ആൾക്കൂട്ടത്തിന്റെ ബഹളത്തിൽ പരിഭ്രാന്തനായ സോമണ്ണ കൂടുതൽ ആക്രമണകാരിയായി മാറുകയും അമ്പാരി താഴെയിടാൻ ശ്രമിക്കുകയും അതിന് കേടുപാടുകൾ വരികയും ചെയ്തു. തുടർന്ന് ആന ഒരു കാറിലിടിക്കുകയും മറ്റൊരു കാർ ഉയർത്താൻ ശ്രമിച്ചതായും ദൃക്സാക്ഷികൾ പറയുന്നു.
കർണാടകയിലെ ശിവമോഗയിൽ ദസറ ആഘോഷത്തിനിടയിൽ ആന ഇടഞ്ഞു. ഒരു മണിക്കൂറിലധികം പരിഭ്രാന്തി പരത്തിയ ആന നിരവധി വാഹനങ്ങൾ തകർത്തു. തുടർന്ന് വനംവകുപ്പ് അധികൃതർ മയക്കുവെടിവെച്ചാണ് സോമണ്ണ എന്ന ആനയെ തളച്ചത്. സംഭവത്തിൽ ആർക്കും പരിക്കേറ്റിട്ടില്ലെന്ന് അധികൃതർ വ്യക്തമാക്കി. ചാമുണ്ഡേശ്വരി ദേവിയുടെ വിഗ്രഹം വഹിച്ചുകൊണ്ടുള്ള ഘോഷയാത്രക്കിടെയായിരുന്നു സംഭവം. സാഗർ എന്ന മറ്റൊരു ആനയും അടങ്ങിയ ഘോഷയാത്ര തുടക്കത്തിൽ വളരെ ശാന്തതയോടെയായിരുന്നു നീങ്ങിയത്.
ഈ വർഷം പതിവിൽ നിന്നും മാറി സാഗറിന് പകരം സോമണ്ണയാണ് അമ്പാരി എടുത്തിരുന്നത്. ഈ മാറ്റമാണ് പ്രശ്നങ്ങൾക്ക് കാരണമെന്നാണ് നാട്ടുകാർ പറയുന്നതെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. രക്ഷാപ്രവർത്തനങ്ങളിലെ മികച്ച ട്രാക്ക് റെക്കോർഡ് മുൻനിർത്തിയാണ് വനംവകുപ്പ് സോമണ്ണയെ ഇതിനായി തിരഞ്ഞെടുത്തത്. എന്നാൽ മുൻനിരയിലേക്ക് മാറ്റിയതോടെ ആന ഭയപ്പെടുകയും ഇടുങ്ങിയ വഴിയിലൂടെ ഓടുകയുമായിരുന്നു.
ആൾക്കൂട്ടത്തിന്റെ ബഹളത്തിൽ പരിഭ്രാന്തനായ സോമണ്ണ കൂടുതൽ ആക്രമണകാരിയായി മാറുകയും അമ്പാരി താഴെയിടാൻ ശ്രമിക്കുകയും അതിന് കേടുപാടുകൾ വരികയും ചെയ്തു. തുടർന്ന് ആന ഒരു കാറിലിടിക്കുകയും മറ്റൊരു കാർ ഉയർത്താൻ ശ്രമിച്ചതായും ദൃക്സാക്ഷികൾ പറയുന്നു.
സ്ഥിതിഗതികൾ നിയന്ത്രണാതീതമായതിനെ തുടർന്ന് വെറ്ററിനറി ഡോക്ടർമാർ ആനയെ മയക്കുവെടി വെക്കുകയായിരുന്നു. തുടർന്ന് ആന ശാന്തനായി നിൽക്കുകയും, വനംവകുപ്പ് ഉദ്യോഗസ്ഥർ അമ്പാരി മാറ്റുകയും ആനയെ തളച്ച് കൂടാരത്തിലേക്ക് കൊണ്ടുപോവുകയും ചെയ്തു. ആനയെ ശാന്തനാക്കാൻ ശ്രമിക്കുന്നതിനിടയിൽ പരിക്കേറ്റ പാപ്പാനെ ആശുപത്രിയിലേക്ക് മാറ്റി. ഇതിനിടയിലും രണ്ടാമത്തെ ആനയായ സാഗർ യാതൊരു പരിഭ്രാന്തിയും കൂടാതെ ശാന്തമായി നടന്നു നീങ്ങുകയായിരുന്നു.
അധികൃതരുടെ പ്രതികരണം
"ആർക്കും പരിക്കേറ്റിട്ടില്ല എന്നത് ആശ്വാസകരമാണ്. ദസറ ആഘോഷങ്ങൾ തുടരുകയാണ്. സംഭവത്തിന്റെ കാരണങ്ങൾ അന്വേഷിച്ചു വരികയാണ്" ഡെപ്യൂട്ടി കമ്മീഷണർ പ്രഭുലിംഗ കവലികട്ടി വ്യക്തമാക്കി. ഇതൊരു അപ്രതീക്ഷിതവും ആകസ്മികവുമായ സംഭവമാണെന്നും അദ്ദേഹം വിശേഷിപ്പിച്ചു.
"സോമണ്ണ ഭയന്ന് അതിന്റെ കെട്ടിയിട്ടിരുന്ന സ്ഥലത്തേക്ക് മടങ്ങാൻ ശ്രമിക്കുകയാണ് ചെയ്തത്. ആരെയും ആക്രമിച്ചിട്ടില്ല. എന്നാൽ, പരിഭ്രാന്തി മൂലം ചില വാഹനങ്ങൾക്ക് കേടുപാടുകൾ വരുത്തി. അവസാന നിമിഷത്തെ മാറ്റങ്ങൾ അല്ല ഇതിന് കാരണം. ആനയെ സുരക്ഷിതമായി മാറ്റുന്നതിലാണ് ഇപ്പോൾ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്" എന്ന് ചീഫ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ് വ്യക്തമാക്കി.
