
കാണുമ്പോൾ നമ്മുടെ മുഖത്ത് ഒരു ചെറുപുഞ്ചിരിയെങ്കിലും വിരിയിക്കുന്ന അനേകം വീഡിയോകൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറാറുണ്ട്. അതുപോലെ ഹൃദയസ്പർശിയായ ഒരു വീഡിയോയാണ് ഇതും. ഈ വീഡിയോയിൽ കാണുന്നത്, 52 -കാരിയായ ഒരു സ്ത്രീ തനിക്ക് യൂട്യൂബിലൂടെ ലഭിച്ച ആദ്യത്തെ വരുമാനം ആഘോഷിക്കുന്നതാണ്. അൻഷുൽ പരേഖ് എന്ന യുവതിയാണ് വീഡിയോ ഇൻസ്റ്റഗ്രാമിൽ ഷെയർ ചെയ്തിരിക്കുന്നത്. അതിൽ, അൻഷുലിന്റെ അമ്മ ഫോണുമായി ഇരിക്കുന്നത് കാണാം. ഏറെ സന്തോഷത്തോടെയും വികാരഭരിതയായിട്ടുമാണ് അവർ ഇരിക്കുന്നത്. അൻഷുൽ അമ്മയോട്, 'എന്താണുണ്ടായത് അമ്മേ' എന്ന് ചോദിക്കുന്നതും കാണാം.
അഭിമാനത്തോടെ പുഞ്ചിരിച്ചുകൊണ്ട് അമ്മ അൻഷുലിന് മറുപടി നൽകുന്നതും കാണാം. വെറും ആറ് മാസം കൊണ്ട് തന്റെയീ 52 -ാമത്തെ വയസിൽ യൂട്യൂബിൽ നിന്നുള്ള ആദ്യത്തെ വരുമാനം താൻ നേടി എന്നാണ് അമ്മ അൻഷുലിനോട് പറയുന്നത്. സാമ്പത്തികമായി ഉണ്ടാക്കിയ ഒരു നേട്ടം എന്നതിലും ഉപരി അവരുടെ ജീവിതത്തിലെ ഏറെ മനോഹരമായി തീർന്ന ഒരു വിജയനിമിഷം കൂടിയാണ് ഇത് എന്ന് വീഡിയോ കാണുന്ന ആർക്കും അനുഭവപ്പെടും.
'ഞാനൊരു അഭിമാനിയായ മകളാണ്' എന്ന ക്യാപ്ഷനോടെയാണ് വീഡിയോ സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്തിരിക്കുന്നത്.' സ്വപ്നങ്ങൾക്ക് പ്രായപരിധിയില്ല, കഠിനാധ്വാനം മാത്രം മതി, അവരത് തെളിയിച്ചിരിക്കുന്നു' എന്നാണ് അമ്മയുടെ വീഡിയോ ഷെയർ ചെയ്തുകൊണ്ട് അൻഷുൽ കുറിച്ചിരിക്കുന്നത്. യൂട്യൂബ് ക്രിയേറ്റേഴ്‌സ് ഇന്ത്യയുടെ ഔദ്യോഗിക ഇൻസ്റ്റഗ്രാം അക്കൗണ്ടിന്റെ ശ്രദ്ധയും ഈ വീഡിയോ പിടിച്ചുപറ്റി, 'ഇത് പ്രചോദനം പകരുന്ന കാര്യമാണ്, ഈ യാത്രയുടെ ഭാഗമാകാൻ കഴിഞ്ഞതിൽ ഞങ്ങൾക്ക് വളരെ സന്തോഷമുണ്ട്' എന്നാണ് അൻഷുലിന്റെ അമ്മയെ അഭിനന്ദിച്ചുകൊണ്ട് അവർ കുറിച്ചത്. അനേകങ്ങളാണ് പോസ്റ്റിന് കമന്റുകൾ നൽകിയത്. 'പ്രായം വെറും നമ്പർ മാത്രമാണ്' എന്നാണ് മിക്കവരും കുറിച്ചിരിക്കുന്നത്.