മുംബൈ ലോക്കൽ ട്രെയിനിലെ തിരക്കിൽ സീറ്റ് കിട്ടാതെ വന്നപ്പോൾ ഒരു യുവതി സ്വന്തമായി ഒരു വഴി കണ്ടെത്തിയതാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുന്നത്. ഇത് കൊള്ളാമെന്നാണ് നെറ്റിസണ്‍സിന്‍റെ അഭിപ്രായം. 

മുംബൈ ലോക്കൽ ട്രെയിനുകളിലെ തിരക്കിൽ സീറ്റ് ലഭിക്കുക എന്നത് ഏതൊരു യാത്രക്കാരനും വലിയ വെല്ലുവിളിയാണ്. മാത്രമല്ല, ഈ തിരക്കുകളെ കുറിച്ച് നിരന്തരം പരാതി ഉയരുകയും ട്രെയിനിൽ നിന്നും അതുമായി ബന്ധപ്പെട്ട് പകർത്തിയ അനേകം ദൃശ്യങ്ങൾ വൈറലാവുകയും ചെയ്യാറുണ്ട്. എന്നാൽ, ഈ നിത്യപ്രശ്നത്തിന് തികച്ചും വ്യത്യസ്തവും കൗതുകകരവുമായ ഒരു പരിഹാരം കണ്ടെത്തിയിരിക്കുകയാണ് ഒരു യുവതി. വിരാറിലേക്കുള്ള ലോക്കൽ ട്രെയിനിൽ യുവതി പയറ്റിയ തന്ത്രം ഇപ്പോൾ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായിരിക്കുകയാണ്.

മുംബൈ ലോക്കലിൽ യാത്ര ചെയ്യുകയായിരുന്ന യുവതി, ട്രെയിനിലെ തിരക്കിനിടയിലും അവർ തനിക്ക് ഇരിക്കാൻ ഒരു ഇടം കണ്ടെത്തി. എങ്ങനെ എന്നല്ലേ? തന്റെ ബാഗിൽ നിന്ന് മടക്കാവുന്ന ഒരു ചെറിയ സ്റ്റൂൾ പുറത്തെടുത്ത്, അത് ട്രെയിനിലെ ഒഴിഞ്ഞ സ്ഥലത്ത് വെച്ച് അവൾ വളരെ ശാന്തമായി അതിൽ ഇരുന്നു. തന്റെ ഈ നീക്കത്തെക്കുറിച്ച് ചിരിച്ചുകൊണ്ട് യുവതി വിഡിയോയിൽ പറയുന്നത് ഇങ്ങനെയാണ്: 'വിരാർ ലോക്കലിൽ ഇരിക്കാൻ ഐഡിയ വേണം. സീറ്റിന് ഇവിടെ പഞ്ഞമില്ല... എന്തു പറയുന്നു എല്ലാവരും?'.

View post on Instagram

യുവതിയുടെ ഈ വ്യത്യസ്തമായ വഴി കണ്ട് സഹയാത്രികർ അത്ഭുതപ്പെട്ടെങ്കിലും, സോഷ്യൽ മീഡിയ ഈ തന്ത്രത്തെ ഇരുകൈയും നീട്ടി സ്വീകരിച്ചു. മുംബൈ ലോക്കലിലെ തിരക്കിൽ ഇതൊക്കെ തന്നെയേ വഴിയുള്ളൂ എന്നാണ് പലരുടേയും അഭിപ്രായം. 'മനുഷ്യനിങ്ങനെയാണ് തന്റെ തലച്ചോർ ഏറ്റവും മികച്ച രീതിയിൽ ഉപയോ​ഗിക്കുന്നത്' എന്ന് ഒരാൾ കുറിച്ചപ്പോൾ 'സ്വന്തം സീറ്റ് സ്വന്തം കൈയിൽ കരുതുന്നതാണ് ഏറ്റവും ഉചിതം' എന്ന് മറ്റൊരാൾ അഭിപ്രായപ്പെട്ടു. നിരവധി കമന്റുകളാണ് വിഡിയോയ്ക്ക് ലഭിക്കുന്നത്. സീറ്റുകൾക്കായി ദിവസവും കഷ്ടപ്പെടുന്നവർക്ക്, ഇത്തരം തന്ത്രങ്ങൾ മുംബൈയിലെ തിരക്കേറിയ ജീവിതത്തിന്റെ നേർക്കാഴ്ചയായാണ് മാറുന്നത്.