കിമോണോ കാരണം ജപ്പാനിൽ പുലിവാല് പിടിച്ച് ഇന്ത്യക്കാരി, പൊലീസ് വരെ വന്നു!

Published : Apr 17, 2026, 06:52 PM IST
viral video

Synopsis

ജപ്പാനിൽ കിമോണോ വാടകയ്‍ക്കെടുത്തതിന് പിന്നാലെ തനിക്കും സംഘത്തിനുമുണ്ടായ അനുഭവം വെളിപ്പെടുത്തി ഇന്ത്യക്കാരിയായ കണ്ടന്‍റ് ക്രിയേറ്റര്‍. ഒടുവില്‍ പൊലീസ് വരെ വന്നുവെന്നും യുവതി. 

ജപ്പാനിലെ പരമ്പരാ​ഗത വസ്ത്രമാണ് കിമോണോ. എന്നാൽ, ഈ കിമോണോ കാരണം ആകെ പുലിവാല് പിടിച്ചുപോയി ഇന്ത്യയിൽ നിന്നുള്ള ടൂറിസ്റ്റുകൾ. മുംബൈ സ്വദേശിയായ കണ്ടന്റ് ക്രിയേറ്ററെയും സംഘത്തെയും തേടി പൊലീസ് വരെ എത്തി. ആഷിക ജെയിൻ ആണ് ജപ്പാൻ യാത്രക്കിടെയുണ്ടായ അനുഭവം ഇൻസ്റ്റഗ്രാമിലൂടെ പങ്കുവെച്ചത്. ജപ്പാനിലെ പ്രശസ്തമായ കിമോണോ റെന്റൽ ഷോപ്പിൽ നിന്നും വസ്ത്രങ്ങൾ വാടകയ്‌ക്കെടുത്ത് നഗരം ചുറ്റാനിറങ്ങിയതായിരുന്നു ആഷികയും സംഘവും. വൈകുന്നേരം 5 മണിക്ക് മുൻപായി വസ്ത്രങ്ങൾ തിരികെ നൽകണമായിരുന്നു. എന്നാൽ അതിൽ നിന്നും 37 മിനിറ്റ് വൈകിയാണ് ഇവർ കടയിൽ തിരിച്ചെത്തിയത്.

ഓരോ 30 മിനിറ്റ് വൈകുമ്പോഴും ഒരാൾക്ക് 1100 യെൻ (ഏകദേശം 646 രൂപ) വീതം പിഴ നൽകണമായിരുന്നു. ആഷികയുടെ സംഘത്തിൽ അഞ്ച് പേരാണ് ഉണ്ടായിരുന്നത്. 37 മിനിറ്റ് വൈകിയതിനാൽ തന്നെ ഒരു മണിക്കൂറിലെ പിഴയായ 2200 യെൻ വീതം ഓരോരുത്തരും നൽകണമെന്നായിരുന്നു കടയുടമയുടെ ആവശ്യം. എന്നാൽ, വെറും 7 മിനിറ്റ് മാത്രമാണ് അധികം വന്നത് എന്നതിനാൽ പിഴയിൽ ഇളവ് നൽകണമെന്നും അരമണിക്കൂറിലെ തുക മാത്രം തരാമെന്നും ആഷിക കടയുടമയോട് പറയാൻ ശ്രമിച്ചു. എന്നാൽ, ഭാഷ മനസിലാകാത്തതിനാൽ ഇവർ പണം നൽകാൻ വിസമ്മതിക്കുകയാണെന്നാണ് കടയുടമ തെറ്റിദ്ധരിച്ചത്. അങ്ങനെ ഉടമ ഉടൻ തന്നെ പൊലീസിനെ വിളിക്കുകയുമായിരുന്നു.

 

 

'ജപ്പാനിലെ നിയമങ്ങൾ വളരെ കർക്കശമാണ്. പൊലീസ് എത്തി രണ്ട് കൂട്ടരുടേയും ഭാഗം കേട്ടു. ഒടുവിൽ ഞങ്ങൾക്ക് ഒരു രൂപ പോലും ഡിസ്കൗണ്ട് ലഭിച്ചില്ലെന്ന് മാത്രമല്ല, മുഴുവൻ പിഴയും അടയ്‌ക്കേണ്ടി വന്നു' എന്നും ആഷിക വീഡിയോയിൽ പറഞ്ഞു. എന്തായാലും വീഡിയോ വൈറലായി മാറിയതോടെ നിരവധിപ്പേരാണ് കമന്റുകളുമായി വന്നത്. മറ്റൊരു രാജ്യത്ത് പോയാൽ അവിടുത്തെ നിയമങ്ങൾ അനുസരിക്കണം, അല്ലാതെ വിലപേശാൻ നിൽക്കരുത്, അത് നമ്മുടെ രാജ്യത്തിന് തന്നെ മോശമാണ് എന്നാണ് പലരും അഭിപ്രായപ്പെട്ടത്.

 

PREV
Read more Articles on
click me!

Recommended Stories

കൂട്ടുകാരിക്കൊപ്പം ബ്രേക്ക്ഫാസ്റ്റ് കഴിക്കാൻ ഓടിയത് 12 കിലോമീറ്റർ, ലക്ഷ്യസ്ഥാനത്ത് എത്തിയപ്പോള്‍ ട്വിസ്റ്റ്!
5 വർഷം ഞാൻ പറന്നു, സ്വപ്നജോലി ഉപേക്ഷിക്കുന്നു, ഇനി പുലർച്ചകളിലെ യാത്രകളില്ല; വൈകാരികമായ പോസ്റ്റുമായി യുവതി