
വിദേശത്ത് ജോലി കിട്ടിയ ശേഷമുള്ള തന്റെ ആദ്യത്തെ ശമ്പളം കൊണ്ട് അമ്മയ്ക്ക് വിലപിടിപ്പുള്ള സമ്മാനം നൽകി സർപ്രൈസ് ചെയ്ത ഒരു മകളുടെ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. വൻഷിക എന്ന യുവതിയാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. നാല് വർഷം മുമ്പ് ജർമ്മനിയിലേക്ക് മാറിയപ്പോൾ മുതൽ, തന്റെ ആദ്യ ശമ്പളം കൊണ്ട് അമ്മയ്ക്ക് പ്രത്യേകമായി എന്തെങ്കിലും വാങ്ങി നൽകണമെന്ന് വൻഷിക കരുതിയിരുന്നു. ഇപ്പോൾ ആ സ്വപ്നം അവൾ സാക്ഷാത്കരിച്ചിരിക്കയാണ്. സ്വർണാഭരണമാണ് അമ്മയ്ക്ക് വേണ്ടി അവൾ തന്റെ ശമ്പളം കൊണ്ട് വാങ്ങിയിരിക്കുന്നത്.
ജർമ്മനിയിൽ നിന്ന് ഒന്നും കൊണ്ടുവരാൻ കഴിഞ്ഞില്ല എന്നും പറഞ്ഞ് വൻഷിക അമ്മയോട് ക്ഷമ ചോദിക്കുന്നതാണ് വീഡിയോ തുടങ്ങുമ്പോൾ തന്നെ കാണുന്നത്. തനിക്ക് ഒന്നും കൊണ്ടുവരേണ്ടതില്ല എന്ന് അമ്മയും കളിയായി പറയുന്നുണ്ട്. എന്നാൽ, തൊട്ടടുത്ത നിമിഷം, വൻഷിക തന്റെ പുറകിൽ ഒളിപ്പിച്ചു വെച്ചിരുന്ന സമ്മാനം പുറത്തെടുത്ത് 'ഇത് എന്റെ വകയായി അമ്മയ്ക്ക്' എന്ന് പറഞ്ഞ് നൽകുകയായിരുന്നു.
'നാല് വർഷം മുമ്പാണ് എന്റെ സ്വപ്നങ്ങൾക്ക് പിന്നാലെ ഞാൻ ജർമ്മനിയിലേക്ക് മാറിയത്. ഞാൻ സമ്പാദിക്കുന്ന തുക കൊണ്ട് ആദ്യം ചെയ്യാൻ ആഗ്രഹിച്ചത് എന്റെ അമ്മയ്ക്ക് ഒരു സമ്മാനം വാങ്ങുക എന്നതായിരുന്നു, നമ്മുടെ കുടുംബത്തിന് വേണ്ടി അവർ ചെയ്ത ഓരോ ത്യാഗത്തിനും നന്ദി പറയാനുള്ള ഒരു ചെറിയ വഴിയായിരുന്നു അത്. അവർ ഈ ലോകത്തിലെ എല്ലാ സന്തോഷങ്ങളും അർഹിക്കുന്നു, എന്റെ ബാക്കി ജീവിതകാലം മുഴുവൻ അവരെ ഒരു രാജ്ഞിയെപ്പോലെ പരിചരിക്കാൻ ഞാൻ ആഗ്രഹിക്കുന്നു' എന്നാണ് വൻഷിക പറയുന്നത്.
വിലകൂടിയ ഈ സമ്മാനം കണ്ട് അമ്മയ്ക്ക് ആദ്യം വിശ്വസിക്കാനായില്ലെങ്കിലും, ആ ഞെട്ടൽ പെട്ടെന്ന് തന്നെ സന്തോഷത്തിലേക്ക് വഴി മാറി. അവരുടെ കണ്ണ് നിറഞ്ഞു. അവർ മകളെ കെട്ടിപ്പിടിച്ചു. 'കഠിനാധ്വാനം ചെയ്യുന്ന മറ്റുള്ളവരോട് എനിക്ക് പറയാനുള്ളത്: മുന്നോട്ട് പോവുക. നിങ്ങളുടെ മാതാപിതാക്കളെ അഭിമാനം കൊള്ളിക്കുന്ന, അവരുടെ ആനന്ദക്കണ്ണീർ കാണുന്ന അനുഭൂതി ഈ ലോകത്തിൽ മറ്റൊന്നിനും പകരമാവില്ല' എന്നും അവർ പറയുന്നു.
18 മില്ല്യണിലധികം ആളുകളാണ് ഈ വീഡിയോ കണ്ടത്. നിരവധിപ്പേരാണ് ഈ മനോഹരമായ വീഡിയോയ്ക്ക് കമന്റുകൾ നൽകിയിരിക്കുന്നത്. ശരിക്കും കണ്ണ് നിറഞ്ഞുപോയി എന്ന് ഒരുപാടുപേർ കമന്റ് നൽകിയിട്ടുണ്ട്.