
സാമ്പത്തിക കാര്യങ്ങൾ കൃത്യമായി നോക്കിയില്ലെങ്കിൽ പലപ്പോഴും ജീവിതം താളം തെറ്റിപ്പോവും. എന്നാൽ, തങ്ങളുടെ ജീവിതത്തിൽ മുന്നോട്ട് പോകാൻ സഹായിക്കുന്ന അഞ്ച് സാമ്പത്തിക കാര്യങ്ങൾ പങ്കുവയ്ക്കുകയാണ് ഈ ദമ്പതികൾ. ഇരുവർക്കും ഫുൾ ടൈം ജോലിയുണ്ട്, ഒരു കുഞ്ഞിൻറെ മാതാപിതാക്കളാണ്, ഒരു പട്ടിയും വീട്ടിലുണ്ട്. ലളിതവും പ്ലാനിംഗോട് കൂടിയുള്ളതുമാണ് ഇവരുടെ ജീവിതം. മേഘ, ശുഭം എന്നിവരാണ് തങ്ങളുടെ സാമ്പത്തിക കാര്യങ്ങൾ ഇൻസ്റ്റഗ്രാമിൽ വിശദീകരിച്ചിരിക്കുന്നത്.
ഇതാണ് ആ അഞ്ച് മണി റൂൾസ്
ആഡംബരം വേണ്ട: മറ്റുള്ളവരെ കാണിക്കാനായി പണം ചെലവഴിക്കാറില്ല. എന്നാൽ, തങ്ങൾക്ക് യഥാർത്ഥ സന്തോഷം നൽകുന്ന കാര്യങ്ങൾക്ക് പണം ചെലവഴിക്കാൻ മടിക്കാറില്ല. വിലകൂടിയ കാറുകളോ ബ്രാൻഡഡ് വസ്ത്രങ്ങളോ ലോക്കറുകളിൽ സൂക്ഷിക്കാനായി ആഭരണങ്ങളോ വാങ്ങാറില്ല. എന്നാൽ, തങ്ങളും മകളും കൂടുതൽ സമയവും ചെലവഴിക്കുന്ന വീടും ചുറ്റുപാടുകളും മികച്ചതാക്കുന്ന കാര്യത്തിൽ വിട്ടുവീഴ്ച ചെയ്യാറില്ല.
സാധനങ്ങളല്ല പ്രധാനം ഓർമ്മകൾ: വസ്തുവകകൾ വാങ്ങിക്കൂട്ടുന്നതിനേക്കാൾ ഓർമ്മകൾ സൃഷ്ടിക്കുന്നതിനാണ് എപ്പോഴും മുൻഗണന. ഓരോ വേനൽക്കാലത്തും ഇന്റർനാഷണൽ ട്രിപ്പുകൾ നടത്താറുണ്ട്. വർഷത്തിൽ സ്റ്റേക്കേഷനുകൾ പ്ലാൻ ചെയ്യും, ആഘോഷവേളകളിൽ മാതാപിതാക്കളെ സന്ദർശിക്കാറുണ്ട്.
ആരോഗ്യവും ഫിറ്റ്‌നസും പ്രധാനം: ഫിറ്റ്‌നസിന്റെ കാര്യത്തിൽ വിട്ടുവീഴ്ചയില്ല. ഇപ്പോൾ ആരോഗ്യം ശ്രദ്ധിച്ചാൽ ഭാവിയിൽ വലിയ തുക ആശുപത്രി ബില്ലുകൾക്കായി ചെലവഴിക്കുന്നത് ഒഴിവാക്കാം. വൃത്തിയുള്ള ഭക്ഷണം, മികച്ച ഉൽപ്പന്നങ്ങൾ, ജിം മെമ്പർഷിപ്പ് എന്നിവ ഉറപ്പാക്കാൻ മറക്കില്ല.
വർഷം തോറും നിക്ഷേപം വർദ്ധിപ്പിക്കുക: മുൻ വർഷത്തേക്കാൾ കൂടുതൽ തുക ഓരോ വർഷവും നിക്ഷേപിക്കുക എന്നതാണ് നാലാമത്തെ നിയമം. വീടിന് മുന്നിൽ കിടക്കുന്ന കാറിന്റെ വിലയേക്കാൾ തങ്ങൾക്ക് പ്രധാനം നിക്ഷേപ പോർട്ട്‌ഫോളിയോയിലെ അക്കങ്ങളാണ്.
ചെലവുകൾ വിഭജിക്കുക: വാടക, യൂട്ടിലിറ്റി ബില്ലുകൾ, വീട്ടിൽ ജോലിക്ക് വരുന്നവരുടെ ശമ്പളം തുടങ്ങിയ ചെലവുകൾ മേഘയാണ് കൈകാര്യം ചെയ്യുന്നത്. ഗ്രോസറി, ക്രെഡിറ്റ് കാർഡ് ബില്ലുകൾ, യാത്രാച്ചെലവുകൾ തുടങ്ങിയ മറ്റ് കാര്യങ്ങൾ ശുഭം നോക്കിനടത്തുന്നു.
ഇവ പൂർണ്ണമായ നിയമങ്ങളല്ലെങ്കിലും തങ്ങളുടെ കുടുംബത്തിന് ഏറ്റവും അനുയോജ്യമായത് ഇതാണെന്ന് ദമ്പതികൾ വീഡിയോയിൽ പറയുന്നു. 'ബെംഗളൂരുവിലെ ഒരു മില്ലേനിയൽ കുടുംബമെന്ന നിലയിൽ ഞങ്ങളെ മുന്നോട്ട് നയിക്കുന്ന 5 മണി റൂൾസ്' എന്ന കുറിപ്പോടെയാണ് ഇവർ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. മികച്ച റൂൾസാണ് ഇവയെന്നും അച്ചടക്കത്തോടെ സാമ്പത്തിക കാര്യങ്ങൾ നോക്കുമ്പോഴുള്ള മെച്ചത്തെ കുറിച്ചും പലരും പോസ്റ്റിന് കമന്റുകൾ നൽകി.