
വിവാഹമാണ് എല്ലാവരും മെഹന്തിയൊക്കെ ഇട്ട് ആഘോഷിക്കാറ്. എന്നാൽ, വിവാഹമോചനം ആരെങ്കിലും അങ്ങനെ ആഘോഷിക്കാറുണ്ടോ? വേദനയും ദുരിതവും മാത്രം ഉണ്ടായിരുന്ന വിവാഹജീവിതത്തിൽ നിന്നും പുറത്ത് പോയവർ അതിൽ ആശ്വസിക്കാറുണ്ട്. അതുപോലെ വിവാഹമോചനത്തിന് ശേഷവും മെഹന്തിയിടാം. ഇപ്പോൾ അങ്ങനെ ചെയ്യുന്നവരുണ്ട്. അതുപോലെ ഒരു വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരുന്നു.
വിവാഹമോചനത്തിന് ശേഷമിടുന്ന ഈ മെഹന്തിയിൽ ആ ജീവിതത്തിൽ അനുഭവിച്ച അഗാധമായ വേദനയും ബുദ്ധിമുട്ടുകളും പ്രയാസങ്ങളുമാണ് എഴുതിയും വരച്ചും ചേർക്കുന്നത്. ഈ വീഡിയോയിൽ, ഒടുവിൽ വിവാഹമോചിതയായി എന്നാണ് എഴുതി ചേർത്തിരിക്കുന്നത്. അതിൽ വിവാഹവുമായി ബന്ധപ്പെട്ട മനോഹരമായ ചിത്രങ്ങൾക്ക് പകരം യുവതി അനുഭവിച്ച ദുരിതങ്ങളാണ് വരച്ച് ചേർത്തിരിക്കുന്നത്.
ഭർത്താവിന്റെ വീട്ടിൽ യുവതി ഒരു വേലക്കാരിയെ പോലെയായിരുന്നു. ഭർത്താവും ഒരിക്കലും അവളെ പിന്തുണച്ചിരുന്നില്ല. ഒരിക്കലും അവളെ ഭർത്താവടക്കം ആരും മനസിലാക്കിയിരുന്നില്ല. വഴക്കുകൾ പതിവായിരുന്നു എന്നതെല്ലാം മെഹന്തിയിൽ വ്യക്തമാക്കിയിട്ടുണ്ട്. ഒടുവിൽ ഇത് എത്തിച്ചേർന്നത് വിവാഹമോചനത്തിലാണ്.
സ്വന്തം വീട് പോലെ കരുതിയിരുന്ന വീട്ടിൽ താൻ എത്രമാത്രം ഒറ്റക്കായിരുന്നു എന്ന് യുവതിയുടെ മെഹന്തിയിൽ വ്യക്തമാക്കുന്നു. ഭർത്താവിൽ നിന്നും പ്രതീക്ഷിച്ചിരുന്ന പിന്തുണ ഒരിക്കലും അവൾക്ക് കിട്ടിയിരുന്നില്ല എന്നും അവളുടെ മെഹന്തിയിൽ നിന്നും മനസിലാകും. വൈകാരികമായി യുവതി എത്രമാത്രം തകർന്നിരിക്കുകയായിരുന്നു എന്നും മെഹന്തിയിൽ നിന്നും മനസിലാക്കാം.
വിവാഹമോചനത്തിന് മെഹന്തിയിടുന്നത് ഇന്ന് സാധാരണമായി മാറുന്നു എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. എന്നാൽ, മനോഹരമായ ഒരു ജീവിതത്തിന്റെ തുടക്കത്തിന് പകരം ദുരന്തമായിത്തീരുന്ന ഒരു ജീവിതത്തിന്റെ അവസാനവും അതിൽ നിന്ന് പുറത്ത് കടക്കുന്നതിന്റെ ആശ്വാസവും ആണ് ആ മെഹന്തികളിൽ കാണാനാവുക.
ഭർത്താവിന് തന്നേക്കാൾ പ്രധാനം പൂച്ച, പരാതിയുമായി യുവതി, കേസ് കോടതിയിൽ