
കോക്രോച്ച് ജനതാ പാർട്ടി (സിജെപി) രാജ്യതലസ്ഥാനത്ത് വിവിധ ആവശ്യങ്ങളുന്നയിച്ച് നടത്തുന്ന പ്രതിഷേധം തുടരുകയാണ്. പലപ്പോഴും പ്രതിഷേധത്തിൽ പങ്കാളികളാകാൻ ആഗ്രഹിച്ചെത്തുന്ന യുവാക്കൾക്ക് അവിടെ എത്തിച്ചേരാനാവാത്ത സ്ഥിതിയുമുണ്ട്. എന്നാൽ, ഇതിനിടയിൽ, വഴിയിൽ കുടുങ്ങിയ പ്രതിഷേധക്കാരെ സൗജന്യമായി ലക്ഷ്യസ്ഥാനത്തെത്തിച്ച ഒരു ഓട്ടോ ഡ്രൈവറെ കുറിച്ചുള്ള പോസ്റ്റാണ് ഇപ്പോൾ ശ്രദ്ധിക്കപ്പെടുന്നത്. രാജ്യത്തെ യുവാക്കൾക്കായുള്ള തന്റെ ചെറിയ സംഭാവനയാണിതെന്ന് പറഞ്ഞാണ് രാകേഷ് കുമാർ യാദവ് എന്ന ഡ്രൈവർ യാത്രക്കാരിൽ നിന്ന് പണം വാങ്ങാൻ വിസമ്മതിച്ചത്.
ജൂലൈ 20 -ന് തങ്ങൾക്കുണ്ടായ അനുഭവം ഐശ്വര്യ എന്ന യുവതിയാണ് ഇൻസ്റ്റഗ്രാമിലൂടെ പങ്കുവെച്ചത്. 'മെട്രോ സ്റ്റേഷനുകൾ അടയ്ക്കുകയും, ബസുകളും ഓൺലൈൻ ടാക്സികളും ഇല്ലാതിരിക്കുകയും ചെയ്തതോടെ ആയിരക്കണക്കിന് ആളുകൾക്ക് ജന്തർ മന്തറിലെത്താൻ ഒരു മണിക്കൂറോളം നടക്കേണ്ടി വന്നു. ആ സമയത്താണ് രാകേഷ് കുമാർ യാദവ് എന്നയാൾ ഞങ്ങളെ ഓട്ടോയിൽ കയറ്റി പ്രതിഷേധ സ്ഥലത്തെത്തിച്ചത്. പണം നൽകാൻ ശ്രമിച്ചെങ്കിലും അദ്ദേഹം നിരസിച്ചു' എന്ന് ഐശ്വര്യ കുറിച്ചു. 'ഇത് രാജ്യത്തിനും യുവാക്കൾക്കും വേണ്ടിയുള്ള എന്റെ ചെറിയ സംഭാവനയാണ്' എന്നാണ് ഇതിന് കാരണമായി അദ്ദേഹം പറഞ്ഞത്.
നിരവധിപ്പേരാണ് പോസ്റ്റിന് കമന്റുകളുമായി എത്തിയത്. 'നിങ്ങളുടെ മക്കളും കുടുംബവും നിങ്ങളെ ഓർത്ത് അഭിമാനിക്കും, നിങ്ങളാണ് യഥാർത്ഥ നായകൻ' എന്ന് ഒരാൾ കുറിച്ചു. ആ ഓട്ടോയിൽ യാത്ര ചെയ്ത ഒരാളും തന്റെ അനുഭവം പങ്കുവെച്ചു, 'ജന്തർ മന്തറിലേക്കുള്ള എല്ലാ മെട്രോ സ്റ്റേഷനുകളും അടച്ചിട്ടതിനാൽ ഞങ്ങൾക്ക് 5-6 കിലോമീറ്റർ നടക്കേണ്ടി വന്നു. ചൂടിൽ തളർന്ന് 1-2 കിലോമീറ്റർ നടന്നപ്പോഴാണ് അദ്ദേഹത്തെ കാണുന്നത്. വലിയ തുക ചോദിക്കുമെന്ന് കരുതിയെങ്കിലും, ഇന്ന് ചാർജ്ജ് ഇല്ല, എന്റെ വക ചെറിയൊരു സംഭാവന എന്നാണ് അദ്ദേഹം പറഞ്ഞത്. രാവിലെ മുതൽ 100-150 ഓളം പേരെ സഹായിച്ചതായി അദ്ദേഹം പറഞ്ഞു. ഗ്യാസ് അടിച്ചോളാൻ പറഞ്ഞ് ബലമായി 200 രൂപ നൽകാൻ ശ്രമിച്ചെങ്കിലും അദ്ദേഹം വാങ്ങിയില്ല. വലിയ കടപ്പാടുണ്ട്. താങ്ക് യു അങ്കിൾ ജീ, താങ്കളാണ് യഥാർത്ഥ ഹീറോ. ജയ് ഹിന്ദ്, ജയ് ഭാരത്'.