
നഗരത്തിരക്കുകളിൽ നിന്ന് മാറി കൂടുതൽ ശാന്തമായൊരു ജീവിതം തേടി ബെംഗളൂരുവിൽ നിന്ന് ഗോവയിലേക്ക് ചേക്കേറിയിരിക്കയാണ് ഈ ദമ്പതികൾ. ഒരു വർഷത്തെ കൃത്യമായ പ്ലാനിംഗിന് ശേഷമാണ് രാധിക, ഏകാൻഷ് ദമ്പതികൾ തങ്ങളുടെ പുതിയ ജീവിതത്തിലേക്ക് ചുവടുവെച്ചത്. ഗോവയിലെത്തി ഒരു മാസം പൂർത്തിയാകുമ്പോൾ, വീട് മാറുന്നതിനും പുതിയ താമസസൗകര്യമൊരുക്കുന്നതിനുമായി തങ്ങൾക്ക് ചെലവായ തുക സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചിരിക്കുകയാണ് ഇവർ.
ഇൻസ്റ്റഗ്രാമിലൂടെ പങ്കുവെച്ച വീഡിയോയിൽ തങ്ങളുടെ ഓരോ ഘട്ടത്തിലെയും ചെലവുകൾ രാധിക വിശദീകരിക്കുന്നു.
ആശയങ്ങളുടെ ഉത്സവം- അഗോറയില്‍ രജിസ്റ്റര്‍ ചെയ്യാൻ ഇവിടെ ക്ലിക് ചെയ്യുക
പ്രധാന ചെലവുകൾ
ബെംഗളൂരുവിലെ ഹൗസിംഗ് സൊസൈറ്റിയിൽ നിന്ന് സാധനങ്ങൾ മാറ്റുന്നതിനും സ്റ്റോറേജിനുമായി 15,000 രൂപ ചെലവായി.
സാധനങ്ങൾ ഗോവയിലെത്തിക്കാൻ 24,000 രൂപ നൽകേണ്ടിവന്നു.
കാർ സർവീസിംഗ്, പുകപരിശോധന (PUC), പെട്രോൾ എന്നിവയുൾപ്പെടെ ബെംഗളൂരുവിൽ നിന്ന് ഗോവയിലേക്കുള്ള കാർ യാത്രയ്ക്ക് 10,000 രൂപയായി.
ഗോവയിലെത്തിയ ശേഷം അനുയോജ്യമായ വീട് കണ്ടുപിടിക്കാൻ മൂന്ന് ആഴ്ചയോളം എടുത്തു. ഈ സമയത്ത് എയർ ബിഎൻബികളിൽ താമസിച്ച വകയിൽ 45,000 രൂപ ചെലവായെങ്കിലും, ബെംഗളൂരുവിൽ നൽകേണ്ടിയിരുന്ന സാധാരണ വീട്ടുവാടകയ്ക്ക് തുല്യമായതിനാൽ ഇവർ ഇത് അധിക ചെലവുകളുടെ കൂട്ടത്തിൽ ഉൾപ്പെടുത്തിയിട്ടില്ല.
വ്യത്യസ്ത ലൊക്കേഷനുകളിൽ വീട് തിരഞ്ഞുനടന്ന വകയിൽ പെട്രോളിന് 5,000 രൂപയും, ഈ ദിവസങ്ങളിലെ ഭക്ഷണത്തിനും ഗ്രോസറിക്കുമായി 12,000 രൂപയും ചെലവായി.
പുതിയ വീട് കണ്ടെത്തിയ ശേഷം എയർ കണ്ടീഷണർ, വാഷിംഗ് മെഷീൻ ഇൻസ്റ്റലേഷൻ, കാർപെന്റർ, പ്ലംബർ സേവനങ്ങൾക്കായി 9,500 രൂപ ചെലവിട്ടു.
ഇതെല്ലാം കണക്കുകൂട്ടി ആകെ 75,500 രൂപയാണ് ബെംഗളൂരുവിൽ നിന്ന് ഗോവയിലേക്ക് മാറാൻ തങ്ങൾക്ക് അധിക ചെലവുവന്നതെന്ന് രാധിക വ്യക്തമാക്കുന്നു.
സാധാരണയായി അഞ്ചു ദിവസത്തെ ഗോവ ട്രിപ്പിനായി ആളുകൾ 30,000 മുതൽ 40,000 രൂപ വരെ ചെലവഴിക്കാറുണ്ട്. അതിനോട് താരതമ്യം ചെയ്യുമ്പോൾ, ഒരു പുതിയ ജീവിതം ആരംഭിക്കാൻ 75,000 രൂപ ചെലവഴിച്ചത് തികച്ചും ലാഭകരവും മൂല്യമുള്ളതുമായ തീരുമാനമായിരുന്നു എന്നാണ് ദമ്പതികളുടെ അഭിപ്രായം.