
അതീവ വേദന തരുന്നൊരു ദൃശ്യമാണ് ബിഹാറിൽ നിന്നും സോഷ്യൽ മീഡിയയിൽ അതിവേഗം പ്രചരിച്ചു കൊണ്ടിരിക്കുന്നത്. ഒരു 13 -കാരന്റെ മരണത്തിന് കാരണമായ അപകടത്തിന് പിന്നാലെ റോഡിൽ വീണ മീൻ വാരിക്കൂട്ടുന്ന മനുഷ്യരാണ് അസ്വസ്ഥാജനകമായ ഈ വീഡിയോയിൽ ഉള്ളത്. ബിഹാറിൽ, പുപ്രി പോലീസ് സ്റ്റേഷൻ പരിധിയിലുള്ള ജാജിഹട്ട് ഗ്രാമത്തിനടുത്താണ് സംഭവം നടന്നത്. ഒരു കുട്ടി അപകടത്തില്‍പ്പെട്ട് കിടക്കുമ്പോഴും ജീവന്‍ രക്ഷിക്കാന്‍ ശ്രമിക്കാതെ മീൻ വാരിക്കൂട്ടാൻ മത്സരിക്കുന്ന ആളുകളുടെ നിസംഗതയും സ്വാർത്ഥതയും അമ്പരപ്പിക്കുന്നതായിരുന്നു.
13 -കാരനായ റിതേഷ് കുമാറാണ് അപകടത്തിൽ മരിച്ചത്. രാവിലെ തന്റെ കോച്ചിംഗ് ക്ലാസ് കഴിഞ്ഞു വരികയായിരുന്നു ഗോലു എന്ന് വിളിക്കുന്ന റിതേഷ് കുമാറെന്ന് എൻഡിടിവി റിപ്പോര്‍ട്ടില്‍ പറയുന്നു. വേഗത്തിലെത്തിയ ഒരു പിക്കപ്പ് ട്രക്ക് വീട്ടിലേക്ക് മടങ്ങുകയായിരുന്ന കുട്ടിയെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. സംഭവസ്ഥലത്ത് വച്ചുതന്നെ കുട്ടി മരിച്ചു. അപകടം കണ്ട് ചുറ്റുമുള്ളവരെല്ലാം നിലവിളിച്ചുപോയി. അധികം വൈകാതെ കുട്ടിയുടെ മാതാപിതാക്കളും സംഭവസ്ഥലത്തെത്തി. അപ്പോഴേക്കും തങ്ങളുടെ മകൻ പോയി എന്ന് അവർ വേദനയോടെ തിരിച്ചറിഞ്ഞു.
എന്നാൽ, റോഡിന്റെ മറ്റൊരു വശത്ത് ഇതൊന്നുമായിരുന്നില്ല രംഗം. കുട്ടിയെ ഇടിച്ച പിക്കപ്പ് ട്രക്കിൽ നിന്നും റോഡിലേക്ക് വീണ മീൻ വാരിക്കൂട്ടാനായി ആളുകൾ മത്സരിക്കുന്ന മനസ് മരവിപ്പിക്കുന്ന കാഴ്ചയാണ് അവിടെയുണ്ടായിരുന്നത്. കുട്ടിയെ സഹായിക്കുകയോ, ആംബുലൻസിനെയോ, പോലീസിനെയോ ബന്ധപ്പെടുകയോ ഒക്കെ ചെയ്യുന്നതിന് പകരം, സ്ഥലത്ത് തടിച്ചുകൂടിയ പലരും മീൻ കൈക്കലാക്കാൻ തുടങ്ങുകയായിരുന്നു. കുട്ടിയുടെ മൃതദേഹത്തിന് സമീപത്ത് കൂടി ആളുകൾ സഞ്ചിയിലും കയ്യിലും ഒക്കെയായി മത്സ്യങ്ങളുമായി പോകുന്നത് കാണാം.
പിന്നീട്, പുപ്രി പോലീസ് സ്റ്റേഷനിൽ നിന്നുള്ള ഉദ്യോഗസ്ഥർ എത്തി ജനക്കൂട്ടത്തെ പിരിച്ചുവിടാൻ ശ്രമിക്കുകയായിരുന്നു. അവർ റിതേഷിന്റെ മൃതദേഹം പോസ്റ്റ്‌മോർട്ടം പരിശോധനയ്ക്കായി അയക്കുകയും ചെയ്തു. മീൻ വാരിക്കൂട്ടുന്ന ആളുകളുടെ വീഡിയോ വ്യാപകമായി പ്രചരിച്ചതോടെ വലിയ വിമർശനമാണ് ഉയർന്നിരിക്കുന്നത്. മനുഷ്യത്വമില്ലാത്ത ഈ പ്രവൃത്തി ആളുകളിൽ രോഷമുണ്ടാക്കിയിട്ടുണ്ട്.