പോർച്ചുഗീസ് വ്ലോഗറായ ഇനസ് ഫാരിയക്ക് ഇന്ത്യൻ ട്രെയിൻ യാത്രയ്ക്കിടെയുണ്ടായ ദുരനുഭവമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്. ബാത്ത്റൂമിൽ കയറിയപ്പോൾ ഒരു യുവാവ് പിന്തുടരുകയും വാതിൽ തുറക്കാൻ ശ്രമിക്കുകയും ചെയ്തുവെന്നാണ് ആരോപണം. 

ഇന്ത്യയിൽ വച്ച് വിദേശ വ്ലോഗർക്ക് ദുരനുഭവമുണ്ടായതായി ആരോപണം. ഇന്ത്യയിൽ യാത്ര ചെയ്യവേ പോർച്ചുഗീസ് വ്ലോഗറായ ഇനസ് ഫാരിയ നേരിട്ട മോശം അനുഭവമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയാകുന്നത്. ട്രെയിൻ യാത്രയ്ക്കിടെ താൻ നേരിട്ട സുരക്ഷാ ഭീഷണിയെക്കുറിച്ചും, മുംബൈ നഗരത്തിൽ വെച്ചുണ്ടായ ദുരനുഭവത്തെക്കുറിച്ചും ഇനസ് പങ്കുവെച്ച വീഡിയോകൾ സ്ത്രീസുരക്ഷയെക്കുറിച്ചുള്ള വലിയ സംവാദങ്ങൾക്കാണ് വഴിതുറന്നിരിക്കുന്നത്.

3AC കോച്ചിൽ യാത്ര ചെയ്യുമ്പോൾ, തങ്ങൾക്ക് എതിർവശത്തിരുന്ന ഒരു സംഘം യുവാക്കൾ നിരന്തരം നോക്കുകയും സീറ്റുകൾ മാറി മാറി ഇരുന്ന് തങ്ങളെത്തന്നെ ശ്രദ്ധിക്കുകയും ചെയ്തത് യാത്രയിൽ വലിയ അസ്വസ്ഥതയുണ്ടാക്കിയെന്നാണ് ഇവർ പറയുന്നത്. സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി താൻ തൊട്ടടുത്തുള്ള ബാത്ത്റൂം ഒഴിവാക്കി മറ്റൊരു കമ്പാർട്ട്മെന്റിലേക്ക് നടന്നെങ്കിലും, ഒരു യുവാവ് തന്നെ പിന്തുടരുകയും ബാത്ത്റൂമിന്റെ വാതിൽ തുറക്കാൻ ശ്രമിക്കുകയും ചെയ്തു എന്നും ഇനസ് പറയുന്നു. ഒരു സുഹൃത്ത് ഉടൻ തന്നെ വന്ന് സഹായിച്ചതും, പിന്നീട് ട്രെയിനിലെ ടിക്കറ്റ് എക്സാമിനറെ വിവരം അറിയിച്ചതും കാരണമാണ് സുരക്ഷിതമായി മറ്റൊരു കമ്പാർട്ട്മെന്റിലേക്ക് മാറാൻ സാധിച്ചതെന്ന് ഇനസ് വ്യക്തമാക്കി. സഹായത്തിനെത്തിയ ട്രെയിൻ ജീവനക്കാർക്ക് അവർ നന്ദി അറിയിക്കുകയും ചെയ്തു.

ഇന്ത്യയിൽ വെച്ച് താൻ നേരിടുന്ന ആദ്യത്തെ അനിഷ്ട സംഭവമല്ലിതെന്ന മുന്നറിയിപ്പും ഇനസ് നൽകുന്നുണ്ട്. നേരത്തെ മുംബൈയിലെ ധോബി ഘട്ടിന് സമീപത്തുവെച്ച് രണ്ട് യുവാക്കൾ തന്നെ 15 മിനിറ്റോളം പിന്തുടരുകയും, സെൽഫിക്കായി നിർബന്ധിക്കുകയും ചെയ്തിരുന്നു. താൻ പലതവണ വിസമ്മതിച്ചിട്ടും അവർ അത് വകവെക്കാതെ തന്നെ ശല്യം ചെയ്യുകയായിരുന്നു. ഈ വീഡിയോ വൈറലായതിനെത്തുടർന്ന് അഗ്രിപാഡ പൊലീസ് കേസെടുക്കുകയും പ്രതികളെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.

View post on Instagram

ഇനസിന്റെ ഈ വെളിപ്പെടുത്തലുകൾക്ക് പിന്നാലെ സോഷ്യൽ മീഡിയയിൽ വലിയ പ്രതിഷേധമാണ് ഉയരുന്നത്. ഇന്ത്യൻ സ്ത്രീകൾ പോലും പൊതുസ്ഥലങ്ങളിലും ട്രെയിനുകളിലും പലപ്പോഴും അരക്ഷിതാവസ്ഥ അനുഭവിക്കുന്നുണ്ടെന്ന് നിരവധി പേർ കമന്റ് ചെയ്തു. ഒപ്പം, ട്രെയിൻ യാത്രകളിൽ അടിയന്തര സഹായത്തിനായി ഇന്ത്യൻ റെയിൽവേയുടെ 'റെയിൽ മദദ്' ആപ്പ് ഉപയോഗിക്കേണ്ടതിന്റെ പ്രാധാന്യവും പലരും ഓർമ്മിപ്പിക്കുന്നു.