
ബെംഗളൂരുവിൽ ഒരുമാസം കഴിഞ്ഞുപോവുക എന്നത് വൻ ചിലവുള്ള സംഗതിയാണ്. ചെറിയ പൈസക്കൊന്നും അവിടെ ജീവിക്കുക നടക്കില്ല. എന്നാൽ, കൃത്യമായ പ്ലാനിംഗ് ഉണ്ടെങ്കിൽ അതൊക്കെ നടക്കും എന്നാണ് ഈ യുവതി തെളിയിക്കുന്നത്. എമി അറോറ എന്ന 22 -കാരിയാണ് മാസം വെറും 18,000 രൂപ കൊണ്ട് താൻ എങ്ങനെയാണ് ബെംഗളൂരുവിൽ ജീവിക്കുന്നത് എന്ന് വ്യക്തമാക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്തിരിക്കുന്നത്. ഒരു സോഫ്റ്റ്‌വെയർ ഡെവലപ്‌മെന്റ് എൻജിനീയർ ഇന്റേണാണ് എമി. തന്റെ ചിലവുകളെ അഞ്ചാക്കിയാണ് എമി തിരിച്ചിരിക്കുന്നത്.
അതിലൊന്ന് താമസം തന്നെയാണ്. പേയിംഗ് ഗസ്റ്റായിട്ടാണ് എമി താമസിക്കുന്നത്. വാടക 7,200 രൂപ. തനിച്ചൊരു ഫ്ലാറ്റ് എടുക്കുന്നതിനേക്കാൾ വലിയൊരു തുക ഇതിലൂടെ ലാഭിക്കാൻ കഴിയുന്നുണ്ടെന്ന് അവൾ പറയുന്നു. പിജിയിലെ തന്നെ മെസ് സർവീസ് ഉപയോഗിക്കുന്നതിലൂടെ ഭക്ഷണച്ചെലവും കുറവാണ്. മാസം വെറും 3,600 രൂപയിൽ ഭക്ഷണം ഒതുങ്ങും. ആഴ്ചയിൽ രണ്ട് ദിവസം മാത്രമേ ഓഫീസിൽ പോകേണ്ടതുള്ളൂ. ഏകദേശം 1,600 രൂപയാണ് ഒരു മാസത്തെ യാത്രാച്ചെലവ്. അത്യാവശ്യം ഓൺലൈൻ പർച്ചേസുകൾക്കായി 2,000 രൂപയും, പുറത്തുനിന്നുള്ള ഭക്ഷണത്തിനായി 2,000 രൂപയും എമി മാറ്റിവെക്കും. ഷോപ്പിംഗിനും മറ്റ് ചില്ലറ ചെലവുകൾക്കുമായി ഏകദേശം 1,500 രൂപയാണ് ചെലവാക്കുന്നത്.
നിരവധിപ്പേരാണ് എമിയുടെ പോസ്റ്റിന് കമന്റുകളുമായി എത്തിയത്. ശ്രദ്ധിച്ച് ജീവിക്കുകയാണെങ്കിൽ ബെംഗളൂരുവിലും വലിയ ചിലവില്ലാതെ തന്നെ ജീവിക്കാനാവും എന്ന് തെളിയിക്കുന്നതായിരുന്നു എമിയുടെ അനുഭവം എന്നാണ് ആളുകൾ അഭിപ്രായപ്പെട്ടത്. സാധാരണയായി ബെംഗളൂരുവിൽ ജീവിക്കുന്നവർ പലപ്പോഴും പങ്കുവയ്ക്കുന്ന ചെലവ് മിനിമം 20,000 രൂപയും മിക്കവാറും 50,000 -ത്തിന് മുകളിലും ആയിരിക്കും. അത് മാത്രമല്ല സത്യം എന്ന് തെളിയിക്കുന്നതാണ് എമിയുടെ അനുഭവം.