
പല വിദേശരാജ്യങ്ങളിലെയും ജീവിതരീതി ഇന്ത്യക്കാരായ പലരെയും അദ്ഭുതപ്പെടുത്താറുണ്ട്. അത്തരത്തിൽ ഓസ്‌ട്രേലിയയിൽ താൻ കണ്ട അഞ്ച് വ്യത്യസ്തമായ കാര്യങ്ങൾ ഷെയർ ചെയ്യുകയാണ് ദിഷ ഷാ എന്ന ഇന്ത്യൻ യുവതി. ഓസ്‌ട്രേലിയയിൽ വളരെ സാധാരണമാണെങ്കിലും, ഇന്ത്യയിലെ ജീവിതവുമായി തട്ടിച്ചുനോക്കുമ്പോൾ തന്നെ അമ്പരപ്പിച്ച കാര്യങ്ങളാണ് ഇൻസ്റ്റഗ്രാം പോസ്റ്റിൽ ഇവർ പറയുന്നത്.
കടകൾ നേരത്തെ അടയ്ക്കുന്നു
ഓസ്‌ട്രേലിയയിലെ കടകൾ വൈകുന്നേരം അഞ്ച് മണിയോടെ അടയ്ക്കും. രാത്രി വൈകിയും കടകൾ തുറന്നിരിക്കുന്ന ഇന്ത്യയിൽ നിന്ന് എത്തുന്ന ഒരാളെ സംബന്ധിച്ച് ശനിയാഴ്ചകളിൽ പോലും വൈകുന്നേരം ആറ് മണിക്ക് തുറന്നുകിടക്കുന്ന ഒരു കട കണ്ടെത്തുക എന്നത് പ്രയാസകരമായ കാര്യമാണ്.
കുതിരപ്പുറത്തുള്ള പൊലീസ് പട്രോളിങ്
നഗരമധ്യത്തിലൂടെ സാധാരണ പോലെ നടന്നുപോകുമ്പോൾ പെട്ടെന്ന് കുതിരപ്പുറത്തുള്ള പൊലീസുകാരെ കാണുന്നത് കൗതുകകരവും അതേസമയം തന്നെ അദ്ഭുതപ്പെടുത്തുന്നതുമാണ്. ഓസ്‌ട്രേലിയയിൽ ഇതൊരു സാധാരണ കാഴ്ചയാണെങ്കിലും തനിക്ക് ഇന്നും അതൊരു കൗതുകമാണ്.
'സാർ', 'മാം', 'അങ്കിൾ', 'ആന്റി' വിളികളില്ല
ഓസ്‌ട്രേലിയയിൽ 'സാർ', 'മാം', 'അങ്കിൾ', 'ആന്റി' തുടങ്ങിയ വിളികൾ പൊതുവെയില്ല. ബോസിനെ പേര് വിളിച്ചാക്ഷേപിക്കുകയല്ല, മറിച്ച് സാറ, ജെയിംസ്, മൈക്കൽ എന്നിങ്ങനെ ബോസിനെയും അധ്യാപകരെയും ഡോക്ടർമാരെയും അവരുടെ First name വിളിക്കുന്ന രീതിയാണ് അവിടെയുള്ളത്. എല്ലാവരും ഈ രീതിയാണ് പിന്തുടരുന്നത്.
കൃത്യസമയത്ത് ജോലി അവസാനിപ്പിക്കൽ
ഓഫീസിൽ വൈകിയിരുന്ന് ജോലി ചെയ്യുന്നത് അവിടെയാരും വലിയ കാര്യമായി കാണുന്നില്ല. അവരവരുടെ ജീവിതത്തിനും കുടുംബത്തിനും വീക്കെൻഡിനും വലിയ പ്രാധാന്യം നൽകുന്നവരാണ് അവിടുത്തെ ആളുകൾ. വർക് ലൈഫ് ബാലൻസ് കൃത്യമായി പാലിക്കപ്പെടുന്ന ഇടമാണ് ഓസ്‌ട്രേലിയ.
വൃത്തിയായി സൂക്ഷിക്കുന്ന പൊതുപാർക്കുകളും സൗകര്യങ്ങളും
സൗജന്യമായി ഉപയോഗിക്കാവുന്ന ബാർബിക്യൂ സംവിധാനങ്ങൾ, വൃത്തിയുള്ള പൊതുശൗചാലയങ്ങൾ, നടപ്പാതകൾ, കുട്ടികളുടെ കളിക്കൂട്ടങ്ങൾ, പിക്നിക് സ്പോട്ടുകൾ എന്നിവയാണ് മറ്റൊരു പ്രധാന പ്രത്യേകത. ഇതിൽ പലതും തികച്ചും സൗജന്യവും വളരെ മികച്ച രീതിയിൽ പരിപാലിക്കപ്പെടുന്നവയുമാണ്.
ദിഷയുടെ പോസ്റ്റിന് താഴെ നിരവധി പേരാണ് അനുകൂലിച്ചുകൊണ്ട് കമന്റുകൾ നൽകിയിരിക്കുന്നത്.