
ഹെൽമറ്റ് വയ്ക്കാതെ പോയാൽ പൊലീസ് പരിശോധനയിലോ ക്യാമറയിലോ കുടുങ്ങും. പിഴയും ഒടുക്കേണ്ടി വരും. എന്നാൽ, മധ്യപ്രദേശിൽ നിന്നുള്ള ഒരു ഹെൽമറ്റ് പരിശോധന നേരെ സോഷ്യൽ മീഡിയയിൽ വൈറലായി മാറുകയായിരുന്നു. പൊലീസുകാരനോട് ബൈക്ക് യാത്രികൻ പറഞ്ഞ സത്യസന്ധമായ മറുപടിയാണ് വീഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കാൻ കാരണമായി തീർന്നത്. @vivekanandtiwarithetrafficcop എന്ന അക്കൗണ്ടിൽ നിന്നാണ് വീഡിയോ ഇൻസ്റ്റഗ്രാമിൽ ഷെയർ ചെയ്തിരിക്കുന്നത്.
'ഒരാൾ ഹെൽമറ്റ് ഇല്ലാതെ മോട്ടോർ സൈക്കിളിൽ വരുന്നതാണ് വീഡിയോയിൽ കാണുന്നത്. പൊലീസുകാരൻ അയാളെ വഴിയിൽ തടയുകയും എന്തുകൊണ്ടാണ് ഹെൽമറ്റ് വയ്ക്കാത്തത് എന്ന് ചോദിക്കുകയും ചെയ്യുന്നുണ്ട്. എന്നാൽ, ബൈക്ക് യാത്രികന്റെ മറുപടി തീരെ പ്രതീക്ഷിക്കാത്തതും സത്യസന്ധവും ആയിരുന്നു. തന്റെ തലയുടെ അളവിന് ചേർന്ന ഹെൽമറ്റ് കിട്ടാനില്ല എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. എന്നാൽ, പൊലീസുകാരന് ഇത് അത്ര വിശ്വാസം വന്നില്ല. അദ്ദേഹം ഒരു ഹെൽമെറ്റ് യാത്രക്കാരന് നൽകുന്നു. അയാൾ അത് ധരിക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും തല അതിൽ കയറുന്നില്ല. അതോടെ അദ്ദേഹം പറഞ്ഞത് സത്യമാണ് എന്ന് പൊലീസുകാരന് മനസിലാവുന്നു. പിന്നാലെ, ചിരിയോടെ പൊലീസുകാരൻ ഹെൽമറ്റ് കമ്പനികളോട് ഒരു അഭ്യർത്ഥന നടത്തുകയാണ്.
'ഹെൽമെറ്റ് കമ്പനികൾ അൽപ്പം കൂടിയ വലിപ്പത്തിലുള്ള ഹെൽമെറ്റുകൾ നിർമ്മിക്കണമെന്ന് ഞാൻ അഭ്യർത്ഥിക്കുകയാണ്. ഇദ്ദേഹത്തെ പോലെ അല്പം വലിപ്പം കൂടുതലുള്ള തലയുള്ള ഒരുപാട് ആളുകളുണ്ട്. നിങ്ങൾ അവർക്കും ഹെൽമെറ്റുകൾ ഉണ്ടാക്കി കൊടുക്കണം' എന്നാണ് പൊലീസുകാരൻ പറയുന്നത്. വീഡിയോയുടെ ക്യാപ്ഷനിൽ പറഞ്ഞിരിക്കുന്നതും, 'എല്ലാവർക്കും ഹെൽമെറ്റുകൾ അത്യാവശ്യമാണ്. കമ്പനിയോടുള്ള അഭ്യർത്ഥന ഇതാണ്, നിങ്ങൾ എല്ലാ വലിപ്പത്തിലുമുള്ള ഹെൽമെറ്റുകൾ നിർമ്മിക്കണം' എന്നാണ്. അനേകങ്ങളാണ് വീഡിയോയ്ക്ക് കമന്റുകൾ നൽകിയിരിക്കുന്നത്.