതമ്യേന ചൈനയിൽ ചെലവ് കുറഞ്ഞതാണ് എന്നും യുവാവ് വെളിപ്പെടുത്തുന്നു. നിരവധിപ്പേരാണ് വീഡിയോയ്ക്ക് കമന്റുകൾ നൽകിയത്. ഇന്ത്യൻ നഗരങ്ങളിൽ ഇപ്പോൾ 1100 രൂപയ്ക്ക് മികച്ച മുറികൾ ലഭിക്കുക പ്രയാസമാണ് എന്നാണ് ആളുകൾ അഭിപ്രായപ്പെടുന്നത്.