
വിവാഹച്ചടങ്ങുകളുടെയും രസകരമായ മുഹൂർത്തങ്ങളുടെയും ഒക്കെ വീഡിയോകൾ ഓരോ ദിവസവുമെന്നോണം സോഷ്യൽ മീഡിയയിൽ വൈറലായി മാറാറുണ്ട്. അതുപോലെ ഒരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയുടെ ശ്രദ്ധ ആകർഷിച്ചുകൊണ്ടിരിക്കുന്നത്. bidaai (വിട പറയൽ -വിവാഹത്തിലെ ചടങ്ങ്) ചടങ്ങിന് തൊട്ടുപിന്നാലെ ഭർത്താവിന്റെ വീട്ടിലേക്ക് വാഹനമോടിച്ചുകൊണ്ടു പോകുന്ന ഒരു നവവധുവിന്റെ വീഡിയോയാണ് ഇത്. സാധാരണയായി കനത്ത വിവാഹ വസ്ത്രങ്ങളും ആഭരണങ്ങളും ഒക്കെ കൊണ്ട് ആകെ തളർന്നിട്ടായിരിക്കും ഈ സമയമാവുമ്പോഴേക്കും മിക്കവാറും കല്ല്യാണപ്പെണ്ണ് ഉണ്ടാവുക. എന്നാൽ, ഭവാനി തൽവാർ വർമ്മ എന്ന ഈ വധുവിന് അതൊന്നും ഒരു പ്രശ്നമേ ആയിരുന്നില്ല. പകരം ഡ്രൈവിംഗ് സീറ്റിലിരുന്ന് പുഞ്ചിരിയോടെ ഭർത്താവിനെയും അരികിലിരുത്തി പോകുന്ന അവളുടെ വീഡിയോ ആളുകളുടെ ശ്രദ്ധയാകർഷിക്കുകയായിരുന്നു.
വൈറലായിരിക്കുന്ന വീഡിയോയിൽ, ഭവാനി വാഹനമോടിക്കാൻ തയ്യാറെടുക്കുന്നത് കാണാം. ഭർത്താവ് അത് കണ്ട് പുഞ്ചിരിച്ചുകൊണ്ട് അടുത്ത് തന്നെ ഉണ്ട്. ഭർത്താവിനോട് കാറിൽ കയറാൻ പറഞ്ഞ അവൾ വീട്ടിലേക്ക് പോകാൻ സമയമായി എന്നും തമാശയായി പറയുന്നത് കേൾക്കാം. തുടർന്ന് ഭർത്താവ് അവളെ ഡ്രൈവറുടെ സീറ്റിൽ ഇരുത്തുന്നതാണ് കാണുന്നത്. അവളുടെ കനം കൂടിയ വസ്ത്രങ്ങളും മറ്റും ഒതുക്കിപ്പിടിച്ചു കൊടുക്കുന്നതും അവളെ സുരക്ഷിതമായി ഇരിക്കാൻ സഹായിക്കുന്നതും വീഡിയോയിൽ കാണാം. പിന്നാലെ, അവൾ ഡ്രൈവിംഗ് സീറ്റിലിരിക്കുകയും വാഹനം ഒടിക്കുകയും ചെയ്യുന്നു. ഭർത്താവ് തമാശയ്ക്ക് പ്രാർത്ഥിക്കുന്നത് പോലെ കാണിക്കുന്നുമുണ്ട്.
പുഞ്ചിരിയോടെയാണ് അവൾ വാഹനമോടിച്ചുകൊണ്ട് പോകുന്നത്. അടുത്തായി ഭർത്താവ് ഇരിക്കുന്നതും കാണാം. എന്തായാലും, ഈ മനോഹര വീഡിയോയ്ക്ക് അനേകങ്ങളാണ് കമന്റുകൾ നൽകിയിരിക്കുന്നത്. തങ്ങളുടെ വിവാഹത്തിനും ഇതുപോലെ ചെയ്യണം എന്ന് അഭിപ്രായപ്പെട്ടവരുണ്ട്. ദമ്പതികൾക്ക് ആശംസകൾ അറിയിച്ചവരും ഉണ്ട്.