
ഒരു ബ്രിട്ടീഷ് കുടുംബം വന്ദേ ഭാരതിൽ യാത്ര ചെയ്തതിന്റെ അനുഭവം പങ്കുവയ്ക്കുന്ന ഒരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറിക്കൊണ്ടിരിക്കുന്നത്. ഹച്ചിൻസൺ കുടുംബം ഇൻസ്റ്റാഗ്രാമിൽ ഷെയർ ചെയ്ത വീഡിയോയിൽ ദമ്പതികളും കുട്ടികളും അവരുടെ നാല് മണിക്കൂർ നേരത്തെ വന്ദേ ഭാരത് യാത്രയിൽ ട്രെയിനിൽ വിളമ്പിയ ലഘുഭക്ഷണം ആസ്വദിക്കുന്നതാണ് കാണുന്നത്. 'ഈ ടിക്കറ്റുകൾക്ക് ഞങ്ങൾ നാലുപേരിൽ ഓരോരുത്തർക്കും ഏകദേശം 11 പൗണ്ട് (1,273) ചിലവായി, ഭക്ഷണവും ഇതിന്റെ കൂടെയുണ്ട്. പെൺകുട്ടികൾക്ക് ഇതിനകം ഭക്ഷണം കിട്ടിക്കഴിഞ്ഞിരുന്നു' എന്നാണ് യുവതി വീഡിയോയിൽ പറയുന്നത്.
ഭക്ഷണ ട്രേയിൽ ഒരു ഡയറ്റ് മിക്സ്ചർ, കാരമൽ പോപ്‌കോൺ, ഒരു പാറ്റി, മാംഗോ ജ്യൂസ്, ഒരു ജിഞ്ചർ ടീ സാഷെ എന്നിവയാണ് ഉണ്ടായിരുന്നത്. ട്രെയിനിൽ നൽകിയ ഭക്ഷണ ട്രേ അവർ സൂക്ഷ്മമായി പരിശോധിക്കുന്നതും കാണാം. അതിൽ എന്തൊക്കെയാണ് ഉള്ളത് എന്നെല്ലാം നോക്കുന്നുണ്ട്. 'ഇന്ത്യൻ ട്രെയിനിലെ ഭക്ഷണം! നിങ്ങൾ എന്താണ് പ്രതീക്ഷിക്കുന്നത്? ചായപ്പൊടിയുടെ കാര്യത്തിൽ ഞങ്ങൾക്ക് ആശയക്കുഴപ്പമുണ്ടായിരുന്നു, പക്ഷേ പിന്നീട് ചൂടുവെള്ളം വന്നു, ഇത് വളരെ രുചികരം തന്നെ ' എന്നാണ് ഇൻസ്റ്റഗ്രാമിൽ വീഡിയോയ്ക്കൊപ്പം കുറിച്ചിരിക്കുന്നത്.
ട്രെയിനിൽ ഭക്ഷണം ലഭിച്ചത് ദമ്പതികളെ ആശ്ചര്യപ്പെടുത്തിയിട്ടുണ്ട് എന്ന് വീഡിയോ കാണുമ്പോൾ മനസിലാകും. വളരെയധികം കൗതുകത്തോടെയാണ് അവർ ഓരോ പാക്കറ്റുകളും പരിശോധിക്കുന്നത്. ഈ രൂപയ്ക്ക് ഇത് നല്ല സർവീസാണ് എന്നാണ് അവരുടെ അഭിപ്രായം. 1.4 മില്ല്യണിലധികം ആളുകൾ വീഡിയോ കണ്ടുകഴിഞ്ഞു. നിരവധിപ്പേരാണ് വീഡിയോയ്ക്ക് കമന്റുകൾ നൽകിയത്. 'ഇന്ത്യയെ കുറിച്ച് നല്ല കാര്യങ്ങൾ പറയുന്നതിന് നന്ദി' എന്നാണ് മിക്കവരും പറഞ്ഞിരിക്കുന്നത്.