
യാത്രകൾക്കിടെയിൽ ചില നഗരങ്ങളിൽ അത്തരം ആളുകളെ കണാൻ കഴിയും. ഒറ്റയ്ക്ക് നടത്തുന്ന ഒരു കുഞ്ഞ് കടയായിരിക്കും. പക്ഷേ, എപ്പോഴും സജീവമായിരിക്കും ആ കട. എത് കാലത്ത് പോയാലും ഒരു മാറ്റവുമില്ലാതെ ഇരുന്ന അതേപടി തുടരുന്ന ചില സ്ഥാപനങ്ങൾ, അത്തരമൊരു കട നടത്തുകയാണ് ഗുജറാത്തിലെ വഡോദരയിൽ നിന്നുള്ള 103 വയസുകാരി കാശിബ. മുത്തശ്ശിയുടെ ഇഞ്ചി ചായ ആ റോഡിൽ എപ്പോഴും ഒരു പ്രത്യേക സുഗന്ധം നിലനിർത്തുന്നു. അതുകൊണ്ട് തന്നെ അതുവഴി പോകുന്നവരെല്ലാം ആ കടയിലെ സ്ഥിരം പറ്റുകാരുമാണ്.
പ്രായമാകുന്നതോടെ ആളുകൾ എവിടെയെങ്കിലും സ്വസ്ഥമായി ഇരിക്കാനാകും ആലോചിക്കുക. എന്നാൽ മറ്റുള്ളവരെ ആശ്രയിക്കാതെ സ്വന്തമായി അധ്വാനിച്ച് ജീവിച്ചവർക്ക് അത്തരം ഇരിപ്പുകൾ ആലോചിക്കാനെ പറ്റില്ല. അവർക്ക് സ്വന്തം കൈയാൽ ഉണ്ടാക്കിയ ഭക്ഷണം തന്നെ കഴിക്കണം. ഇത്തരമൊരു മുത്തശ്ശിയാണ് വഡോദരക്കാരുടെ കാശിബ. തന്‍റെ 103 -ാം വയസിലും മഹാരാജ സയാജിറാവു സർവകലാശാലയ്ക്ക് സമീപം തലമുറകളുടെ ചായ രുചിയെ സ്വാധീനിച്ച ഇന്നും ആ സ്വാധീനം തുടരുന്ന കാശിബ, ഇന്ന് സമൂഹ മാധ്യമങ്ങളിലെ താരമാണ്. തന്‍റെ ദൃഢനിശ്ചയം കൊണ്ട് ഇന്നും സ്വന്തമായി അധ്വാനിച്ച് ജീവിക്കുന്ന കാശിബയെ പോലുള്ളവരാണ് സമൂഹ മാധ്യമങ്ങളിലെ മാത്രമല്ല, ജീവിതത്തിന്‍റെ സമൂഹത്തിന്‍റെ യഥാർത്ഥ ഇൻഫ്ലുവൻസറെന്ന് സമൂഹ മാധ്യമ ഉപയോക്താക്കളും പറയുന്നു.
തന്‍റെ ദുർബലമായ കൈകളോ ചുളിവ് വീണ മുഖമോ പ്രായാധിക്യമോ ഒന്നും അവരെ ഒരുതരത്തിലും അസ്വസ്ഥമാക്കുന്നില്ല. ഇന്നും യുവത്വത്തിന്‍റെ ചുറുചുറുപ്പിൽ അവർ കാര്യങ്ങൾ നടത്തുന്നു. സാക്ഷി സിംഗ് പങ്കുവച്ച വീഡിയോയിൽ ഇഞ്ചി അരച്ച് ചേർത്ത് ഇഞ്ചി ചായ ഉണ്ടാക്കുന്ന കാശിബയെ കാണാം. ഇന്ന് സമൂഹത്തിന്‍റെ പല തട്ടിലുള്ളവർ ഈ ചായക്കടയിലെത്തും. തങ്ങളുടെ പഴയ സർവകലാശാല കാലം ഓർത്തെടുത്ത് അവർ കാശിബായോട് കുശലാന്വേഷണം നടത്തി ഒരു അദ്രിക് (ഇഞ്ചി) ചായയും കുടിച്ച് പിരിയും. മറ്റൊരു അവധിക്ക് വീണ്ടും തിരിച്ചെത്തുമ്പോൾ അവരെ കാത്ത് കാശിബയുടെ ഇഞ്ചിച്ചായയുണ്ടായിരിക്കും.