
ഇന്ത്യയുടെ അഭിമാനമായ പല മാമ്പഴങ്ങളുമുണ്ട്. അൽഫോൻസോയും കേസറും ചൗൻസയും ഒക്കെ അതിൽ പെടുന്നു. എന്നാൽ, ഇനിയങ്ങോട്ട് അവ അമേരിക്കക്കാർക്കും പ്രിയങ്കരമാണ്. സാൻ ഫ്രാൻസിസ്കോയിൽ നടന്ന ഒരു ഇന്ത്യൻ മാമ്പഴ മേളയുടെ ദൃശ്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. നൂറുകണക്കിന് ആളുകളാണ് ഇന്ത്യയിലെ ഏറ്റവും മികച്ച മാമ്പഴങ്ങൾ ഫ്രീയായി രുചിച്ചുനോക്കാൻ ഈ പരിപാടിയിലെത്തിയത്.
ഇന്ത്യൻ വംശജനായ കമ്മ്യൂണിറ്റി ലീഡർ ദർശിൽ സംഘടിപ്പിച്ച ഈ 'മാംഗോ പാർട്ടി' ഇപ്പോൾ അതിന്റെ നാലാം വർഷത്തിലാണ്. മാമ്പഴത്തോടുള്ള ഇഷ്ടം പങ്കുവെക്കുന്നതിനൊപ്പം, അമേരിക്കക്കാർക്ക് യഥാർത്ഥ ഇന്ത്യൻ മാമ്പഴ ഇനങ്ങൾ പരിചയപ്പെടുത്തുക കൂടിയാണ് ഇതിന്റെ ലക്ഷ്യം. മാമ്പഴം തൊലി കളഞ്ഞ്, മുറിച്ച് സന്ദർശകർക്ക് നൽകാൻ നിരവധി സന്നദ്ധപ്രവർത്തകരും ഈ മാങ്കോ പാർട്ടിയിലുണ്ട്.
'ഞാൻ കഴിച്ചതിൽ വെച്ച് ഏറ്റവും മികച്ച മാമ്പഴം. അതിശയകരമായ അന്തരീക്ഷം' എന്നാണ് പരിപാടിയുടെ സംഘാടകരിൽ ഒരാളായ ജാരെഡ് സെയ്ഡൽ എക്സിൽ (ട്വിറ്റർ) കുറിച്ചത്.
Indian Mango party
Best mangos I’ve had. Incredible vibes. Got interviewed by the SF chronicle.
I was 1 of 4 white guys (200 people came) pic.twitter.com/KBX3tnooKH— Jared Seidel (@Jared_Seidel_) June 1, 2026
അതേസമയം, അമേരിക്കയിൽ ഇന്ത്യൻ മാമ്പഴങ്ങൾക്ക് വൻ ഡിമാൻഡാണ്. കുറച്ചേ എത്താറുള്ളൂ എന്നതിനാൽ ഇവ പെട്ടെന്ന് തന്നെ വിറ്റുതീരാറുണ്ട്. അതുകൊണ്ടുതന്നെ നിലവിൽ യു.എസിൽ ഇതൊരു ലക്ഷ്വറി ഫ്രൂട്ടായിട്ടാണ് കണക്കാക്കപ്പെടുന്നത്. മുംബൈയിലെ പ്രത്യേക ഫെസിലിറ്റിയിൽ വെച്ച് 'ഗാമ ഇറേഡിയേഷൻ' പ്രക്രിയയ്ക്ക് വിധേയമാക്കിയ ശേഷമാണ് ഈ മാമ്പഴങ്ങൾ അമേരിക്കയിൽ എത്തിക്കുന്നത്. ഇത് മാമ്പഴത്തിന്റെ ഗുണനിലവാരവും രുചിയും നഷ്ടപ്പെടാതെ ഷെൽഫ് ലൈഫ് വർദ്ധിപ്പിക്കാൻ സഹായിക്കും.
വാൾസ്ട്രീറ്റ് ജേണലിന്റെ റിപ്പോർട്ട് പ്രകാരം ലോകത്തെ മൊത്തം മാമ്പഴ ഉൽപാദനത്തിന്റെ പകുതിയോളം ഇന്ത്യയിലാണ്. പ്രതിവർഷം 20 മില്ല്യൺ മെട്രിക് ടണ്ണിലധികം മാമ്പഴം ഇന്ത്യ ഉത്പാദിപ്പിക്കുന്നുണ്ട്. എന്നാൽ, ഇതിന്റെ വെറും 1% മാത്രമാണ് രാജ്യം കയറ്റുമതി ചെയ്യുന്നത്.