
രാജ്യത്തെ പല പ്രദേശങ്ങളിലും സർക്കാർ സ്കൂളുകളിൽ കുട്ടികൾക്ക് നേരെ നടക്കുന്ന നിരവധി ചൂഷണങ്ങൾ വാർത്തയാകാറുണ്ട്. ആന്ധ്രപ്രദേശിലെ അമരാവതിയിൽ ടീച്ചർ കുട്ടികളെ കൊണ്ട് കാല് തിരുമ്മിക്കുന്ന വീഡിയോ കഴിഞ്ഞ ദിവസമാണ് വലിയ രീതിയിൽ ചർച്ചയായത്. ഇപ്പോൾ ഉത്തർപ്രദേശിലെ റായ്ബറേലിയിലെ ഒരു സർക്കാർ പ്രൈമറി സ്കൂളിൽ നടന്ന സംഭവമാണ് വ്യാപക പ്രതിഷേധങ്ങൾക്കിടയാക്കിയത്. കൊച്ചുകുട്ടികളെ കൊണ്ട് ഇഷ്ടിക ചുമപ്പിക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്.
ദൃശ്യങ്ങൾ
അമാവൻ ബ്ലോക്കിലെ ശാന്തി നാഗിൻ പ്രൈമറി സ്കൂളിൽ നിന്നുള്ളതാണ് ഈ ദൃശ്യങ്ങൾ. യൂണിഫോം ധരിച്ച നിരവധി കുട്ടികൾ തകർന്ന നടപ്പാതയിലൂടെ ഇഷ്ടികകൾ ചുമന്ന് കൊണ്ടുപോകുന്ന വിദ്യാര്‍ത്ഥികളെ വ്യക്തമായി ദൃശ്യങ്ങളിൽ കാണാം. സ്കൂളിലെ പ്രധാനാധ്യാപികയായ പ്രതിഭ സിംഗ് ക്യാമറ തടയാനും ചിത്രീകരിച്ചയാളോട് വീഡിയോ ഡിലീറ്റ് ചെയ്യാനും അപേക്ഷിക്കുന്നതും ദൃശ്യങ്ങളിൽ ഉണ്ട്. ശേഷം കുട്ടികളെ ക്ലാസ് മുറികളിലേക്ക് ഓടിച്ചുവിടാൻ ശ്രമിക്കുന്നു.
എന്തായാലും ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചതോടെ സ്കൂൾ അധികൃതർക്കെതിരെ വ്യാപകവിമർശനങ്ങളാണ് ഉയർന്നത്. കുട്ടികളെ നല്ല വിദ്യാഭ്യാസം നൽകി, നല്ല പൗരന്മാരാക്കാൻ ഉദ്ദേശിച്ചുള്ള സർക്കാർ സ്കൂളുകളിൽ തന്നെ കുട്ടികളുടെ അവകാശങ്ങൾ ലംഘിക്കുന്നതിനെക്കുറിച്ചുള്ള വലിയ ചർച്ചകൾക്ക് സംഭവം തിരികൊളുത്തി.
ബാലവേല നിരോധന നിയമം
1986 -ലെ ബാലവേല നിരോധന നിയമപ്രകാരം കുട്ടികളെ അപകടകരമായതോ കായികമായതോ ആയ ജോലികൾ ചെയ്യാൻ നിർബന്ധിക്കുന്നത് കർശനമായി നിരോധിച്ചിട്ടുള്ളതാണ്. അതിനാൽ തന്നെ സ്കൂൾ അധികൃതരുടെ ഭാഗത്തു നിന്നുണ്ടായ നടപടി വ്യക്തമായ നിയമലംഘനമാണ്.
എന്നാൽ, സംഭവത്തിൽ ഇതുവരെ ബന്ധപ്പെട്ട അധികാരികൾ അച്ചടക്ക നടപടികൾ പ്രഖ്യാപിച്ചതായി റിപ്പോർട്ടുകളില്ല. എന്തായാലും ഈ സംഭവം ഒറ്റപ്പെട്ടതാണോ അതോ ഈ പ്രദേശത്തെ സർക്കാർ സ്കൂളുകളിൽ ഇത്തരത്തിൽ ചൂഷണങ്ങൾ നടക്കുന്നുണ്ടോ എന്ന് കൂടുതൽ വ്യക്തത വരേണ്ടിയിരിക്കുന്നു.