
ഏഷ്യയിലെ തന്നെ ഏറ്റവും വൃത്തിയുള്ള സ്ഥലമായി അറിയപ്പെടുന്ന പ്രദേശമാണ് മേഘാലയയിലെ മനോഹര ഗ്രാമമായ മാവ്‌ലിനോങ്ങ്. ഇവിടെ മാലിന്യം തള്ളിയ ഒരു വിനോദസഞ്ചാരിയെ വിദേശത്ത് നിന്നുള്ള ഒരു വിനോദസഞ്ചാരി ചോദ്യം ചെയ്യുന്ന വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധിക്കപ്പെടുന്നത്. 'ഈ മാന്യൻ ഇവിടെ പ്ലാസ്റ്റിക് വലിച്ചെറിയുകയാണ്. ഇവിടെ രജിസ്റ്റർ ചെയ്ത കാറിന്റെ നമ്പറും ഞങ്ങളുടെ കൈവശമുണ്ട്' എന്നാണ് വിദേശിയായ യുവാവ് വീഡിയോയിൽ പറയുന്നത്. 'അയാൾ ചെയ്ത പ്രവൃത്തി ശരിയല്ല എന്നാണ് താൻ കരുതുന്നത്' എന്നും യുവാവ് പറയുന്നു.
മാലിന്യം വലിച്ചെറിയുന്നയാൾ തന്നെ വീഡിയോയിൽ പകർത്തും മുമ്പ് തന്റെ അനുവാദം വാങ്ങേണ്ടതുണ്ട് എന്ന് പറയുന്നത് കേൾക്കാം. എന്നാൽ, അവിടെ മാലിന്യം വലിച്ചെറിയുന്നതിനെ യുവാവ് ചോദ്യം ചെയ്യുന്നത് തുടരുകയാണ്. താൻ മേഘാലയയിൽ താമസിക്കുന്നയാളാണ് എന്നും സ്ഥലത്തിന്റെ മനോഹരമായ പ്രകൃതിഭംഗി കാത്തുസൂക്ഷിക്കേണ്ടതുണ്ട് എന്നുമാണ് യുവാവ് പറയുന്നത്. ഇരുവരും തമ്മിലുള്ള സംഭാഷണം തുടരവെ ആ പ്രദേശത്ത് തന്നെയുള്ളത് എന്ന് കരുതുന്ന മറ്റൊരു മനുഷ്യൻ കൂടി അങ്ങോട്ട് വരുന്നത് കാണാം. അയാൾ പ്ലാസ്റ്റിക് കുപ്പികൾ വലിച്ചെറിഞ്ഞയാളോട് അത് എടുക്കാനും ഉത്തരവാദിത്തത്തോടെ എവിടെയെങ്കിലും നിക്ഷേപിക്കാനും പറയുകയാണ് ചെയ്യുന്നത്.
'കാറിലുള്ളയാളോട് അവരിട്ട മാലിന്യം എടുത്തുകളയാൻ പറഞ്ഞ ആ അവസാനം വന്ന മാന്യന് നന്ദി. മൗലിനോങ് ഏഷ്യയിലെ ഏറ്റവും വൃത്തിയുള്ള ഗ്രാമമാണ്, നമുക്ക് അത് അങ്ങനെ തന്നെ നിലനിർത്താം' എന്നും യുവാവ് പറയുന്നത് കേൾക്കാം. വളരെ പെട്ടെന്നാണ് വീഡിയോ സോഷ്യൽ മീഡിയയിൽ ശ്രദ്ധയാകർഷിച്ചത്. നിരവധിപ്പേരാണ് വീഡിയോയ്ക്ക് കമന്റുകൾ നൽകിയത്. 'ആ നാട്ടുകാരേക്കാൾ നാട്ടുകാരനായി മാറിയിരിക്കയാണ് ഇപ്പോൾ ഈ വിദേശി യുവാവ്' എന്നാണ് പലരും വീഡിയോയ്ക്ക് കമന്റു നൽകിയത്. ഒപ്പം പൊതുസ്ഥലങ്ങളിൽ മാലിന്യം വലിച്ചെറിയുന്ന സംസ്കാരത്തെ പലരും നിശിതമായി വിമർശിച്ചു.