അധികം കിട്ടിയത് 50 രൂപ, വഴിയിൽ കണ്ട വൃദ്ധനെയും വൃദ്ധയെയും സഹായിച്ച് ഓട്ടോക്കാരൻ

Published : Jul 03, 2026, 08:10 AM IST
 viral video

Synopsis

ഒരു യാത്രക്കാരൻ അധികമായി നൽകിയ 50 രൂപ സ്വന്തമാക്കാതെ, അത് വഴിയിൽ കണ്ട രണ്ട് വൃദ്ധരെ സഹായിക്കാൻ ഉപയോഗിച്ച രാജേന്ദ്ര തെംറേ എന്ന ഓട്ടോ ഡ്രൈവറുടെ വീഡിയോയാണ് ഇപ്പോള്‍ വൈറലായി മാറുന്നത്.

ഒരു യാത്രക്കാരൻ നൽകിയ ടിപ്പ് തനിക്കായി കരുതിവയ്ക്കാതെ അത് മറ്റുള്ളവരെ സഹായിക്കാൻ ഉപയോഗിച്ച രാജേന്ദ്ര തെംറേ എന്ന ഓട്ടോറിക്ഷാ ഡ്രൈവറുടെ ദൃശ്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്. 50 രൂപയായിരുന്നു ഓട്ടോക്കൂലി, എന്നാൽ, ഒരു യാത്രക്കാരൻ അധികമായി 50 രൂപ കൂടി കൂട്ടി 100 രൂപ നൽകുകയായിരുന്നു. അങ്ങനെ അധികമായി ലഭിച്ച 50 രൂപ മറ്റുള്ളവരെ സഹായിക്കാൻ രാജേന്ദ്ര തെംറേ ഉപയോഗിക്കുകയായിരുന്നു. വൃദ്ധയായ ഒരു സ്ത്രീയെ സൗജന്യമായി ഓട്ടോയിൽ കൊണ്ടുപോവുകയും പണം നൽകി സഹായിക്കുകയും ചെയ്തു തെംറേ. മാത്രമല്ല, മറ്റൊരു വൃദ്ധന് കുടിവെള്ളവും പണവും നൽകിയും സഹായിച്ചു.

'ആ സഹോദരന് 50 രൂപയായിരുന്നു, പക്ഷേ അദ്ദേഹം 50 രൂപ അധികം നൽകി' എന്നാണ് വീഡിയോയിൽ തെംറേ പറയുന്നത്. തുടർന്ന് ഓട്ടോയുമായി മുന്നോട്ട് പോയ തെംറേ, വഴിയിൽ ഒരു വൃദ്ധ നടന്നുപോകുന്നത് കണ്ടു. താനും അവർ പോകുന്ന അതേ ഭാ​ഗത്തേക്കാണ് പോകുന്നതെന്ന് പറഞ്ഞ് അദ്ദേഹം അവരെ കൂടി ഓട്ടോയിൽ കയറ്റുകയായിരുന്നു. 'നിങ്ങൾ ചൗക്കിലേക്കാണോ പോകുന്നത്? വന്ന് വണ്ടിയിൽ കയറൂ, ഞാനും ആ വഴിയാണ് പോകുന്നത്. എനിക്ക് പണമൊന്നും തരേണ്ടതില്ല. നിങ്ങൾ ഈ വെയിലത്താണല്ലോ നടക്കുന്നത്' എന്നാണ് വണ്ടിയിൽ കയറാൻ ആദ്യം വിസമ്മതിച്ച വൃദ്ധയോട് തെംറേ പറഞ്ഞത്.

 

 

അവരെ ലക്ഷ്യസ്ഥാനത്ത് എത്തിച്ച ശേഷം, മുൻപ് യാത്രക്കാരൻ നൽകിയ അധിക തുകയിൽ നിന്നും 10 രൂപ അദ്ദേഹം അവർക്ക് നൽകി. 'ഇത് വാങ്ങിക്കൂ. ദയവായി ഇത് വാങ്ങൂ. ഒരാൾ എനിക്ക് 50 രൂപ അധികം തന്നിരുന്നു' എന്നും തെംറേ അവരോട് പറയുന്നുണ്ട്. പിന്നീട് വഴിയിൽ കണ്ടുമുട്ടിയ മറ്റൊരു വൃദ്ധന് തെംറേ തന്റെ പക്കലുണ്ടായിരുന്ന കുടിവെള്ള കുപ്പി നൽകുകയും, അതിനൊപ്പം മറ്റൊരു 10 രൂപ കൂടി സമ്മാനിക്കുകയും ചെയ്തു. 'ഞാൻ ഇപ്പോൾ 20 രൂപ നൽകിക്കഴിഞ്ഞു, ബാക്കിയുള്ള 30 രൂപ കൂടി ആർക്കെങ്കിലും നൽകാൻ കഴിയുമോ എന്ന് നോക്കാം' എന്നും അദ്ദേഹം വീഡിയോയിൽ പറയുന്നു.

നിരവധിപ്പേരാണ് വീഡിയോയ്ക്ക് കമന്റുകൾ നൽകിയത്. വളരെ പൊസിറ്റീവായ ഈ വീഡിയോ കാണുമ്പോൾ സന്തോഷം തോന്നുന്നു എന്ന് പലരും പ്രതികരിച്ചു.

PREV
Read more Articles on
click me!

Recommended Stories

വാരണാസി വിമാനത്താവളത്തിൽ സൗജന്യ എക്സിറ്റ് വിൻഡോ, പക്ഷേ, പുറത്ത് കടക്കണമെങ്കിൽ പണം കൊടുക്കണം, പരാതി; വീഡിയോ
'ദില്ലിയിൽ നിന്നും സ്വർഗത്തിലേക്ക് വെറും 2.5 സെക്കന്‍റ് '; പുതിയ ദില്ലി എക്സ്പ്രസ് വേയിൽ കുറ്റൻ ഗർത്തം, ട്രോളുമായി നെറ്റിസെൺസ്, വീഡിയോ