
കൊക്കക്കോളയും മെന്റോസും ഒന്നിച്ചാൽ എന്ത് സംഭവിക്കും? കുട്ടികൾ മുതൽ വലിയവർ വരെ പരീക്ഷിച്ചു നോക്കുന്ന ഈ പരിപാടിയാണ് ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ വലിയ ചർച്ചയായിരിക്കുന്നത്. റോഡിൽ പരന്നൊഴുകിയ കൊക്കകോളയിലേക്ക് മെന്റോസ് മിഠായികൾ വീണപ്പോൾ ഉണ്ടാകുന്ന വലിയൊരു സ്ഫോടനവും അതിൽ ഒരു മനുഷ്യൻ ആകാശത്തേക്ക് ഉയർന്നു പറക്കുന്നതുമായ വിചിത്രമായ ഒരു വീഡിയോയാണ് ഇപ്പോൾ വൈറലായിരിക്കുന്നത്.
റോഡിലൂടെ പോവുകയായിരുന്ന കൊക്കക്കോള ട്രക്കിൽ നിന്ന് വലിയ തോതിൽ ഡ്രിങ്ക് ചോർന്നു റോഡിലേക്ക് ഒഴുകുന്നതാണ് വീഡിയോയുടെ തുടക്കത്തിൽ കാണുന്നത്. ഇതിന് സമീപത്തായി ഒരു മെന്റോസ് ട്രക്കും നിർത്തിയിട്ടിരിക്കുന്നു. ഒഴുകിയ കോള ഒരു വലിയ ജാറുമായി എത്തിയ യുവാവ് ശേഖരിക്കാൻ തുടങ്ങുന്നു. തുടർന്ന് യുവാവ് മെന്റോസ് ട്രക്ക് തുറന്ന് പെട്ടികൾ പുറത്തെടുക്കുകയും, കോളയും മെന്റോസും തമ്മിൽ ചേരുമ്പോൾ വൻ തോതിൽ പുകയും പതയും ഉയരുകയും ചെയ്യുന്നു. ഇതിന്റെ ശക്തിയിൽ യുവാവ് ആകാശത്തേക്ക് ഉയർന്നു പറക്കുന്നതാണ് വീഡിയോയിലുള്ളത്.
എക്സ് (X) -ൽ @Angipathy എന്ന അക്കൗണ്ടിൽ 'എന്റെ അമ്മ എനിക്ക് അയച്ചു തരുന്ന, ഇത് എഐ ആണോ എന്ന് ചോദിച്ചു കൊണ്ടുള്ള വീഡിയോകൾ' എന്ന അടിക്കുറിപ്പോടെയാണ് ഈ ദൃശ്യങ്ങൾ പങ്കുവെച്ചിരിക്കുന്നത്. ചുരുങ്ങിയ സമയംകൊണ്ട് ലക്ഷക്കണക്കിന് ആളുകളാണ് ഇത് കണ്ടത്.
എന്നാൽ, ഇതൊരു എഐ നിർമ്മിത വീഡിയോ ആണെന്ന് ആർക്കും പെട്ടെന്ന് തന്നെ തിരിച്ചറിയാവുന്നതേയുള്ളൂ. വീഡിയോയിലെ മെന്റോസ് ട്രക്കിൽ 'Mentos' എന്നതിന് പകരം 'mentes' എന്ന് തെറ്റായി എഴുതിയിരിക്കുന്നതും ആളുകളുടെ ശ്രദ്ധയിൽ പെട്ടു.
Los vídeos que me manda mi mamá preguntando si es IA pic.twitter.com/Ot8m8uhpzZ
— Αηg!ҽ (@angipathy) September 17, 2026
'TechHalla' എന്ന ക്രിയേറ്ററാണ് ഈ വീഡിയോ നിർമ്മിച്ചത്. സ്റ്റിൽ ചിത്രങ്ങൾക്കായി 'GPT Image 2.5'-ഉം, ആനിമേഷനായി 'Seedance 2.5'-ഉം ഉപയോഗിച്ചാണ് ഈ ദൃശ്യങ്ങൾ തയ്യാറാക്കിയതെന്ന് ഇയാൾ പിന്നീട് വ്യക്തമാക്കി.
'ഏത് വിചിത്രമായ വീഡിയോ കണ്ടാലും ഇപ്പോൾ ആളുകൾക്ക് സംശയമാണ്' എന്നാണ് ഒരാൾ വീഡിയോയ്ക്ക് കമന്റ് നൽകിയത്. 'ചിലർ എഐ ഉപയോഗിക്കുന്ന രീതി ശരിക്കും അദ്ഭുതപ്പെടുത്തുന്നു' എന്ന് മറ്റൊരാളും അഭിപ്രായപ്പെട്ടു.