
നമ്മുടെ ഹൃദയത്തെ സ്പർശിക്കുന്ന അനേകം വീഡിയോകൾ ഓരോ ദിവസവും എന്നോണം സോഷ്യൽ മീഡിയയിലൂടെ നമുക്ക് മുന്നിൽ എത്താറുണ്ട്. അതുപോലെ ഒരു വീഡിയോയാണ് ഇപ്പോൾ ആളുകളുടെ മിഴികളെ ഈറനണിയിക്കുന്നത്.
നമ്മുടെ വീട്ടിൽ പെറ്റുകളായി വളർത്തുന്ന മൃഗങ്ങൾ പലപ്പോഴും വീട്ടിലെ അംഗത്തെ പോലെ തന്നെ കണക്കാക്കുന്നവയാണ്. അവയ്ക്ക് എന്തെങ്കിലും പറ്റിയാൽ നമുക്ക് സഹിക്കാനാവില്ല. അങ്ങനെയൊരു സ്നേഹം തന്നെയാണ് ഈ വീഡിയോയിൽ കാണാൻ സാധിക്കുന്നത്.
ആഗി എന്നാണ് ഈ പൂച്ചയുടെ പേര്. 82 -കാരിയായ തന്റെ ഉടമയുടെ കയ്യിൽ തിരികെ എത്തുന്ന ആഗിയേയാണ് വീഡിയോയിൽ കാണുന്നത്. കഴിഞ്ഞ രണ്ട് മാസമായി എല്ലാവരും വിശ്വസിച്ചിരുന്നത് ആഗിക്ക് ജീവൻ നഷ്ടപ്പെട്ടു എന്നായിരുന്നു. ആ വേദനയിലായിരുന്നു ഉടമയും. എന്നാൽ ഇപ്പോൾ ആഗിയെ തിരികെ കിട്ടിയിരിക്കുകയാണ്.
ആഗി തിരികെ ഉടമയുടെ കയ്യിലെത്തിയിരിക്കുന്ന ആ മനോഹരമായ വീഡിയോ നിരവധിപ്പേരാണ് കണ്ടിരിക്കുന്നത്. കാണുമ്പോൾ തന്നെ കണ്ണും മനസും നിറയുന്നതാണ് വീഡിയോ.
ലോസ് ഏഞ്ചലസിലെ പാലിസേഡ്സ് കാട്ടുതീ അവളുടെ ഉടമയായ 82 -കാരി കാതറിൻ കീഫറിനെയും ബാധിച്ചിരുന്നു. കാതറിന്റെ വീട് കാട്ടുതീ പടർന്നതിന് പിന്നാലെ ചാരമായി മാറി. ആ സമയത്താണ് ആഗിയെയും കാണാതായത്. അതോടെ ആഗിയും തീയിൽ പെട്ടിട്ടുണ്ടായിരിക്കാം, അവളുടെ ജീവനും നഷ്ടമായിരിക്കാം എന്ന് കാതറിൻ കരുതി. അതിന്റെ വലിയ വേദനയിലായിരുന്നു അവർ. എന്നാൽ, കഴിഞ്ഞ ദിവസം ആഗിയെ കണ്ടെത്തി.
കാതറിന് ആഗിയെ തിരികെ നൽകുന്നതിന്റെ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചു കൊണ്ടിരിക്കുന്നത്. നിരവധിപ്പേരാണ് ഈ മനോഹരമായ വീഡിയോയ്ക്ക് കമന്റുകൾ നൽകിയത്. കണ്ണ് നനയിക്കുന്ന കാഴ്ചയാണ് ഇതെന്ന് നിരവധിപ്പേർ പറഞ്ഞു.