
മാതാപിതാക്കളുടെ കുഞ്ഞുകുഞ്ഞ് ആഗ്രഹങ്ങൾ പോലും നിറവേറ്റണം എന്ന് ആഗ്രഹിക്കുന്ന ഒരുപാട് മക്കളുണ്ടാവും. അതുപോലെ, അവർ മനസിലൊളിപ്പിച്ചിരിക്കുന്ന വലിയ വലിയ ആഗ്രഹങ്ങളും കണ്ടറിഞ്ഞ് നിറവേറ്റിക്കൊടുക്കുന്ന മക്കളുണ്ട്. അങ്ങനെ ഒരു മകന്റെ അനുഭവമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഹൃയം കവരുന്നത്. വിഷ്ണു എന്ന യുവാവാണ് വീഡിയോ സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്തിരിക്കുന്നത്. ഒരു മിഡിൽ ക്ലാസ് കുടുംബത്തിന്റെ നേട്ടവും സന്തോഷവും കാണിക്കുന്ന ഈ വീഡിയോ വലിയ തരത്തിലാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധിക്കപ്പെട്ടിരിക്കുന്നത്. അച്ഛനും അമ്മയുമായി ഇൻഡിഗോ വിമാനത്തിൽ യാത്ര ചെയ്യുന്നതിന്റെ വീഡിയോയാണ് യുവാവ് ഷെയർ ചെയ്തിരിക്കുന്നത്.
ഇൻഡിഗോ വിമാനത്തിന് മുന്നിൽ ഏറെ അഭിമാനത്തോടെ മാതാപിതാക്കൾക്കൊപ്പം നിൽക്കുന്ന വിഷ്ണുവിനെ വീഡിയോയിൽ കാണാം. തുടർന്ന് വിമാനത്താവളത്തിലൂടെ അവർ നടക്കുന്നതിന്റെ ദൃശ്യങ്ങളും കാണാം. വിഷ്ണുവിന്റെ മുഖത്തെ സംതൃപ്തിയും, മാതാപിതാക്കളുടെ മുഖത്തെ സന്തോഷവും ഓൺലൈനിൽ നിരവധിപ്പേരെയാണ് ഏറെ വൈകാരികമായി സ്പർശിച്ചിരിക്കുന്നത്. 'എല്ലാ ആൺകുട്ടികളുടെയും സ്വപ്നം, ഒടുവിൽ അത് സാക്ഷാത്കരിച്ചിരിക്കുന്നു' എന്ന് വീഡിയോയിൽ എഴുതിയിരിക്കുന്നത് കാണാം. അതേസമയം, 'ഒടുവിൽ ആ സ്വപ്നം യാഥാർത്ഥ്യമായി' എന്നാണ് വീഡിയോയുടെ ക്യാപ്ഷനിൽ നൽകിയിരിക്കുന്നത്.
രണ്ട് ലക്ഷത്തിലധികം പേരാണ് വീഡിയോ ഇൻസ്റ്റഗ്രാമിൽ കണ്ടിരിക്കുന്നത്. നിരവധിപ്പേർ വീഡിയോയ്ക്ക് കമന്റുകളും നൽകിയിട്ടുണ്ട്. ഏതൊരു മക്കളുടെയും സ്വപ്നമാണ് ഇത് എന്ന കാര്യത്തിൽ സംശയമില്ല. അത് സാക്ഷാത്കരിച്ചതിൽ അനേകം പേരാണ് വിഷ്ണുവിനോട് സ്നേഹം അറിയിച്ചിരിക്കുന്നത്. 'ഓരോ മിഡിൽ ക്ലാസുകാരന്റെയും സ്വപ്നമാണിത്' എന്നാണ് ഒരാൾ കമന്റ് നൽകിയിരിക്കുന്നത്. 'നിങ്ങളെ കുറിച്ചോർത്ത് അഭിമാനം തോന്നുന്നു' എന്നാണ് മറ്റൊരാൾ കുറിച്ചിരിക്കുന്നത്. 'എത്രമാത്രം അഭിമാനം നിറഞ്ഞ നിമിഷം' എന്നായിരുന്നു മറ്റൊരാളുടെ കമന്റ്.