
ലോകമെങ്ങും സാങ്കേതിക സൗകര്യങ്ങളും ഗതാഗത സംവിധാനങ്ങളും കൂടുതൽ മെച്ചപ്പോട്ടതോടെ സഞ്ചാരികളുടെ എണ്ണത്തിലും വലിയ തോതിലുള്ള വർദ്ധനവാണ് രേഖപ്പെടുത്തുന്നത്. ഇന്ത്യയിലേക്കുള്ള സഞ്ചാരികൾ വർദ്ധിച്ചത് പോലെ തന്നെ ഇന്ത്യയിൽ നിന്നും ലോകം കാണാനിറങ്ങുന്ന സഞ്ചാരികളുടെ എണ്ണത്തിലും വലിയ വർദ്ധനമാണ്. എന്നാല്‍, ഇത്തരം യാത്രകളെല്ലാം പ്ലാൻ ചെയ്ത് ബുക്ക് ചെയ്തുള്ള യാത്രകളല്ല. മറിച്ച് ലഭ്യമായ ഏറ്റവും ചെലവ് കുറഞ്ഞ മാർഗ്ഗങ്ങൾ ഉപയോഗിച്ചുള്ള യാത്രകളാണ്. അത്തരമൊരു ഹിച്ച്ഹൈക്കിംഗ് വഴി യാത്ര ചെയ്യുന്ന പാസഞ്ചർ പരംവീർ എന്ന യൂട്യൂബർ ഇറ്റലിയിൽ വച്ച് തനിക്ക് നേരിടേണ്ടിവന്ന അപമാനകരമായ ഒരു അനുഭവം വെളിപ്പെടുത്തി.
ഇറ്റലിയിൽ വച്ച് ഹിച്ച്ഹൈക്കിംഗിനിടെ തനിക്ക് ലൈംഗിക പീഡനം ഏൽക്കേണ്ടിവന്നെന്ന ഇന്ത്യൻ സഞ്ചാരിയുടെ വെളിപ്പെടുത്തൽ വലിയ പ്രതിഷേധമാണ് വിളിച്ച് വരുത്തിയത്. പാസഞ്ചർ പരംവീർ എന്ന പേരിൽ യൂട്യൂബിൽ യാത്രാവീഡിയോകൾ ചെയ്യുന്ന സഞ്ചാരിയായ പരംവീർ സിംഗ് ബെനിവാളാണ് തനിക്ക് നേരിടേണ്ടിവന്ന അപമാനം വെളിപ്പെടുത്തിയത്. യൂട്യൂബിൽ 2.56 ദശലക്ഷത്തിലധികം സബ്‌സ്‌ക്രൈബർമാരും ഇൻസ്റ്റാഗ്രാമിൽ 6,30,000-ത്തിലധികം ഫോളോവേഴ്‌സുമുള്ള പരംവീർ ഇറ്റലിയിൽ നിന്നും ട്രെന്‍റോയിലേക്ക് ഒരു യാത്രയ്ക്ക് ശ്രമിക്കുകയായിരുന്നു. ചുവന്ന അക്ഷരങ്ങളിൽ 'TRENTO' എന്ന് എഴുതിയ കാർഡ്ബോർഡ് ബോർഡുമായി റോഡരികിൽ നിന്ന അദ്ദേഹത്തിന് ഒരു പ്രാദേശിക ഡ്രൈവറിൽ നിന്ന് ലിഫ്റ്റ് ലഭിച്ചു.
പക്ഷേ. അതൊരു അസാധാരണ യാത്രയായി മാറി. 'ഇറ്റലിയിൽ ഹിച്ച്ഹൈക്കിംഗ് ചെയ്യുമ്പോൾ ലൈംഗികമായി പീഡിപ്പിക്കപ്പെട്ടു' തലക്കെട്ടോടെ പങ്കുവച്ച വീഡിയോയിൽ തന്‍റെ ദുരനുഭവം പരംവീർ വിവരിക്കുന്നു. തന്‍റെ ജീവിതത്തിൽ ആദ്യമായിട്ടാണ് ഇത്തരമൊരു അനുഭവമെന്ന് അദ്ദേഹം പറയുന്നു. തന്നെ ട്രെന്‍റോയിൽ ഇറക്കുന്നതിന് പകരമായി ഡ്രൈവർ ലൈംഗിക ബന്ധത്തിലേർപ്പെടാൻ ആവശ്യപ്പെട്ടെന്ന് പരംവീർ ആരോപിച്ചു. ഉടൻ തന്നെ താൻ ആ ഓഫർ നിരസിച്ചെന്നും അദ്ദേഹം പറയുന്നു.
പരംവീറിന്‍റെ വെളിപ്പെടുത്തൽ വലിയ പ്രതികരണമാണ് ഉയർത്തിയത്. 3,500 ഓളം പേരാണ് വീഡിയോയ്ക്ക് താഴെ കുറിപ്പുകളെഴുതാനെത്തിയത്. ഇതൊരു തമാശയല്ലെന്നും ഇത്തരം അനുഭവങ്ങൾ പലർക്കും നേരിടേണ്ടിവന്നിട്ടുണ്ടെന്നും ചിലരെഴുതി. ഒരു പുരുഷന് ഇത്തരമൊരു അനുഭവം ഉണ്ടാകുന്നെങ്കിൽ യാത്രക്കാരായ സ്ത്രീകളുടെ അനുഭവം എന്തായിരിക്കുമെന്ന് മറ്റ് ചിലർ ചോദിച്ചു. ഇന്ത്യയിൽ വച്ചാണ് ഇത്തരമൊരു അനുഭവമെങ്കില്‍ ആളുകൾ ഇന്ത്യയെ അപമാനിക്കും. എന്നാൽ ഒരു ഇന്ത്യക്കാരന് വിദേശ രാജ്യത്ത് അത്തരമൊരു അനുഭവം നേരിടേണ്ടിവരുമ്പോൾ എന്തുകൊണ്ടാണ് ആരും ആ രാജ്യത്തെ വിമർശിക്കാത്തതെന്ന് മറ്റൊരാൾ അതിശയപ്പെട്ടു.