നർമ്മദാ നദിയിലൊഴുക്കിയത് 11,000 ലിറ്റർ പാൽ, 'നദിയെ അഭിഷേകം ചെയ്തതെ'ന്ന് സംഘാടകര്‍, വിമര്‍ശനം

Published : Apr 10, 2026, 09:30 AM IST
viral video

Synopsis

മധ്യപ്രദേശിലെ നർമ്മദാ നദിയിൽ 11,000 ലിറ്റർ പാൽ ഒഴുക്കി. സംഭവത്തിന്‍റെ ദൃശ്യങ്ങള്‍ വൈറലായതോടെ വന്‍ ചര്‍ച്ച. ആചാരത്തിന്റെ ഭാഗമായാണ് ഇത് ചെയ്തതെന്ന് സംഘാടകർ. പോഷകാഹാരക്കുറവും പരിസ്ഥിതി നാശവും ചൂണ്ടിക്കാട്ടി വിമർശനവും ഉയരുന്നു. 

മധ്യപ്രദേശിൽ നിന്നുള്ള ഒരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറിക്കൊണ്ടിരിക്കുന്നത്. വലിയ ചർച്ചകളും തർക്കങ്ങളുമാണ് ഇതിന് പിന്നാലെ നടക്കുന്നത്. നർമ്മദാ നദിയിൽ ലിറ്റർ കണക്കിന് പാൽ ഒഴുക്കുന്ന വീഡിയോയാണ് പ്രചരിക്കുന്നത്. ആചാരത്തിന്റെ ഭാ​ഗമായാണ് ഇത് നടത്തിയത് എന്നാണ് സംഘാടകർ അവകാശപ്പെടുന്നത്. അതേസമയം, പോഷകാഹാരക്കുറവ് അനുഭവിക്കുന്ന ജനങ്ങളുള്ളപ്പോൾ ഈ ചെയ്യുന്നത് തെറ്റാണ് എന്നും പരിസ്ഥിതിയെ ഇത് ദോഷമായി ബാധിക്കുമെന്നും വിമർശകർ ചൂണ്ടിക്കാട്ടുന്നു.

സെഹോർ ജില്ലയിലെ സത്ദേവ് ഗ്രാമത്തിലുള്ള ശ്രീ ദാദാജി ദർബാർ പാതാളേശ്വർ മഹാദേവ് ക്ഷേത്രത്തിൽ ചൈത്ര നവരാത്രിയോടനുബന്ധിച്ച് നടന്ന ചടങ്ങുകളുടെ ഭാ​ഗമായിട്ടാണത്രെ പാൽ ഒഴുക്കിയത്. ദിവസവും 151 ലിറ്റർ പാൽ വീതമാണ് നദിയിൽ ഒഴുക്കിയത്. അവസാന ദിവസമായ ബുധനാഴ്ച മാത്രം ഏകദേശം 11,000 ലിറ്റർ പാലാണ് നർമ്മദയിലേക്ക് ഒഴുക്കിയത്. ശിവാനന്ദ് മഹാരാജിന്റെ നേതൃത്വത്തിലായിരുന്നു ഈ ചടങ്ങുകൾ സംഘടിപ്പിച്ചത്.

എന്നാൽ, വീഡിയോ വൈറലായി മാറിയതോടെ ഇതിനെതിരെ വിമർശനം ഉയരുകയായിരുന്നു. മധ്യപ്രദേശിലെ ലക്ഷക്കണക്കിന് കുട്ടികൾ പോഷകാഹാരക്കുറവ് നേരിടുന്ന സമയത്താണ് ഇത്രയധികം പാൽ നദിയിൽ ഒഴുക്കി പാഴാക്കുന്നത് എന്നായിരുന്നു ഒരു പ്രധാന വിമർശനം. മാത്രമല്ല, നദിയിൽ ഇത്രയധികം പാൽ ഒഴുക്കുന്നത് ജലത്തിലെ ഓക്സിജന്റെ അളവ് കുറയ്ക്കുമെന്നാണ് പരിസ്ഥിതി പ്രവർത്തകർ മുന്നറിയിപ്പ് നൽകുന്നത്. ഇത് ജലത്തിലെ ജീവജാലങ്ങളുടെ നിലനിൽപ്പിനെ ബാധിക്കുകയും ബാക്ടീരിയകളുടെ വളർച്ചയ്ക്ക് കാരണമാവുകയും ചെയ്യുമെന്നും ഇവർ ആരോപിച്ചു.

 

 

അതേസമയം, 'ബാബയ്ക്ക് നർമ്മദാനദി അമ്മയെപ്പോലെയാണ്. നദിയെ അഭിഷേകം ചെയ്യുക എന്നതും ജനങ്ങൾക്ക് ഭക്ഷണം നൽകുക എന്നതുമാണ് അദ്ദേഹത്തിന്റെ ലക്ഷ്യം എന്നാണ് വിശ്വാസികളുടെ പക്ഷം. നദിയെ ശുദ്ധീകരിക്കാനും തീർത്ഥാടകരുടെ ക്ഷേമത്തിനായും, ഒപ്പം പ്രാദേശികവാസികളുടെ സന്തോഷത്തിനും ഐശ്വര്യത്തിനായുമാണ് ഇത് ചെയ്യുന്നത് എന്നും സംഘാടകര്‍ പറയുന്നതായി മാധ്യമങ്ങള്‍ എഴുതുന്നു. സ്വകാര്യ ഫണ്ട് ഉപയോഗിച്ചാണ് ചടങ്ങുകൾ നടത്തുന്നതെന്നും ആചാരങ്ങളെ ചോദ്യം ചെയ്യരുതെന്നുമാണ് സംഘാടകരുടെ നിലപാട്. അപ്പോഴും നദിയിൽ ആയിരക്കണക്കിന് ലിറ്റർ പാലൊഴുക്കിയതിനെതിരെ സോഷ്യൽ മീഡിയയിൽ രൂക്ഷവിമർശനം തന്നെയാണ് ഉയരുന്നത്.

 

PREV
Read more Articles on
click me!

Recommended Stories

കുട്ടികളില്ല, രണ്ടാൾക്കും ജോലിയുണ്ട്, ദമ്പതികളുടെ ഒരുമാസത്തെ ചിലവ് 81,000 രൂപ!
യുഎസിലെ 'സോംബി ഡ്രഗ്' ബെംഗളൂരുവിലും? വളഞ്ഞ് കുത്തി അനങ്ങാതെ നിൽക്കുന്ന യുവാവ്, ബെംഗളൂരുവിൽ നിന്നും ഭയപ്പെടുത്തുന്ന വീഡിയോ