'ആ ഫോൺ ഇങ്ങു തരൂ, ഞാനെടുത്തു തരാമല്ലോ നല്ല ഫോട്ടോ'; അപരിചിതന്‍റെ ആദ്യവിമാനയാത്ര മനോഹരമാക്കി യുവാവ്

Published : Jul 19, 2026, 11:34 AM IST
viral video

Synopsis

ഫ്ലൈറ്റിൽ കയറുന്നതിന് തൊട്ടുമുമ്പ് മൊബൈൽ ഫോണിൽ സ്വന്തമായി ഒരു ചിത്രമെടുക്കാൻ ഒരാൾ ശ്രമിക്കുന്നത് വീഡിയോയിൽ കാണാം. എന്നാൽ, കൃത്യമായി ഫോട്ടോയെടുക്കാൻ അദ്ദേഹം ബുദ്ധിമുട്ടുകയായിരുന്നു.

ആദ്യത്തെ വിമാനയാത്ര ഓരോ മനുഷ്യർക്കും വളരെ സ്പെഷ്യൽ ആയിരിക്കും. നമ്മുടെ ഏറെനാളത്തെ ആ​ഗ്രഹമായിരിക്കാം, ആവേശത്തോടെ ആ നിമിഷത്തിനായി കാത്തിരുന്നിട്ടുണ്ടാകാം. എന്നാൽ, എല്ലാവർക്കും ആ നിമിഷം ക്യാമറയിൽ പകർത്താൻ സാധിച്ചെന്ന് വരില്ല. അതുപോലെ, ജീവിതത്തിലെ ആദ്യത്തെ വിമാനയാത്രയ്ക്ക് തൊട്ടുമുമ്പ് എയർപോർട്ടിൽ വെച്ച് ഫോട്ടോയെടുക്കാൻ ശ്രമിച്ച ഒരാളോട് അപരിചിതനായ ഒരു സഹയാത്രികൻ കാണിച്ച കരുതലാണ് ഇപ്പോൾ സോഷ്യൽ മീഡിയയുടെ പ്രശംസയേറ്റു വാങ്ങുന്നത്.

റയാസ് എന്ന ഇൻസ്റ്റാഗ്രാം യൂസറാണ് ഈ വീഡിയോ പങ്കുവച്ചിരിക്കുന്നത്. 'ഡെൽഹി ഡയറീസ്. കാരുണ്യത്തിന് വിലയൊന്നും നൽകേണ്ടതില്ല, എന്നാൽ അതിന് വലിയ അർത്ഥങ്ങളുണ്ട്' എന്ന ക്യാപ്ഷനോടെയാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. ഫ്ലൈറ്റിൽ കയറുന്നതിന് തൊട്ടുമുമ്പ് മൊബൈൽ ഫോണിൽ സ്വന്തമായി ഒരു ചിത്രമെടുക്കാൻ ഒരാൾ ശ്രമിക്കുന്നത് വീഡിയോയിൽ കാണാം. എന്നാൽ, കൃത്യമായി ഫോട്ടോയെടുക്കാൻ അദ്ദേഹം ബുദ്ധിമുട്ടുകയായിരുന്നു. ഇത് ശ്രദ്ധയിൽപ്പെട്ട സഹയാത്രികൻ ഉടൻ തന്നെ അദ്ദേഹത്തിന്റെ അരികിലേക്ക് ചെന്നു. 'അങ്കിൾ, ഫോൺ ഇങ്ങു തരൂ, ഞാൻ നല്ലൊരു ഫോട്ടോ എടുത്തു തരാം' എന്നും പറഞ്ഞു.

'ഒരു ചെറിയ കാരുണ്യപ്രവർത്തിക്ക് ഏത് പ്രായത്തിലുള്ളവരെയും സന്തോഷിപ്പിക്കാൻ കഴിയും. മറ്റൊരാളുടെ പുഞ്ചിരിക്ക് പിന്നിലെ കാരണമാകാൻ നമുക്ക് സാധിക്കണം.'

എന്നും വീഡിയോയിൽ കുറിച്ചിട്ടുണ്ട്. സന്തോഷത്തോടെ അദ്ദേഹം ഫോൺ യുവാവിന് കൈമാറി. അദ്ദേഹത്തോട്, വിമാനം വ്യക്തമായി കാണുന്ന മറ്റൊരു നല്ല സ്ഥലത്തേക്ക് മാറി നിൽക്കാൻ യുവാവ് ആവശ്യപ്പെട്ടു. അവിടെവെച്ച് മനോഹരമായ ചിത്രങ്ങൾ പകർത്തി ഫോൺ തിരികെ നൽകിയപ്പോൾ, ആ ചിത്രങ്ങൾ കണ്ട് ആ മനുഷ്യന്‍റെ മുഖത്തുണ്ടായ പുഞ്ചിരിയും സന്തോഷവും ആരുടേയും മനസ്സ് നിറയ്ക്കുന്നതാണ്.

 

 

നിരവധിപ്പേരാണ് ഈ മനോഹരമായ വീഡിയോയ്ക്ക് കമന്റുകളുമായി എത്തിയത്. മറ്റുള്ളവരുടെ സന്തോഷത്തിന് ചെറിയ ഒരു കരുതൽ കൊണ്ട് കാരണമാകുന്നത് എന്ത് നല്ല കാര്യമാണല്ലേ?

PREV
Read more Articles on
click me!

Recommended Stories

നിരന്തരം പീഡിപ്പിച്ച 67 -കാരനായ ഭർതൃപിതാവിന്‍റെ ജനനേന്ദ്രിയം മുറിച്ച് മാറ്റി യുവതി; വീഡിയോ
'മൗ'വിനെ കാണാനില്ല, കണ്ടെത്തിത്തരുന്നവർക്ക് അരലക്ഷം സമ്മാനം; ബിൽ ബോർഡ് വൈറൽ