
ഇന്ത്യയിലെ ജോലി സ്ഥലങ്ങളിലെ നീണ്ടുപോകുന്ന ഷിഫ്റ്റുകളും, ലീവുകൾ ഇല്ലായ്മയും പലപ്പോഴും സോഷ്യൽ മീഡിയയിൽ അടക്കം ചർച്ചയായി മാറാറുണ്ട്. എന്നാൽ, അതേസമയം തന്നെ യൂറോപ്പിലെ വ്യത്യസ്തമായ തൊഴിൽ സാഹചര്യങ്ങൾ പരിചയപ്പെടുത്തുകയാണ് സ്വീഡനിൽ ജോലി ചെയ്യുന്ന സ്വാതി എന്ന യുവതി. വൈകുന്നേരം 4.30 ആയപ്പോഴേക്കും ആരുമില്ലാതെ ഒഴിഞ്ഞുകിടക്കുന്ന തന്റെ ഓഫീസിന്റെ ദൃശ്യങ്ങളാണ് സ്വാതി സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്തത്.
ഓഫീസിലെ ഓരോ ക്യാബിനിലൂടെയും സ്വാതി നടക്കുന്നത് കാണാം. അവിടെ ഒരാൾ പോലും ഇല്ലാത്തതും വീഡിയോയിൽ കാണിക്കുന്നുണ്ട്. 'ഇപ്പോൾ സമയം 4.30 ആയതേയുള്ളൂ, നോക്കൂ എന്റെ ഓഫീസ് പൂർണ്ണമായും ഒഴിഞ്ഞുകിടക്കുകയാണ്. യൂറോപ്പിൽ വർക്ക്-ലൈഫ് ബാലൻസിനാണ് പ്രാധാന്യം' എന്നാണ് സ്വാതി വീഡിയോയിൽ പറയുന്നത്.
എത്ര സമയം ഓഫീസിൽ ഇരിക്കുന്നു എന്നതിലല്ല, മറിച്ച് ചെയ്യുന്ന ജോലി എങ്ങനെയാണ് എന്നതാണ് ഇവിടുത്തെ സ്ഥാപനങ്ങൾ ശ്രദ്ധിക്കുന്നത്. അതുപോലെ ഇവിടെ ഓവർടൈമും ഇല്ല. വൈകുന്നേരം അഞ്ചു മണിക്ക് ശേഷം ഓഫീസിൽ ഇരിക്കേണ്ടി വരാറില്ല. വാരാന്ത്യങ്ങളിൽ ജോലി ചെയ്യേണ്ട സാഹചര്യവുമില്ല. ജോലി കഴിഞ്ഞ് കൃത്യസമയത്ത് മടങ്ങാം. അങ്ങനെ കുടുംബാംഗങ്ങൾക്കും സുഹൃത്തുക്കൾക്കും ഒപ്പം സമയം ചെലവഴിക്കാനും നമുക്ക് ഇഷ്ടപ്പെട്ട കാര്യങ്ങൾ ചെയ്യാനും സാധിക്കുന്നു എന്നും സ്വാതിയുടെ വീഡിയോയിൽ കാണാം.
സ്വാതിയുടെ വീഡിയോ ശ്രദ്ധിക്കപ്പെട്ടതോടെ നിരവധിപ്പേരാണ് വീഡിയോയ്ക്ക് കമന്റുകളുമായി എത്തിയത്. 'ഇന്ത്യയിൽ ഇതിന് നേർവിപരീതമാണ് സംഭവിക്കുന്നത്' എന്നായിരുന്നു ഒരാൾ കുറിച്ചത്. 'ഇതുപോലെയുള്ള സാഹചര്യം എല്ലായിടത്തും ഉണ്ടായിരുന്നെങ്കിൽ' എന്നായിരുന്നു മറ്റ് ചിലർ കമന്റ് നൽകിയത്. സ്വീഡനിലെ 'ഫ്ലെക്സിബിൾ വർക്കിംഗ് അവേഴ്സ്' ജീവനക്കാരുടെ മാനസികാരോഗ്യത്തിന് ഏറെ ഗുണകരമാണെന്നും പലരും അഭിപ്രായപ്പെട്ടു .