
മൂന്ന് മാസത്തെ പ്രൊബേഷൻ അവസാനിക്കുന്നതിന് ഏതാനും ദിവസങ്ങൾക്ക് മുമ്പ് ജോലിയിൽ നിന്ന് പിരിച്ചുവിട്ടതിന്റെ നിരാശ വെളിപ്പെടുത്തി യുവാവ് പങ്കുവച്ച സോഷ്യൽ മീഡിയ പോസ്റ്റാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധിക്കപ്പെടുന്നത്. ബെംഗളൂരുവിൽ നിന്നുള്ള യുവാവാണ് പോസ്റ്റ് ഷെയർ ചെയ്തിരിക്കുന്നത്. താൻ ചോരയും നീരും നൽകിയാണ് ആ റോളിൽ ജോലി ചെയ്തത് എന്നിട്ടും തന്റെ ടീമിനെ പിരിച്ചുവിടാൻ 10 മാസമായി ആലോചനയുണ്ട് എന്ന് സ്ഥാപകനിൽ നിന്നും അറിഞ്ഞപ്പോൾ ഞെട്ടിപ്പോയി എന്നാണ് യുവാവ് പറയുന്നത്.
ഒഴിവാക്കണമെന്ന് നേരത്തെ തന്നെ പദ്ധതിയിട്ടിരുന്ന തസ്തികകളിലേക്ക് സ്റ്റാർട്ടപ്പുകൾ പുതിയ ജീവനക്കാരെ നിയമിക്കുന്നത് എന്തിനാണ് എന്നാണ് യുവാവിന്റെ ചോദ്യം. ജീവൻ എന്ന യുവാവാണ് പോസ്റ്റ് ഷെയർ ചെയ്തിരിക്കുന്നത്. സ്റ്റാർട്ടപ്പിലെ ഇത്തരം സംസ്കാരത്തെ കുറിച്ചും ജീവനക്കാരെ ഒന്നും സംഭവിക്കാത്തതുപോലെ പിരിച്ചുവിടുന്നതിനെ കുറിച്ചുമാണ് യുവാവിന്റെ പോസ്റ്റ്. ജനുവരി 30 -നാണ് തന്നെ പിരിച്ചുവിടുന്നത്, തന്റെ പ്രൊബേഷൻ പൂർത്തിയാകുന്നതിന് ഏതാനും ദിവസങ്ങൾക്ക് മുമ്പായിരുന്നു ഇതെന്നും യുവാവ് പറയുന്നു.
ഈ റോളിലേക്ക് തന്റെ ചോരയും നീരും നൽകി. രാവിലെ 10 മുതൽ വൈകുന്നേരം 7 വരെ ദിവസം ജോലി ചെയ്തുവെന്നും യുവാവ് കുറിക്കുന്നു. എന്നാൽ, അതേസമയം കഴിഞ്ഞ ദിവസം സ്റ്റാർട്ടപ്പിന്റെ സ്ഥാപകൻ 9-10 മാസമായി ഈ ടീമിനെ പിരിച്ചുവിടാനുള്ള ചർച്ചകൾ നടക്കുന്നതായി സമ്മതിച്ചു. അങ്ങനെയാണെങ്കിൽ ആ ടീമിലേക്ക് എന്തിനാണ് ആളുകളെ ജോലിക്കെടുക്കുന്നത് എന്നാണ് യുവാവിന്റെ ചോദ്യം. ധാർമ്മികമായ അധപ്പതനമാണ് ഇത് കാണിക്കുന്നതെന്നും യുവാവ് പറയുന്നു.
പിരിച്ചുവിട്ടപ്പോൾ ഒന്നരമാസത്തെ ശമ്പളം വാഗ്ദ്ധാനം ചെയ്തിട്ടുണ്ട്. അതിന് നന്ദിയുണ്ടാവണമെന്നാണ് പറയുന്നത്. എന്നാൽ, തന്റെ കരിയറിലെ ഗ്യാപ്പിന് ആരാണ് ഉത്തരം പറയുക? മാനസികമായിട്ടുണ്ടായ ബുദ്ധിമുട്ടുകൾക്ക് ആരാണ് ഉത്തരം പറയുക? 2026 -ൽ ജോലി സുരക്ഷ എന്നത് ഒരു മിഥ്യയാണ്. ഇങ്ങനെ ജോലിക്കെടുത്ത് ഉടൻ പിരിച്ചുവിടുന്നതിനെതിരെ നാം ശബ്ദമുയർത്തിയില്ലെങ്കിൽ ഇവിടെ ഒന്നും മാറില്ല എന്നും യുവാവ് പറയുന്നു.
നിരവധിപ്പേരാണ് പോസ്റ്റിന് കമന്റുകൾ നൽകിയത്. ആവശ്യം കഴിഞ്ഞുകഴിയുമ്പോൾ വലിച്ചെറിയപ്പെടുന്നവരാണ് തങ്ങൾ എന്നറിയുന്നത് വലിയ വേദനയും പേടിയുമുണ്ടാക്കുന്ന കാര്യമാണ് എന്നാണ് പലരും പോസ്റ്റിന് കമന്റുകൾ നൽകിയിരിക്കുന്നത്.