
അതീവഹൃദയസ്പർശിയായ ഒരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറിക്കൊണ്ടിരിക്കുന്നത്. ടെക്നോളജി അതിവേഗം മാറുകയും പുരോഗമിക്കുകയും ചെയ്യുന്ന ഒരു കാലത്താണ് നാം ജീവിക്കുന്നത്. അവിടെ മാറുന്ന ടെക്നോളജി പഠിച്ചെടുക്കുക എന്നത് പ്രായമായി വരുന്ന പലർക്കും ഒരു വെല്ലുവിളിയാണ്. എന്നാൽ, ടെക്നോളജിയുടെ സൗകര്യമാവട്ടെ വളരെ വലുതുമാണ്. ഇന്ന് പലരും അതെല്ലാം പഠിച്ചെടുക്കുകയും ആ സൗകര്യങ്ങൾ ഉപയോഗിക്കുകയും ചെയ്യാറുണ്ട്. ഈ വീഡിയോയിലും അത് തന്നെയാണ് കാണുന്നത്.
പ്രണാലി എന്ന യൂസർ ഇൻസ്റ്റഗ്രാമിൽ ഷെയർ ചെയ്തിരിക്കുന്ന വീഡിയോ ഇപ്പോൾ വൈറലായി മാറിയിരിക്കയാണ്. ഓൺലൈനിൽ വിജയകരമായി സാധനങ്ങൾ ഓർഡർ ചെയ്തതിന്റെ സന്തോഷവും ആവേശവും ആ അമ്മയിൽ കാണാം. ആദ്യമായി തനിയെ സാധനം ഓർഡർ ചെയ്ത് മകളെ അമ്പരപ്പിക്കുന്നതിൽ കൂടിയാണ് അവരുടെ സന്തോഷം. 'നിഷ്കളങ്കരായ മാതാപിതാക്കളുടെ അവസാനത്തെ തലമുറയാണ് അവർ. എങ്ങനെ ഓർഡർ ചെയ്യണമെന്ന് ഞങ്ങളോട് ചോദിക്കാതെ തന്നെ @letsblinkit -ൽ നിന്ന് ആദ്യമായി ഓർഡർ നൽകിയതിൽ അവർ ഏറെ സന്തോഷത്തിലാണ്' എന്നാണ് വീഡിയോയ്‌ക്കൊപ്പം പ്രണാലി ക്യാപ്ഷനായി കുറിച്ചിരിക്കുന്നത്.
വീഡിയോയിൽ അമ്മ ഏറെ സന്തോഷത്തോടെയും പുഞ്ചിരിയോടെയും ഒരു മുറിയിലേക്ക് കടന്നു വരുന്നതാണ് കാണുന്നത്. 'ഞാൻ ബ്ലിങ്കിറ്റിൽ ഓർഡർ ചെയ്തു' എന്ന് അവർ ആവേശത്തോടെ പ്രഖ്യാപിക്കുന്നതും കാണാം. മകൾ അമ്പരപ്പോടെ അമ്മയെ നോക്കുന്നതും, 'ആദ്യമായിട്ടാണോ ബ്ലിങ്കിറ്റിൽ സാധനം ഓർഡർ ചെയ്യുന്നത്' എന്ന് ചോദിക്കുന്നതും കാണാം. നിമിഷങ്ങൾക്കുശേഷം, മറ്റൊരു മകൾ മുറിയിലേക്ക് കടന്നുവന്ന് അമ്മയെ സ്നേഹപൂർവ്വം കെട്ടിപ്പിടിച്ച് അഭിമാനത്തോടെ, 'എന്റെ അമ്മ ആദ്യമായി ബ്ലിങ്കിറ്റിൽ നിന്ന് ഓർഡർ ചെയ്തു' എന്ന് പറയുന്നതും വീഡിയോയിൽ കാണാം. വളരെ പെട്ടെന്നാണ് വീഡിയോ വൈറലായി മാറിയത്. നിരവധിപ്പേരാണ് ഈ മനോഹരമായ വീഡിയോ കണ്ടിരിക്കുന്നതും കമന്റുകൾ നൽകിയിരിക്കുന്നതും.