'അബദ്ധത്തിൽ സംഭവിച്ചതാണെങ്കിലും, അത് നന്നാക്കാൻ അയാൾ കാണിച്ച ആ മനസ്സ് എന്നെ ഏറെ സ്പർശിച്ചു. ആരും പറയാതെ തന്നെ ഓരോ ചെറിയ വിശദാംശങ്ങളും ശ്രദ്ധിച്ച് അയാൾ അത് ശരിയാക്കാൻ ശ്രമിച്ചു. ആരാണെങ്കിലും അദ്ദേഹത്തിന് എന്റെ നന്ദി.'
ദീപാവലി ആഘോഷങ്ങളുടെ ഭാഗമായി വീടുകളുടെ മുന്നിൽ മനോഹരമായ രംഗോലികൾ വരയ്ക്കുന്നത് പതിവാണ്. എന്നാൽ, താൻ ഏറെ കഷ്ടപ്പെട്ട് വരച്ച രംഗോലി അല്പം മാഞ്ഞുപോയത് കണ്ടാണ് ദൃഷ്ടി എന്ന യുവതി അത്ഭുതപ്പെട്ടത്. ഇതെങ്ങനെ സംഭവിച്ചു എന്ന് അവർക്ക് മനസിലായില്ല. ഒടുവിൽ അതറിയാനായി വീടിന് മുന്നിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് ആ കൗതുകകരമായ കാഴ്ച അവരുടെ കണ്ണിൽ പെട്ടത്.
ഫ്ലിപ്കാർട്ടിന്റെ ഡെലിവറി ഏജന്റ് ഓർഡർ നൽകി മടങ്ങുന്നതിനിടെ അബദ്ധത്തിൽ രംഗോലിയുടെ അരികിൽ ചവിട്ടുകയായിരുന്നു. കോലം അല്പം മാഞ്ഞു എന്ന് മനസ്സിലായതോടെ അയാൾ അവിടെനിന്ന് മടങ്ങിപ്പോകാൻ തയ്യാറായില്ല. താഴെയിരുന്ന് തന്റെ കൈകൾ കൊണ്ട് ആ രംഗോലി പരമാവധി ഭംഗിയായി വീണ്ടും വൃത്തിയാക്കിയ ശേഷമാണ് അയാൾ മടങ്ങിയത്.
'അബദ്ധത്തിൽ സംഭവിച്ചതാണെങ്കിലും, അത് നന്നാക്കാൻ അയാൾ കാണിച്ച ആ മനസ്സ് എന്നെ ഏറെ സ്പർശിച്ചു. ആരും പറയാതെ തന്നെ ഓരോ ചെറിയ വിശദാംശങ്ങളും ശ്രദ്ധിച്ച് അയാൾ അത് ശരിയാക്കാൻ ശ്രമിച്ചു. ആരാണെങ്കിലും അദ്ദേഹത്തിന് എന്റെ നന്ദി' എന്ന് ദൃഷ്ടി കുറിച്ചു.
ഡെലിവറി ബോയിയുടെ പ്രവൃത്തിയെ പ്രശംസിച്ച് നിരവധിയാളുകളാണ് പോസ്റ്റിന് കമന്റുകളിടുന്നത്. ഉപഭോക്താവ് പരാതിപ്പെടുമോ എന്ന ഭയം കൊണ്ടാകാം അവൻ അത് ചെയ്തതെന്നും, അടുത്ത സ്ഥലത്ത് എത്തുമ്പോൾ വൈകിയതിന് വഴക്ക് കേൾക്കാൻ സാധ്യതയുണ്ടായിട്ടും അതിന് സമയം കണ്ടെത്തിയത് അഭിനന്ദനാർഹമാണെന്നും ആളുകൾ കുറിച്ചു. അബദ്ധം പറ്റിയിട്ടും അത് തിരുത്താൻ കാണിച്ച യുവാവിന്റെ പ്രൊഫഷണലിസവും ആത്മാർത്ഥതയും ആളുകളെ എന്തായാലും ആകർഷിച്ചിട്ടുണ്ട്.















