
വിദേശത്തെ ജീവിതത്തെക്കുറിച്ചും വരുമാനത്തെക്കുറിച്ചും സോഷ്യൽ മീഡിയയിൽ പങ്കുവെച്ച വീഡിയോയിലൂടെ ശ്രദ്ധേയനാകുകയാണ് ഓസ്‌ട്രേലിയയിൽ ജോലി ചെയ്യുന്ന രവീന്ദർ എന്ന യുവാവ്. വിദേശത്തെ മികച്ച വരുമാനത്തെക്കുറിച്ച് സംസാരിക്കുമ്പോഴും, കഠിനമായി ജോലി ചെയ്യുമ്പോഴുള്ള യാഥാർത്ഥ്യങ്ങളും അദ്ദേഹം വീഡിയോയിൽ പറയുന്നു. ഇന്ത്യയിലെ മുൻകാല വരുമാനവുമായി ഓസ്‌ട്രേലിയയിലെ വരുമാനത്തെ താരതമ്യം ചെയ്തുകൊണ്ടാണ് രവീന്ദർ തന്റെ വീഡിയോ ആരംഭിക്കുന്നത്. 'ഇന്ത്യയിൽ ഒരു മാസം മുഴുവൻ കഷ്ടപ്പെട്ടാൽ ലഭിച്ചിരുന്ന വരുമാനമാണ് ഇവിടെ ഒരു ദിവസത്തെ ജോലി കൊണ്ട് ലഭിക്കുന്നത്. ഏകദേശം 35,000 മുതൽ 40,000 രൂപ വരെ (650-700 ഡോളർ) ഒരു ദിവസം കൊണ്ട് സമ്പാദിക്കാൻ കഴിയുന്നുണ്ട്' അദ്ദേഹം വ്യക്തമാക്കി.
വിദേശത്തെ ജീവിതച്ചെലവുകളെക്കുറിച്ചുള്ള ആശങ്കകൾക്കിടയിലും, കഠിനാധ്വാനം ചെയ്താൽ മികച്ച ജീവിത നിലവാരം പുലർത്താൻ സാധിക്കുമെന്ന് അദ്ദേഹം വാദിക്കുന്നു. 'ഒരു ദിവസത്തെ വരുമാനം കൊണ്ട് എനിക്ക് ഒരു മാസത്തേക്കുള്ള വീട്ടുസാധനങ്ങൾ വാങ്ങാൻ സാധിക്കും. രാവിലെ ഏഴ് മണിക്ക് തുടങ്ങി രാത്രി 12 മണി വരെ നീളുന്ന കഠിനമായ ജോലിത്തിരക്കാണെങ്കിലും, മാതാപിതാക്കളുടെ കഷ്ടപ്പാടുകൾക്ക് മുന്നിൽ ഇത് ഒന്നുമല്ല' രവീന്ദർ പറഞ്ഞു. ദാരിദ്ര്യത്തിൽ നിന്ന് മോചനം നേടാൻ വിദേശത്തേക്ക് വന്ന് കഠിനാധ്വാനം ചെയ്യാൻ അദ്ദേഹം മറ്റുള്ളവരെ പ്രോത്സാഹിപ്പിക്കുന്നുമുണ്ട്.
വീഡിയോയ്ക്ക് സമ്മിശ്ര പ്രതികരണങ്ങളാണ് സാമൂഹിക മാധ്യമങ്ങളിൽ ഉയരുന്നത്. രവീന്ദറിന്റെ കഠിനാധ്വാനത്തെ അഭിനന്ദിക്കുമ്പോഴും, വിദേശത്തെ ജീവിതത്തിലെ ഉയർന്ന ജീവിതച്ചെലവും നികുതികളും പലരും ഓർമ്മിപ്പിക്കുന്നു. 'കഠിനാധ്വാനത്തിന് ആദരവ്, പക്ഷേ എല്ലാവർക്കും ഈ ജീവിതശൈലി മാനേജ് ചെയ്യാൻ കഴിയില്ല' എന്നാണ് ഒരാളുടെ അഭിപ്രായം. 'വിദേശത്തെ വലിയ വരുമാനം പലപ്പോഴും ചെലവുകൾക്ക് തന്നെ തികയാറില്ല' എന്ന് മറ്റൊരു വിഭാഗം ചൂണ്ടിക്കാട്ടുന്നു. എന്തായാലും, വിദേശത്തെ ജീവിതയാഥാർത്ഥ്യങ്ങളെക്കുറിച്ചുള്ള ചൂടേറിയ ചർച്ചകൾക്ക് ഈ വീഡിയോ വഴിതുറന്നിരിക്കുകയാണ്.