
രണ്ടര മാസം കുടുംബത്തോടൊപ്പം ഇന്ത്യയിൽ ചെലവഴിച്ച ഒരു അമേരിക്കൻ യുവതി, ഇരു രാജ്യങ്ങളും തമ്മിലുള്ള സാംസ്കാരികവും സാമൂഹികവുമായ വ്യത്യാസങ്ങൾ കാണിച്ചുകൊണ്ട് ഷെയർ ചെയ്തിരിക്കുന്ന ഒരു പോസ്റ്റാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധിക്കപ്പെടുന്നത്. ഇന്ത്യ തന്റെ രാജ്യത്തിൽ നിന്നും വ്യത്യസ്തമാകുമെന്ന് തനിക്ക് അറിയാമായിരുന്നു, എന്നാൽ ഈ രണ്ട് രാജ്യങ്ങളും യഥാർത്ഥത്തിൽ എത്രത്തോളം വ്യത്യസ്തമാകുമെന്ന് കൃത്യമായി അറിയില്ലായിരുന്നു എന്നാണ് രണ്ട് കുട്ടികളുടെ അമ്മ കൂടിയായ അന്ന ഹാക്കെൻസൺ പറയുന്നത്. വൈറലായി മാറിയിരിക്കുന്ന ഒരു ഇൻസ്റ്റഗ്രാം പോസ്റ്റിലാണ് ഇക്കാര്യങ്ങൾ അന്ന വിശദമാക്കുന്നത്.
ഭക്ഷണത്തിന്റെ കാര്യം മുതൽ ആളുകളുടെ സ്വഭാവം വരെ അന്നയുടെ പോസ്റ്റിൽ പരാമർശിച്ചിട്ടുണ്ട്. ഇന്ത്യയിലെ ഹോണടിയെ കുറിച്ചാണ് അന്ന ആദ്യം പറയുന്നത്, ഇന്ത്യയിൽ ഹോണടി വളരെ സാധാരണമാണ് എന്ന് പോസ്റ്റിൽ പരാമർശിക്കുന്നു. അടുത്തതായി ഭക്ഷണത്തെ കുറിച്ചാണ് പറയുന്നത്, അമേരിക്കയിൽ സ്പൈസി ഫുഡ് എന്നാൽ കുറച്ച് ചൂടുള്ള ഭക്ഷണമാണ്, എന്നാൽ, ഇന്ത്യയിൽ ദഹനപ്രശ്നം ഉണ്ടാക്കിയേക്കുന്ന ഭക്ഷണമാണ് എന്നവർ പറയുന്നു. അമേരിക്കയിൽ ആളുകൾ മറ്റുള്ളവരെ ഗൗനിക്കാറില്ല എന്നും ഇന്ത്യയിൽ ആളുകൾ എല്ലാ കാര്യങ്ങളും ചോദിച്ചറിയുമെന്നുമാണ് പോസ്റ്റിൽ പറയുന്നത്.
അമേരിക്കയിലെ പോലെ ഇന്ത്യയിൽ മാലിന്യം ഇടേണ്ടിടത്ത് ഇടില്ല എന്നും തോന്നുന്നിടത്താണ് ഇടുന്നത് എന്നും പോസ്റ്റിൽ കാണാം. അമേരിക്കയിൽ ട്രാഫിക് നിയമങ്ങൾ പാലിക്കപ്പെടുന്നു, ഇന്ത്യയിലെ റോഡ് പുറത്തുള്ളവർക്ക് മനസിലാക്കാൻ സാധിക്കാത്ത അത്രയും കുഴപ്പം പിടിച്ചതാണ്. അമേരിക്കയിൽ പല സീസണുകളും ഉണ്ടെങ്കിലും ഇന്ത്യയിൽ, ചൂട്, മഴ, കൊടും ചൂട് എന്നിവയാണ് ഉള്ളത്. അമേരിക്കയിൽ പ്രധാനമായും കാത്തലിക് പള്ളികളാണ് ഉള്ളതെങ്കിൽ ഇന്ത്യയിൽ ഒരുപാട് അമ്പലങ്ങളും ഉത്സവങ്ങളും ഉണ്ട്. അമേരിക്കയിൽ വലിയ ചെലവാണ്, ഇന്ത്യയിൽ ജീവിക്കാൻ പറ്റുന്ന തരത്തിലാണ് ചെലവുകൾ. അമേരിക്കയിൽ ചെറിയ കുടുംബമാണ് എങ്കിൽ, ഇന്ത്യയിൽ വിവിധ തലമുറകൾ ഒരേ കൂരയ്ക്ക് കീഴിൽ കഴിയുന്നത് കാണാം. ഇത്രയും കാര്യങ്ങളാണ് അന്ന അമേരിക്കയും ഇന്ത്യയും തമ്മിലുള്ള പ്രധാന വ്യത്യാസമായി പറഞ്ഞിരിക്കുന്നത്.