
കഠിനാധ്വാനം അതിന്റെ ഫലവും കൊണ്ടുത്തരും എന്ന് തെളിയിക്കുകയാണ് ഹസ്രത്ത് അലി എന്ന ദില്ലിയിൽ നിന്നുള്ള ടാക്സി ഡ്രൈവർ. കഴിഞ്ഞ എട്ടു വർഷമായി ഊബർ ഓടിക്കുന്ന അദ്ദേഹം, തന്റെ അനുഭവങ്ങളാണ് പങ്കുവയ്ക്കുന്നത്. ഒരു സാധാരണ തുന്നൽ തൊഴിലാളിയിൽ നിന്നും മാസം പതിനായിരങ്ങള്‍ സമ്പാദിക്കുന്ന ടാക്സി ഡ്രൈവറിലേക്കുള്ള അദ്ദേഹത്തിന്റെ വളർച്ച ആരെയും അദ്ഭുതപ്പെടുത്തുന്നതാണെന്ന് പറയാതെ വയ്യ.
ഉത്തർപ്രദേശിലാണ് അലി ജനിച്ചുവളർന്നത്. ആദ്യകാലങ്ങളിൽ ഗ്രാമത്തിൽ ബൈക്ക് പാർട്സുകൾ നന്നാക്കുന്ന ജോലിയാണ് ചെയ്തിരുന്നത്. പിന്നീട് ദില്ലിയിലേക്ക് താമസം മാറിയ അദ്ദേഹം അവിടെ തുന്നൽ ജോലി ചെയ്തു. 2014 -ൽ തന്റെ ആദ്യത്തെ ഓട്ടോറിക്ഷ വാങ്ങിയതോടെയാണ് അലിയുടെ ജീവിതത്തിൽ മാറ്റങ്ങൾ തുടങ്ങിയത്. കാലക്രമേണ മൂന്ന് ഓട്ടോറിക്ഷകളുടെ ഉടമയായി അദ്ദേഹം. എന്നാൽ, കൊവിഡ് മഹാമാരി അദ്ദേഹത്തിന്റെ ബിസിനസിനെ ബാധിച്ചു. രണ്ട് ഓട്ടോകൾ വിൽക്കേണ്ടി വന്നുവെങ്കിലും പതറാതെ അവശേഷിച്ച ഓട്ടോയുമായി അലി ഊബറിൽ തുടർന്നു. 2024 -ൽ ഓട്ടോ വിറ്റ് സ്വന്തമായി ഒരു കാർ വാങ്ങിയ അദ്ദേഹം ഇപ്പോൾ ഊബർ ടാക്സി ഡ്രൈവറായി ജോലി ചെയ്യുകയാണ്.
ഊബർ ഇന്ത്യയുടെ ഇൻസ്റ്റഗ്രാം പേജിൽ പങ്കുവെച്ച വീഡിയോയിൽ അലി തന്റെ വരുമാനത്തെക്കുറിച്ച് വെളിപ്പെടുത്തിയിട്ടുണ്ട്. ഒരു മാസത്തിൽ തനിക്ക് ലഭിച്ച ഏറ്റവും ഉയർന്ന വരുമാനം 1.2 ലക്ഷം രൂപയാണ്. എങ്കിലും എല്ലാ മാസവും വരുമാനം ഒരേപോലെ ആയിരിക്കില്ലെന്നും അദ്ദേഹം പറയുന്നു.
രാവിലെ 7 മണിക്ക് തുടങ്ങുന്ന ജോലി രാത്രി 9 അല്ലെങ്കിൽ 10 മണി വരെ നീളും. ഒരു ദിവസം ശരാശരി 20 മുതൽ 30 വരെ ട്രിപ്പുകൾ അദ്ദേഹം പൂർത്തിയാക്കുന്നുണ്ട്. പ്രധാനമായും ഗുഡ്ഗാവ് മേഖലയിലാണ് അദ്ദേഹം സർവീസ് നടത്തുന്നത്. തന്റെ മൂന്ന് മക്കളെയും മികച്ച സ്വകാര്യ സ്കൂളുകളിൽ പഠിപ്പിക്കാൻ ഈ വരുമാനം സഹായിക്കുന്നുണ്ടെന്ന് അദ്ദേഹം അഭിമാനത്തോടെ പറയുന്നു.