കാമുകിക്കായി ഒരുക്കിയ സർപ്രൈസ് പാളി, 1.8 ലക്ഷം രൂപ ആകാശത്തേക്ക്, പോയത് ഒരുമാസത്തെ ശമ്പളം!

Published : Feb 12, 2026, 10:38 PM IST
 viral video

Synopsis

പ്രണയവാർഷികത്തിൽ കാമുകിയെ അത്ഭുതപ്പെടുത്താൻ ശ്രമിച്ച ജർമ്മൻ യുവാവിന് നഷ്ടമായത് ഒരു മാസത്തെ ശമ്പളം. പണം കെട്ടിവെച്ച ബലൂണുകൾ ആകാശത്തേക്ക് പറന്നുപോവുകയായിരുന്നു.

പ്രണയവാർഷികം ആഘോഷിക്കാൻ കാമുകിക്കായി ഒരുക്കിയ ഒരു സർപ്രൈസ് സമ്മാനം ജർമ്മൻ യുവാവിന് വരുത്തിവെച്ചത് വലിയ സാമ്പത്തിക നഷ്ടം. തന്റെ ഒരു മാസത്തെ ശമ്പളം മുഴുവൻ ബലൂണിൽ കെട്ടി കാമുകിക്ക് സമ്മാനിക്കാൻ ശ്രമിക്കുന്നതിനിടെയാണ് നിമിഷനേരം കൊണ്ട് പണം ആകാശത്തേക്ക് പറന്നുപോയത്. സോഷ്യൽ മീഡിയയിൽ ഇതിനോടകം 11 കോടിയിലധികം പേർ ഈ ദൃശ്യങ്ങൾ കണ്ടുകഴിഞ്ഞു.

സംഭവിച്ചത് ഇങ്ങനെ, രാത്രിയിൽ ഒരു പാർക്കിംഗ് ഏരിയയിൽ വെച്ചാണ് യുവാവ് ഈ സർപ്രൈസ് ഒരുക്കിയത്. ചുവന്ന റിബൺ കെട്ടിയ വലിയൊരു വെള്ള ഗിഫ്റ്റ് ബോക്സിനുള്ളിൽ പണം കോർത്തുവെച്ച ബലൂണുകൾ യുവാവ് സജ്ജീകരിച്ചിരുന്നു. പെട്ടിക്കുള്ളിൽ നിന്ന് പിങ്ക് വെളിച്ചം പുറത്തേക്ക് വരുന്നുണ്ടായിരുന്നു. കാമുകി പെട്ടിയുടെ മൂടി തുറന്നതും പണത്തിന്റെ ചങ്ങലയുമായി ബലൂൺ ഉയർന്നുപൊങ്ങി.

ഈ മനോഹരമായ കാഴ്ച കണ്ട് വികാരാധീനയായ യുവതി പണത്തെക്കുറിച്ച് ചിന്തിക്കാതെ കാമുകനെ കെട്ടിപ്പിടിച്ചു. എന്നാൽ ഇവർ പരസ്പരം ആലിംഗനം ചെയ്യുന്ന തിരക്കിലായപ്പോൾ, പെട്ടിയിൽ നിന്നും പണത്തിന്റെ ചങ്ങല വേർപെടുകയും ബലൂൺ അതിവേഗം ആകാശത്തേക്ക് ഉയരുകയും ചെയ്തു. യുവതി അതിന് പിന്നാലെ ഓടിയെങ്കിലും പണം പിടിക്കാൻ കഴിഞ്ഞില്ല. നിരാശനായ യുവാവ് തന്റെ കോട്ട് ഊരി എറിഞ്ഞ് പണം തടയാൻ ശ്രമിച്ചെങ്കിലും എല്ലാം നിഷ്ഫലമായി.

ഏകദേശം 2000 ഡോളർ (ഇന്ത്യൻ രൂപയിൽ 1.8 ലക്ഷം രൂപയോളം) ആണ് ഇത്തരത്തിൽ നഷ്ടപ്പെട്ടത്. ഷോക്കിലായ യുവാവ് തലയിൽ കൈവച്ച് നിലത്തിരുന്നു പോയി. 'അത് എന്റെ ഒരു മാസത്തെ ശമ്പളമായിരുന്നു' എന്ന് സങ്കടത്തോടെ പറയുന്ന യുവാവിനോട് 'നിന്റെ ആ മനസ്സിനാണ് വില, ഇനിയും പണം ഉണ്ടാക്കാമല്ലോ' എന്ന് പറഞ്ഞ് ആശ്വസിപ്പിക്കുന്ന കാമുകിയെയും വീഡിയോയിൽ കാണാം.

 

 

ഫെബ്രുവരി 10 -ന് പങ്കുവെക്കപ്പെട്ട ഈ വീഡിയോയ്ക്ക് താഴെ സമ്മിശ്ര പ്രതികരണങ്ങളാണ് വരുന്നത്. പണത്തെക്കാൾ മുൻപ് കാമുകനെ കെട്ടിപ്പിടിച്ച യുവതിയുടെ സ്നേഹത്തെ പലരും പുകഴ്ത്തി. 'അവൾ പണത്തേക്കാൾ സ്നേഹത്തിന് വില നൽകി, അതുകൊണ്ട് ഇതൊരു വിജയമാണ്' എന്ന് ചിലർ കുറിച്ചു. എന്നാൽ, ഇത്രയും വലിയ തുക പുറത്തുവെച്ച് കൈകാര്യം ചെയ്ത യുവാവിന്റെ അശ്രദ്ധയെയും, 'ഇനിയും പണം ഉണ്ടാക്കാം' എന്ന് പറഞ്ഞ കാമുകിയുടെ മറുപടിയെയും വിമർശിച്ചും നിരവധി പേർ രംഗത്തെത്തി.

PREV
Read more Articles on
click me!

Recommended Stories

സോഷ്യൽ മീഡിയയെ ഞെട്ടിച്ച മഞ്ഞ കുർത്തക്കാരി 'തൻവി ജോഷി', 2.8 കോടി വ്യൂസ്, ഒടുക്കം ട്വിസ്റ്റ്!
സഹോദരിയുടെ വിവാഹത്തിന് 24 കാരറ്റ് സ്വർണ ബിസ്ക്റ്റ് അതിഥികൾക്ക് സമ്മാനിച്ച് സഹോദരൻ; വീഡിയോ വൈറൽ