കോൾ റെക്കോർഡ് പങ്കുവച്ച് യുവതി, ഇതെന്തൊരു കഷ്ടം, വാടകവീടിന് ഡെപ്പോസിറ്റ് 3 ലക്ഷമോ!

Published : Mar 25, 2026, 01:05 PM IST
viral video

Synopsis

ബെംഗളൂരുവിൽ വാടകവീട് അന്വേഷിക്കുന്ന ഉപാസന എന്ന യുവതി ഷെയര്‍ ചെയ്ത ഒരു വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുന്നത്. ഒരു വീട്ടുടമസ്ഥൻ സെക്യൂരിറ്റി ഡെപ്പോസിറ്റായി ആവശ്യപ്പെട്ടത് 3 ലക്ഷം രൂപയാണത്രെ!

ബെംഗളൂരുവിൽ വാടകയ്ക്ക് ഒരു വീട് കിട്ടുക എന്നാൽ വലിയ കടമ്പ തന്നെ കടക്കേണ്ടുന്ന സം​ഗതിയാണ്. ഓരോ ദിവസവുമെന്നോണം വർധിച്ചു വരുന്ന വാടകയും സെക്യൂരിറ്റി ഡെപ്പോസിറ്റുമെല്ലാം പലപ്പോഴും ആളുകളെ വലക്കാറുണ്ട്. അത്തരത്തിലുള്ള അനേകം പോസ്റ്റുകളും സോഷ്യൽ മീഡിയയിൽ ശ്രദ്ധിക്കപ്പെടാറുണ്ട്. അത്തരത്തിലുള്ള ഒരു പോസ്റ്റാണ് ഉപാസന എന്ന യുവതിയും ഷെയർ ചെയ്യുന്നത്. മൂന്ന് വർഷത്തിനിടെ തന്റെ മൂന്നാമത്തെ വീട് അന്വേഷിച്ചിറങ്ങിയതായിരുന്നു ഉപാസന. ഒരു വീട്ടുടമസ്ഥനുമായി ഫോണിൽ സംസാരിക്കുന്നതിനിടയിൽ സെക്യൂരിറ്റി ഡെപ്പോസിറ്റ് എത്രയാണെന്ന ചോദ്യത്തിന് ലഭിച്ച മറുപടിയാണ് ഉപാസനയെ ഞെട്ടിച്ചത്. 3 ലക്ഷം രൂപയാണ് ഡെപ്പോസിറ്റായി ഉടമ ആവശ്യപ്പെട്ടത്.

'3 ലക്ഷം രൂപയോ? തമാശ പറയുകയാണോ' എന്ന് ഉപാസന ചോദിക്കുന്നതും വീഡിയോയിൽ കാണാം. ഡെൽഹി ഉൾപ്പെടെയുള്ള മറ്റ് നഗരങ്ങളിൽ താമസിച്ചിട്ടുള്ള തനിക്ക് ഇത്രയും വലിയ തുക ഡെപ്പോസിറ്റായി നൽകേണ്ടി വരുന്നത് ചിന്തിക്കാൻ പോലും കഴിയില്ല, വാടകയുടെ പത്തിരട്ടി തുക ഡെപ്പോസിറ്റ് വാങ്ങുന്ന രീതി ബെംഗളൂരുവിൽ മാത്രമാണ് ഉള്ളത് എന്നും ഉപാസന പറയുന്നു.

വീട് അന്വേഷണത്തിനിടയിൽ തനിക്ക് നേരിടേണ്ടി വന്ന മറ്റ് ബുദ്ധിമുട്ടുകളെ കുറിച്ചും ഉപാസന തന്റെ പോസ്റ്റിൽ പറയുന്നുണ്ട്. വിശാലമായ, സൂര്യപ്രകാശം ലഭിക്കുന്ന വീടുകളാണ് താൻ അന്വേഷിക്കുന്നത്, എന്നാൽ ലഭിക്കുന്നതാവട്ടെ ഇടുങ്ങിയ മുറികളും ലിഫ്റ്റ് പോലുമില്ലാത്ത കെട്ടിടങ്ങളുമാണ് എന്നാണ് ഉപാസന പറയുന്നത്.

 

 

ഓൺലൈൻ ലിസ്റ്റിംഗുകളിൽ 'കോസി' എന്ന് വിശേഷിപ്പിക്കുന്ന വീടുകളാവട്ടെ ശരിക്കും ഇടുങ്ങിയ വീടുകളാണ് എന്നും ഉപാസന പറയുന്നു. 'കാലുകുത്താൻ പോലും ഇടമില്ലാത്ത വീടുകളെയാണ് അവർ കോസി എന്ന് വിളിക്കുന്നത്' എന്നാണ് അവൾ പറയുന്നത്. ഈ മാസാവസാനത്തിനുള്ളിൽ പുതിയ വീട് കണ്ടെത്തണമെന്ന വെല്ലുവിളിയാണ് തനിക്ക് മുന്നിലുള്ളതെന്നും യുവതി പറയുന്നുണ്ട്. നിരവധിപ്പേരാണ് പോസ്റ്റിന് കമന്റുകൾ നൽകിയത്. പലരും ഉപാസന പറയുന്നത് സത്യമാണ് എന്ന് അം​ഗീകരിച്ചു. ഒപ്പം വീട് എങ്ങനെ കണ്ടെത്താമെന്നുള്ള നിർദ്ദേശങ്ങളും പലരും പങ്കുവച്ചിട്ടുണ്ട്.

PREV
Read more Articles on
click me!

Recommended Stories

ആഴ്ചയിൽ 4 ദിവസം മാത്രം ജോലി, ബാക്കി 3 ദിവസം ഇങ്ങനെ ചെലവഴിക്കാം, ശ്രദ്ധേയമായി യുവതിയുടെ പോസ്റ്റ്
ഹെന്റമ്മേ! ആരാണ് റോഡിലൂടെ നടന്നുവരുന്നത്; തൊട്ടടുത്ത് കാണ്ടാമൃ​ഗം, ആകപ്പാടെ അന്തംവിട്ട് യുകെക്കാരൻ!