
എട്ട് മണിക്കൂറും ഒമ്പത് മണിക്കൂറും നീണ്ടുനിൽക്കുന്ന ജോലി. വിരസമായ ഒരേപോലുള്ള ദിവസങ്ങൾ. ഇതിൽ നിന്നും ഒരു ബ്രേക്കെടുത്ത് ഒരു യാത്ര പോയാൽ കൊള്ളാം എന്ന് ചിന്തിക്കാത്തവർ വിരളമായിരിക്കും. ആ യാത്ര അല്പം നീണ്ടതാണെങ്കിൽ പറയുകയേ വേണ്ട. അത് തന്നെയാണ് ജർമ്മൻ ദമ്പതികളായ നിക്കും യാസും ചെയ്തത്.
29 വയസ്സുള്ള നിക്കും യാസും 2017 -ലാണ് തങ്ങളുടെ 9- 5 ജോലി ഉപേക്ഷിച്ച് ഓസ്‌ട്രേലിയയിലേക്ക് സാഹസികമായ ആറ് മാസത്തെ യാത്ര ആരംഭിക്കാൻ തീരുമാനിക്കുന്നത്. ഈ യാത്ര അവരുടെ ജീവിതത്തോടുള്ള കാഴ്ചപ്പാട് തന്നെ മാറ്റി. റോഡിനോടുള്ള ആവേശം കൂടി. അങ്ങനെ, ആറ് മാസത്തേക്ക് എന്ന് കരുതി തുടങ്ങിയ യാത്ര മൂന്ന് വർഷത്തെ ആഗോളയാത്രയായി മാറുകയായിരുന്നു.
2020 -ൽ, ദമ്പതികൾ ഏകദേശം 11 ലക്ഷം രൂപ വിലമതിക്കുന്ന ഒരു വാൻ വാങ്ങി. അടുത്ത ഏഴ് മാസം ആ വാൻ തങ്ങളുടെ ഇഷ്ടത്തിനും സൗകര്യത്തിനും വേണ്ടി മാറ്റിയെടുക്കാനുള്ള സമയമായിരുന്നു. അതിനായി അവർ ദിവസം 12 മണിക്കൂർ വാനിൽ പണിയെടുത്തു. അവരുടെ കഠിനാധ്വാനത്തിന് ഫലമുണ്ടായി, അവരുടെ യാത്രയ്‌ക്ക് ആവശ്യമായ എല്ലാ അവശ്യവസ്തുക്കളും സൗകര്യങ്ങളും ഉള്ള ഒരു മൊബൈൽ ഹോമായി ആ 11 ലക്ഷത്തിന്റെ വാൻ അപ്പോഴേക്കും മാറിയിരുന്നു.
ദമ്പതികൾ തന്നെയാണ് ഇലക്രിക്കൽ വർക്കും ഫർണിച്ചർ വർക്കും അടക്കം എല്ലാം ചെയ്തത്. സാധാരണ ഒരു വീട്ടിലേക്കാവശ്യമായ പാത്രങ്ങളും മറ്റും പാത്രമല്ല, ഒരു ആഡംബരജീവിതത്തിന് ഉതകുന്ന തരത്തിലുള്ള വസ്തുക്കളും അവർ തങ്ങളുടെ വാനിൽ ഒരുക്കിയിട്ടുണ്ട്. തങ്ങളുടെ വാനിൽ ഇപ്പോൾ സ്വപ്നജീവിതവും യാത്രയും നയിക്കുകയാണ് ഇവർ.
വാനിലെ കാഴ്ചകൾ പരിചയപ്പെടുത്തിക്കൊണ്ടുള്ള വീഡിയോയും ഇവർ സോഷ്യൽ മീഡിയയിൽ പങ്കുവച്ചിട്ടുണ്ട്.