
ബെംഗളൂരുവിലെ ഗതാഗതക്കുരുക്കിനെ കുറിച്ചും പൊട്ടിപ്പൊളിഞ്ഞ നടപ്പാതകളെ കുറിച്ചും ഇപ്പോൾ അനുഭവപ്പെടുന്ന കനത്ത ചൂടിനെ കുറിച്ചുമെല്ലാം ആളുകൾ സോഷ്യൽ മീഡിയയിൽ കുറിക്കാറുണ്ട്. എന്നാൽ, തന്റെ ഉറ്റ സുഹൃത്തിനെ കാണാൻ സർജാപ്പൂരിൽ നിന്ന് മഹാദേവപുര വരെ 12 കിലോമീറ്റർ പുലർച്ചെ ഓടിയെത്തിയ കീർത്തി പുർസ്വാനി എന്ന യുവതിയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്. തന്റെ ഇൻസ്റ്റാഗ്രാം വീഡിയോയിലൂടെ തന്നെയാണ് കീർത്തി തന്റെ ഈ യാത്രയെ കുറിച്ച് പറഞ്ഞിരിക്കുന്നത്. ഗൂഗിളിൽ ജോലി ചെയ്യുന്ന സുഹൃത്തിനെ കാണുക, ഒരുമിച്ച് പ്രഭാതഭക്ഷണം കഴിക്കുക എന്നതായിരുന്നു ഈ ഓട്ടത്തിന്റെ ലക്ഷ്യം.
രാവിലെ ആറ് മണിക്കാണ് കീർത്തി സർജാപൂരിൽ നിന്നും യാത്ര തിരിച്ചത്. രണ്ട് കിലോമീറ്റർ എത്തിയപ്പോഴേക്കും ഹൃദയമിടിപ്പ് 174 -ൽ എത്തി. വേദനയും തോന്നി, എങ്കിലും യാത്ര തുടർന്നു. സെസ്ന ബിസിനസ് പാർക്കും മാറത്തഹള്ളിയും കഴിഞ്ഞതോടെ ട്രാഫിക്കും പൊടിയും കൂടി. ഗ്ലാസ് വെക്കാത്തതിൽ കീർത്തിക്ക് ഖേദവും തോന്നി. ഫ്ലൈ ഓവറുകളും പ്രധാന റോഡുകളും കടന്ന്, 10 കിലോമീറ്റർ പിന്നിട്ടപ്പോഴേക്കും നടപ്പാതകൾ ഇല്ലാതായി. വാഹനങ്ങൾക്കിടയിലൂടെ ജീവൻ പണയം വെച്ചായിരുന്നു അവസാനത്തെ 2 കിലോമീറ്റർ യാത്ര.
ഇങ്ങനെയൊക്കെയാണെങ്കിലും ഏകദേശം 1 മണിക്കൂർ 45 മിനിറ്റ് ഓടി രാവിലെ 7. 45 -ന് തന്നെ സുഹൃത്തിന്റെ വീട്ടിലെത്തി. പക്ഷേ, നിരാശയായിരുന്നു ഫലം. ഗൂഗിളിൽ ജോലി ചെയ്യുന്ന സുഹൃത്ത് അപ്പോഴേക്കും ഓഫീസിലേക്ക് പോയിരുന്നു. 'ഗൂഗിളിൽ ജോലി ചെയ്യുന്നവരെ ബെസ്റ്റ് ഫ്രണ്ട് ആക്കരുത്' എന്നാണ് തമാശരൂപേണ കീർത്തി വീഡിയോയിൽ പറയുന്നത്. 'ബെംഗളൂരു റോഡുകളിൽ ടകേഷിസ് കാസിൽ കളിച്ച പ്രതീതിയായിരുന്നു. ഞാനൊരു തുടക്കക്കാരിയാണ്, ഇതൊരു വിജയകരമായ ഓട്ടമാണോ എന്ന് എനിക്കറിയില്ല' എന്നും കീർത്തി പറയുന്നു.
നിരവധിപ്പേരാണ് വീഡിയോയ്ക്ക് കമന്റുകൾ നൽകിയത്. ബെംഗളൂരുവിലെ നടപ്പാതകളുടെയും മറ്റും അവസ്ഥ തുറന്നുകാട്ടുന്ന വീഡിയോ എന്നാണ് പലരും പറഞ്ഞത്. ഒരു സാധാരണ ഓട്ടം പോലും ബെംഗളൂരുവിലെ പൊടിയിലും ട്രാഫിക്കിലും സാഹസികമാണ് എന്നും ആളുകൾ അഭിപ്രായപ്പെട്ടു.