പുനെയിലെ തിരക്കേറിയ റോഡിലൂടെ ഓടുന്ന ഓട്ടോറിക്ഷയുടെ മുകളിൽ സമാധാനമായി യാത്ര ചെയ്യുന്ന ഒരു നായയുടെ വീഡിയോയാണ് ഇപ്പോള്‍ സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്. യാതൊരു ഭയവുമില്ലാതെ ബാലൻസ് ചെയ്താണ് നായയുടെ യാത്ര. 

തിരക്കും ബഹളവും നിറഞ്ഞ പുനെയിലെ റോഡുകളിൽ പതിവ് കാഴ്ചകൾക്കിടയിൽ നിന്നും വളരെ വ്യത്യസ്തമായൊരു കാഴ്ചയാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. ഡാംഗെ ചൗക്കിലെ തിരക്കേറിയ റോഡിലൂടെ ഓടുന്ന ഓട്ടോറിക്ഷയുടെ മുകളിൽ സമാധാനമായി ഇരിക്കുന്ന ഒരു നായയാണ് ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ താരമായി മാറുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

തിരക്കേറിയ തെരുവിലൂടെ നീങ്ങുന്ന ഓട്ടോറിക്ഷയുടെ മുകളിലാണ് ഈ നായ ഇരിക്കുന്നത് എന്ന് വീഡിയോയിൽ കാണാം. താഴെ വാഹനങ്ങൾ ഹോൺ അടിക്കുന്നതോ മറ്റ് ബഹളങ്ങളോ ഒന്നും തന്നെ നായയെ ഒട്ടും അലട്ടുന്നില്ല. ഓട്ടോറിക്ഷ സ്പീഡ് ബ്രേക്കറുകൾ കയറി ഇറങ്ങുമ്പോഴും യാതൊരു ഭയവുമില്ലാതെ, വളരെ കൃത്യമായി ബാലൻസ് ചെയ്താണ് നായയുടെ ഇരിപ്പ്. വശങ്ങളിലൂടെ പോകുന്ന വാഹനങ്ങളെയും ആളുകളെയും നോക്കുന്നതും യാത്ര ആസ്വദിക്കുന്നതും വീഡിയോയിൽ കാണാം.

'ഡോൺ മഹ്ത്യാത് ഡോൺ' (Don Mhantyat Don) എന്ന കുറിപ്പോടെയാണ് ഈ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. നായയുടെ ഈ അസാധാരണ ബാലൻസ് ചെയ്യലും ശാന്തതയും കണ്ടാൽ ഇത് ആദ്യമായല്ല അവൻ ഇങ്ങനെ യാത്ര ചെയ്യുന്നതെന്ന് തോന്നും. വീഡിയോ വളരെ പെട്ടെന്നാണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറിയത്. വീഡിയോ വൈറലായതോടെ രസകരമായ കമന്റുകളുമായി നിരവധി പേർ രംഗത്തെത്തി.

View post on Instagram

'ഡോഗേഷ് ഭായ് വരുന്നുണ്ട്, എല്ലാവരും പതുക്കെ പോകൂ' എന്നാണ് ഒരാൾ തമാശയായി കുറിച്ചത്. 'ഈ നായയുടെ ഓറ ഓരോ ദിവസം കഴിയുന്തോറും കൂടിക്കൊണ്ടിരിക്കുകയാണ്' എന്ന് മറ്റൊരു യൂസർ അഭിപ്രായപ്പെട്ടു. സാധാരണയായി വണ്ടിക്ക് ഉള്ളിൽ യാത്ര ചെയ്യുന്ന വളർത്തുമൃഗങ്ങളെ കണ്ടിട്ടുണ്ടെങ്കിലും, ഓടിക്കൊണ്ടിരിക്കുന്ന വാഹനത്തിന് മുകളിൽ ഇത്തരത്തിൽ യാത്ര ചെയ്യുന്ന നായയുടെ കാഴ്ച ആദ്യമായിട്ടാണ് കാണുന്നത് എന്നായിരുന്നു മറ്റ് ചിലരുടെ അഭിപ്രായം.