
താമസിക്കാൻ നൽകുന്ന പ്രോപ്പർട്ടി വൃത്തികേടാക്കിയിടുന്ന അതിഥികളുടെ വീഡിയോ പലപ്പോഴും എയർബിഎൻബി ഹോസ്റ്റുകൾ സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്യാറുണ്ട്. അതുപോലെ ഒരനുഭവമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായി മാറിക്കൊണ്ടിരിക്കുന്നത്. തങ്ങളുടെ 1.05 കോടി രൂപ വിലമതിക്കുന്ന പ്രോപ്പർട്ടിയുടെ അവസ്ഥയാണ് ഉടമ പങ്കുവയ്ക്കുന്നത്. അതിഥികൾ വരുത്തിവെച്ച നാശനഷ്ടങ്ങളുടെ വീഡിയോയാണ് 'ട്വോകീസ് ടുഗെദർ' എന്ന എയർബിഎൻബി ഹോസ്റ്റ് ഇൻസ്റ്റാഗ്രാമിലൂടെ പങ്കുവെച്ചിരിക്കുന്നത്. 'ഹോസ്റ്റിംഗ് റിയാലിറ്റി: എന്റെ 1.05 കോടിയുടെ എയർബിഎൻബിയിൽ അതിഥികൾ ചെക്ക് ഔട്ട് ചെയ്തപ്പോൾ ബാക്കിവച്ചത്' എന്നായിരുന്നു വീഡിയോയിൽ എഴുതിയിരുന്നത്.
ബാക്കി വന്ന ഭക്ഷണവും ഒഴിഞ്ഞ കുപ്പികളും കപ്പുകളുമടക്കം ഡൈനിംഗ് ടേബിളിലും ലിവിംഗ് റൂം ഫ്ലോറിലും ബാൽക്കണിയിലുമായി ചിതറിക്കിടക്കുന്നതാണ് വീഡിയോയിൽ കാണുന്നത്. വീടിന്റെ വിവിധ ഭാഗങ്ങളിൽ കറകളും കാണാം. ഇതൊരു ഹോട്ടൽ മുറിയല്ല, ഒരാളുടെ വീടാണ്. ക്ലീനർമാർ റോബോട്ടുകളല്ല. താമസത്തിന് പണം നൽകുന്നുണ്ട് എന്നത് ഇങ്ങനെ കാണിച്ചിട്ട് പോകാനുള്ള അവകാശമായി കരുതരുതെന്ന് അതിഥികൾ ഓർക്കണമെന്നും വീഡിയോയുടെ ക്യാപ്ഷനിൽ പറയുന്നു. ഹോട്ടലുകളിൽ നിന്ന് വ്യത്യസ്തമായി, ചെറിയ എയർബിഎൻബി ഹോസ്റ്റുകൾക്ക് ചെക്ക് ഔട്ടിന് തൊട്ടുപിന്നാലെ വൃത്തിയാക്കാൻ വലിയ ഹൗസ് കീപ്പിംഗ് ടീമുകൾ ഇല്ലെന്നും അവർ പറയുന്നു. സിവിക് സെൻസോടെ പെരുമാറണം, അല്ലെങ്കിൽ ക്ലീനിംഗ് ചാർജ്ജ് ഈടാക്കുമ്പോൾ ഞെട്ടരുതെന്നും പോസ്റ്റിൽ പറയുന്നതായി കാണാം.
നിരവധിപ്പേരാണ് വീഡിയോയ്ക്ക് കമന്റുകളുമായി എത്തിയത്. പലരും സിവിക് സെൻസില്ലായ്മയെ കുറിച്ചാണ് കമന്റുകൾ നൽകിയത്. അതിഥികൾ ഒരിക്കലും ഇങ്ങനെ കാണിക്കരുത് എന്നാണ് അവർ അഭിപ്രായപ്പെട്ടത്. അതേസമയം, അവർ കേടുപാടുകളൊന്നും പ്രോപ്പർട്ടിക്ക് വരുത്തിയിട്ടില്ല, വൃത്തിയാക്കിയില്ല എന്നല്ലേയുള്ളൂ എന്ന് അഭിപ്രായപ്പെട്ടവരും ഉണ്ട്.